സാമ്പത്തിക പ്രയാസങ്ങൾ ഉൾപ്പെടെ പിടിച്ചുലയ്ക്കുമ്പോഴും തെരുവിൽ വിശന്നിരിക്കുന്ന പാവങ്ങൾക്ക് അന്നവുമായെത്തുകയാണ് കോഴിക്കോട് പുതിയാപ്പ സ്വദേശിനിയായ അശ്വതി അച്ചു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശപ്പ് കടിച്ചമർത്തി കഴിയുന്നവരെ തേടി ഭർത്താവ് സഹദേവന്റെ ഓട്ടോയിൽ ഊണുമായെത്തുന്ന പതിവ് അശ്വതി തുടങ്ങിയിട്ട് അഞ്ചു വർഷങ്ങൾ പിന്നിട്ടു. പുതിയാപ്പ ഹാർബറിനടുത്ത് ചെട്ടിപ്പറമ്പത്ത് താഴത്താണ് അശ്വതിയുടെ ദേവകൈലാസം വീട്. വീട്ടിൽ ഉച്ചനേരത്ത് ആരെങ്കിലും വരുമ്പോൾ ഊണു വേണോ എന്ന് ചോദിക്കരുതെന്നും ഉള്ള ഭക്ഷണം എടുത്ത് നൽകുകയാണ് വേണ്ടതെന്നുമുള്ള അച്ഛന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് അശ്വതി അച്ചു പറയുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശമ്പളത്തിൽ നിന്നും മാറ്റിവെച്ച തുക കൊണ്ടായിരുന്നു തനിക്ക് കഴിയുമ്പോലെ അശ്വതി പാവങ്ങളെ അന്നമൂട്ടിയിരുന്നത്. ഊണും മീൻകറിയും പച്ചക്കറിയും അച്ചാറും ഉപ്പേരിയും ഉൾക്കൊള്ളുന്ന ഭക്ഷണപ്പൊതിയും ബോട്ടിലിൽ വെള്ളവുമായി ഓട്ടോയിൽ നഗരത്തിൽ കറങ്ങി, പ്രയാസപ്പെടുന്നവരിലേക്ക് ആശ്വാസമായി അശ്വതി എത്തിക്കൊണ്ടിരുന്നു.
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ ധനകാര്യ സ്ഥാപനത്തിലെ ജോലി അശ്വതി ഉപേക്ഷിച്ചു. ഇപ്പോൾ വീട്ടിൽ വെച്ച് മാസ്ക്ക് ഉൾപ്പെടെ തയ്ക്കലാണ് ജോലി. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും അവ വിതരണം ചെയ്യും. അമ്പലത്തിൽ ശാന്തിപ്പണിക്ക് പോവുന്ന ഭർത്താവിന് കുറേയധികം മുണ്ടുകളും മറ്റും ലഭിക്കും. ഇവ പാവപ്പെട്ടവർക്ക് നൽകിത്തുടങ്ങി. ഇപ്പോൾ പാവപ്പെട്ടവർക്കായി മുണ്ടും മറ്റു വസ്ത്രങ്ങളുമായും അശ്വതി എത്താറുണ്ട്. പ്രളയകാലത്തും ഭക്ഷണവും വസ്ത്രങ്ങളുമായി അശ്വതി ദുരിതബാധിതർക്ക് മുമ്പിലുണ്ടായിരുന്നു. കോവിഡ് കാലത്ത് ഭക്ഷണം കിട്ടാതെ അലഞ്ഞു നടക്കുന്ന നായ്ക്കൾ ആളുകളെ അക്രമിക്കാൻ വരെ തുടങ്ങിയതോടെ ഇവയ്ക്കുള്ള ഭക്ഷണവുമായും അശ്വതി എത്താറുണ്ടായിരുന്നു. എല്ലാ ചെലവുകളും സ്വന്തം നിലയിലായിരുന്നു ആദ്യം വഹിച്ചിരുന്നതെങ്കിലും വിവരമറിഞ്ഞ് ഇപ്പോൾ പലരും സഹായിക്കാൻ എത്താറുണ്ടെന്ന് അശ്വതി അച്ചു ജനയുഗത്തോട് പറഞ്ഞു. അശ്വതി അച്ചു എന്ന പേരിൽ ഫേസ് ബുക്ക് പേജ് വഴിയായിരുന്നു പിന്നീട് പ്രവർത്തനം ഏകോപിപ്പിച്ചത്. നിങ്ങൾക്ക് വേറെ പണിയില്ലേ എന്ന് ചോദിച്ചിരുന്നവർ പോലും ഇപ്പോൾ സഹായത്തിനെത്തുന്നുണ്ടെന്നും നഗരത്തിലെ പൊലീസുകാരുടെയും സർക്കാർ ജീവനക്കാരുടെയും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
അശ്വതിയുടെ യാത്ര ഇപ്പോൾ ഒറ്റക്കല്ല. സഹായിക്കാനായി പലരുമെത്തിയതോടെ അതൊരു സംഘടനയായി മാറിക്കഴിഞ്ഞു. തെരുവിൽ കഴിയുന്നവർ, നിരാലംബർ, അഗതി മന്ദിരങ്ങളിൽ കഴിയുന്നവർ എന്നിവർക്കെല്ലാം പൊതിച്ചോറെത്തിക്കുകയെന്ന ലക്ഷ്യത്തോടെ എ എം അന്നദാനം മഹാദാനം എന്ന പേരിൽ സംഘടന തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കാപ്പാട് കനിവ് സ്നേഹതീരത്തെ അഗതികൾക്ക് ഭക്ഷണം നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഒരു നേരത്തെ ഭക്ഷണം പാവപ്പെട്ടവർക്ക് നൽകാൻ സന്മനസ്സുള്ളവർക്ക് തങ്ങളെ സമീപിക്കാമെന്ന് അശ്വതി അച്ചു പറഞ്ഞു. ഫോൺ: 97462 73826.ഭർത്താവ് സഹദേവന്റെയും രണ്ട് മക്കളുടെയും പൂർണ്ണ പിന്തുണയാണ് മുന്നോട്ട് പോകാൻ കരുത്തു പകരുന്നതെന്നും അശ്വതി വ്യക്തമാക്കുന്നു.
English Summary: food donation of Aswathy gets viral
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.