24 November 2024, Sunday
KSFE Galaxy Chits Banner 2

ഭക്ഷ്യശൃംഖലകള്‍ തകരും; നാലിലൊന്ന് ജീവികള്‍ ഇല്ലാതായേക്കും

Janayugom Webdesk
മെല്‍ബണ്‍
December 20, 2022 11:14 pm

കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന വംശനാശത്തിന്റെ ആശങ്കാജനകമായ സാഹചര്യം സംബന്ധിച്ച് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. പരസ്പരം ആശ്രയിച്ച് ജീവിക്കുന്ന ജീവജാലങ്ങളുടെ വംശനാശം ജൈവവൈവിധ്യത്തിന്റെ മൊത്തത്തിലുള്ള നഷ്ടത്തെ എങ്ങനെ ത്വരിതപ്പെടുത്തുന്നുവെന്ന് ശാസ്ത്ര ജേണലായ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് 2100 ഓടെ നാലിലൊന്ന് ജീവജാലങ്ങളുടെ നഷ്ടത്തിന് കാരണമാകും. നേരിട്ടുള്ള പ്രത്യാഘാതങ്ങളിൽ നിന്ന് മാത്രം പ്രവചിക്കുന്നതിനേക്കാൾ 34 ശതമാനം വരെ കൂടുതൽ സഹ‑വംശനാശങ്ങൾ ഉണ്ടാകുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
കമ്പ്യൂട്ടർ മോഡലിങ് ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ കാലാവസ്ഥാ വ്യതിയാനവും ഭൂവിനിയോഗവും കാരണം വംശനാശം സംഭവിക്കുന്ന പരസ്പരബന്ധിതമായ ജീവജാലങ്ങളുടെ നഷ്ടം പ്രവചിക്കാന്‍ 15,000 ഭക്ഷ്യശൃംഖലകളാണ് ഉപയോഗിച്ചത്. 2050 ഓടെ ഭൂമി അതിന്റെ മൃഗങ്ങളുടെയും സസ്യങ്ങളുടെയും 10 ശതമാനം നഷ്ടത്തിന് സാക്ഷ്യം വഹിച്ചേക്കാമെന്നും നൂറ്റാണ്ടിന്റെ അവസാനത്തോടെ 25 ശതമാനം കവിയുമെന്നും വിശകലനത്തിലൂടെ കണ്ടെത്തി. 

ഇരയും വേട്ടക്കാരനും എന്ന അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ ഇരയ്ക്ക് സംഭവിക്കുന്ന വംശനാശം, കഴിക്കാന്‍ ഭക്ഷണമില്ലാത്ത അവസ്ഥയില്‍ വേട്ടക്കാരന്റെയും വംശനാശത്തിന് കാരണമാകുമെന്ന് പഠനത്തിന്റെ സഹ രചയിതാവായ ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കോറി ജെഎ ബ്രാഡ്‌ഷോ വ്യക്തമാക്കി. ഇപ്പോള്‍ ജനിക്കുകയും 70 വയസ് വരെ ജീവിക്കുകയും ചെയ്യുന്ന കുട്ടികൾ അവരുടെ ജീവിത കാലയളവില്‍ ആയിരക്കണക്കിന് ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നതിന് സാക്ഷ്യം വഹിക്കും. ഇതിൽ ചെറിയ പ്രാണികൾ, ധാരാളം സസ്യങ്ങൾ മുതൽ ആന പോലുള്ള വലിയ മൃഗങ്ങൾ വരെ ഉൾപ്പെടുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. 

സഹ വംശനാശം മൂലം ആഗോളതലത്തിൽ പരസ്പരബന്ധിതമായ ജീവജാലങ്ങൾക്ക് എങ്ങനെ അധിക നഷ്ടം സംഭവിക്കുമെന്ന് വിശകലനം ചെയ്യാനുള്ള ആദ്യ ശ്രമങ്ങളിലൊന്നാണ് പുതിയ പഠനമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

Eng­lish Sum­ma­ry: Food chains will col­lapse; A quar­ter of species may disappear

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.