3 July 2024, Wednesday
KSFE Galaxy Chits

ഓഗസ്റ്റ് മാസത്തിലെ പൊതുവിതരണത്തില്‍ മികച്ച നേട്ടവുമായി ഭക്ഷ്യവകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
August 31, 2021 9:14 pm

ഓഗസ്റ്റ് മാസത്തിലെ റേഷന്‍ വിതരണത്തിലും സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണത്തിലും ഭക്ഷ്യവകുപ്പ് കൈവരിച്ചത് ഉജ്ജ്വല നേട്ടമെന്ന് മന്ത്രി ജി ആര്‍ അനില്‍. 97 ശതമാനം കാര്‍ഡുടമകളും ഓഗസ്റ്റില്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. 93.74 ശതമാനം കാര്‍ഡുടമകള്‍ ഓണക്കിറ്റ് വാങ്ങിയതായും മന്ത്രി അറിയിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
85,06,306 കുടുംബങ്ങളിലേക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി 1,33,960 പേര്‍ തിങ്കളാഴ്ച വരെ കിറ്റ് വാങ്ങിയിട്ടുണ്ട്. എഎവൈ വിഭാഗത്തില്‍ 97.64 ശതമാനവും, പിഎച്ച്എച്ച് വിഭാഗത്തില്‍ 97.50 ശതമാനവും വിതരണം ചെയ്തു. മുന്‍ഗണനാവിഭാഗത്തില്‍ ഇനിയും കിറ്റ് കൈപ്പറ്റാത്തത് ഗൗരവമായി തന്നെ വകുപ്പ് പരിശോധിക്കും. ഈ കാര്‍ഡുകള്‍ അനര്‍ഹരുടെ കൈവശമാണോയെന്ന് വിശദമായി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 

ക്ഷേമസ്ഥാപനങ്ങളില്‍ 10,174 കിറ്റുകള്‍ വിതരണം ചെയ്തു. ഇതുവരെ 13 മാസങ്ങളിലായി 10 കോടിയിലധികം കിറ്റുകളാണ് ഭക്ഷ്യവകുപ്പ് ആകെ വിതരണം ചെയ്തത്. ഒരു മാസം കൊണ്ട് തന്നെ വിതരണം പൂര്‍ത്തിയാക്കാനായി. നവംബറില്‍ 100 ശതമാനം മുന്‍ഗണനാ കാര്‍ഡുകളും റേഷന്‍ വിഹിതം വാങ്ങിയെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ഓണക്കിറ്റിന് മികച്ച പ്രതികരണമാണ് പൊതുവേ ലഭിച്ചത്. പരമാവധി ഗുണനിലവാരമുള്ള സാധനങ്ങള്‍ വീടുകളിലേക്ക് എത്തിയെന്നത് യാഥാര്‍ത്ഥ്യമാണ്. വളരെ ചുരുങ്ങിയ സമയത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു. 

*പിഎച്ച്എച്ച്: ഒരു ലക്ഷം ഒഴിവുകള്‍ രണ്ട് മാസത്തിനകം നികത്തും
തിരുവനന്തപുരം: പിഎച്ച്എച്ച് കാര്‍ഡുകളിലെ ഒരു ലക്ഷം ഒഴിവുകള്‍ അര്‍ഹതയുള്ളവര്‍ക്ക് രണ്ട് മാസത്തിനകം നല്‍കാന്‍ നടപടിയെടുത്തതായി മന്ത്രി പറ‍ഞ്ഞു.അനര്‍ഹര്‍ കൈവശം വച്ചിരുന്ന 1,36,266 കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഈ ഒഴിവില്‍ നിന്നും എഎവൈ കാര്‍ഡുകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് നല്‍കാന്‍ ഇതിനോടകം നടപടി സ്വീകരിച്ചു.ആദിവാസി ഊരുകളിലെ വാതില്‍പ്പടി വിതരണം വിജയകരമായി നടപ്പാക്കി. എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് എന്ന നയത്തിന്റെ ഭാഗമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് കാര്‍ഡ് നല്‍കി. റേഷന്‍ ഡീലര്‍മാര്‍ക്കും, വിതരണക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളും കൃഷിക്കാരും സപ്ലൈക്കോയും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊയ്ത്തിന് മുന്നേ തീര്‍പ്പാക്കി. ലീഗല്‍ മെട്രോളജിയുടെ രണ്ട് ജില്ലാ ഓഫീസുകള്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

*എല്ലാ താലൂക്കിലും സ്വന്തം ഗോഡൗണുകള്‍ 

സ്വകാര്യ ഗോഡൗണുകള്‍ ഒഴിവാക്കി എല്ലാ താലൂക്കിലും വകുപ്പ് സ്വന്തം നിലയില്‍ ശാസ്ത്രീയ ഗോഡൗണുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യമന്ത്രി. ഇതിനായി പ്ലാനിങ് ബോര്‍ഡുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.വിതരണത്തിലെ പോരായ്മകളും ചോര്‍ച്ചകളും ഒഴിവാക്കാന്‍ മുന്‍കൈയെടുക്കും. നവംബറോടെ ഗോഡൗണുകളില്‍ ക്യാമറാ സംവിധാനം, വാഹനങ്ങളില്‍ ജിപിഎസ്, കൃത്യമായ നിരീക്ഷണ സംവിധാനം എന്നിവ നടപ്പാക്കും. റേഷന്‍ കടകള്‍ പുതിയ ലൈസന്‍സികളെ ഏല്പിക്കുന്നതില്‍ എല്ലാ നടപടിക്രമങ്ങളും ഉറപ്പാക്കും. 25 ശതമാനം സ്ത്രീകള്‍ക്കും, എട്ട് ശതമാനം പട്ടികജാതി വിഭാഗത്തിനും, രണ്ട് ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും, അഞ്ച് ശതമാനം ഭിന്നശേഷിക്കാര്‍ക്കും സംവരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഗ്രാമപ്രദേശങ്ങളിലടക്കം അത്യാധുനിക സൗകര്യങ്ങളുള്ള റേഷന്‍ കടകള്‍ സാധ്യമാക്കും. ഭക്ഷ്യ ധാന്യങ്ങള്‍ അര്‍ഹതപ്പെട്ടവരിലേക്ക് കൃത്യമായി എത്തിക്കും. അഴിമതിയെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല. 

*സ്മാര്‍ട്ട് കാര്‍ഡ് നവംബര്‍ ഒന്നു മുതല്‍

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്നു മുതല്‍ ലഭിക്കും. ആധാര്‍ കാര്‍ഡിന്റെ വലുപ്പത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ക്ക് 25 രൂപയാണ് ചെലവ് വരിക. ആവശ്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. തുടര്‍ന്ന് മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ തന്നെ കാര്‍ഡ് സ്മാര്‍ട്ടാക്കി നല്‍കും. സാധാരണ കാര്‍ഡ് നടപടിക്രമങ്ങളിലൂടെ തന്നെ റേഷന്‍ കാര്‍ഡുകള‍ സ്മാര്‍ട്ടായി മാറ്റിയെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

*സേവനമാക്കാന്‍ കഴിയുന്നവ സേവനമായി ഉള്‍ക്കൊള്ളണം

ഇന്നത്തെ സാമ്പത്തികാവസ്ഥ പരിഗണിച്ച് സേവനമാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ സേവനമായി തന്നെ ഉള്‍ക്കൊള്ളണമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷനോട് മന്ത്രി ജി ആര്‍ അനില്‍ അഭ്യര്‍ത്ഥിച്ചു. സമരത്തില്‍ നിന്ന് പിന്മാറാന്‍ നേരത്തേ തന്നെ സംഘടനയോട് ആവശ്യപ്പെട്ടിരുന്നതായും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.സംഘടനയുടെ ആവശ്യങ്ങളും ഉന്നയിച്ച വിഷയങ്ങളും തള്ളുന്നില്ല. എന്നാല്‍ കിറ്റ് വിതരണത്തിനായുള്ള തുക കണ്ടെത്തിയതെങ്ങനെയെന്നും വിതരണം നടത്തുന്ന സാഹചര്യവും ഉള്‍ക്കൊള്ളാന്‍ സംഘടന തയ്യാറാകണം.അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
eng­lish summary;Food Depart­ment achieves best in August pub­lic distribution
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.