19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 15, 2024
December 15, 2024
December 14, 2024
December 14, 2024
December 13, 2024
December 12, 2024
December 12, 2024
December 11, 2024
December 11, 2024

ഭക്ഷ്യവിലപ്പെരുപ്പം: കുതിപ്പ് തടഞ്ഞത് കര്‍ഷക സമരം

പ്രഭാത് പട്നായക്
September 24, 2023 4:45 am

രാജ്യത്തെ വിലക്കയറ്റത്തിന് മുഖ്യമായും കാരണമാകുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലയാണ്. 2023 ജൂലൈയിൽ, ചില്ലറ പണപ്പെരുപ്പം 7.44ശതമാനം ആയിരുന്നു. ധാന്യങ്ങൾ, പച്ചക്കറികൾ, പാലുല്പന്നങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉൾപ്പെടുന്ന ഭക്ഷ്യവിലപ്പെരുപ്പം 11.5ശതമാനത്തിലെത്തി. തക്കാളി തുടങ്ങിയ പച്ചക്കറികളുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച വിതരണ നിയന്ത്രണ നടപടികളിലൂടെ ഭക്ഷ്യവിലപ്പെരുപ്പം ഓഗസ്റ്റിൽ 10 ശതമാനമായി കുറഞ്ഞു. ഫലത്തില്‍ ആകെ ചില്ലറപണപ്പെരുപ്പ നിരക്ക് 6.83ശതമാനമായി കുറഞ്ഞു. എന്നാൽ ഭക്ഷ്യവിലപ്പെരുപ്പവും ആകെ ചില്ലറ പണപ്പെരുപ്പവും രാജ്യത്ത് അപകടകരമായി തുടരുകയാണ്.
സര്‍ക്കാരിന്റെ വിശദീകരണം ഉക്രെയ്ൻ യുദ്ധം മൂലമുണ്ടായ ദൗർലഭ്യം എന്നാണ്. ഉക്രെയ്ൻ യുദ്ധം തത്വത്തില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെങ്കിലും, ഭക്ഷ്യവിലയില്‍ നിലവിലുള്ള വർധനവ് ഇതുമായി ബന്ധപ്പെട്ട കണക്കുകളെ അധികരിപ്പിക്കുന്നു. ചില്ലറ ഭക്ഷ്യമേഖലയിൽ ലാഭവിഹിതം വര്‍ധിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകളും ധാരാളം.
ഭക്ഷ്യക്ഷാമം പ്രതീക്ഷിച്ചുള്ള കുത്തകകളുടെ ചെയ്തികളും “പണപ്പെരുപ്പ സാധ്യതകൾ” മുതലെടുക്കുന്ന സമീപനവും വില വർധനവിന് വഴിയൊരുക്കുന്നു. വൻതോതിലുള്ള ഭക്ഷ്യധാന്യ ശേഖരമുണ്ടെങ്കില്‍, പണപ്പെരുപ്പത്തിന് വഴിയൊരുക്കാനോ വില ഉയർത്തുന്നതിനോ ഉള്ള സാധ്യതകള്‍ ഇല്ലാതാകും.
ഭക്ഷ്യധാന്യ ശേഖരം സർക്കാരിന്റെ കൈവശമെങ്കില്‍ ഉപഭോക്താക്കൾക്ക് വിട്ടുനല്‍കുമെന്നും വിലയിടിവിനെ പ്രതിരോധിക്കുമെന്നും സാധാരണഗതിയില്‍ വിതരണക്കാര്‍ക്ക് ബോധ്യമുണ്ട്. ഭക്ഷ്യശേഖരം സ്വകാര്യവ്യക്തികളില്‍ കേന്ദ്രീകരിക്കുമ്പോള്‍ പലപ്പോഴും വില ഉയർത്തുന്നതിനുപകരം അവയുടെ നിലവാരം ഇടിച്ച്, ലാഭം കൂടുതല്‍ നേടുന്നതിനാകും മുന്‍ഗണന. കുത്തകകളും വന്‍കിട കച്ചവടക്കാരും മനഃപായസമുണ്ണുന്ന “വിലക്കയറ്റ പ്രതീക്ഷകൾ” ഫലിക്കണമെങ്കില്‍ വേണ്ട അനിവാര്യ സാഹചര്യം, ഭക്ഷ്യധാന്യങ്ങളുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും വിതരണശൃംഖലയിലെ പാളിച്ചകളാണ്.


ഇത് കൂടി വായിക്കൂ : പുതിയ പോരാട്ടങ്ങള്‍ പ്രഖ്യാപിച്ച് മഹിളാസംഘം സമ്മേളനം


പ്രതിശീർഷ ലോക ഭക്ഷ്യധാന്യ ഉല്പാദനം, 1979മുതൽ 82 വരെയുള്ള ത്രിവത്സരത്തിൽ 355 കിലോഗ്രാം ആയിരുന്നു. 2000-02 ആയപ്പോഴേക്കും ഇത് 343 കിലോ ആയി കുറഞ്ഞു. 2016–18 കാലയളവിൽ ഇത് 344 കിലോയായിരുന്നു.
2002 മുതൽ ധാന്യ ഉല്പാദനത്തിന്റെ ഒരുഭാഗം എത്തനോൾ നിര്‍മ്മാണത്തിലേക്ക് വഴിതിരിച്ചിരിക്കുകയാണ്. ലോക ജനസംഖ്യയുടെ ഉപഭോഗ ആവശ്യങ്ങൾക്കായി ധാന്യങ്ങളുടെ പ്രതിശീർഷ ലഭ്യത ചുരുങ്ങുകയും ചെയ്യുന്നു. 1991ൽ രാജ്യത്ത് പ്രതിശീർഷ ഭക്ഷ്യധാന്യ ലഭ്യത പ്രതിദിനം 510.1 ഗ്രാം ആയിരുന്നു. ഇത് 2019–20ൽ 501.8 ഗ്രാം ആയി കുറഞ്ഞു. മഹാമാരിക്കാലത്ത് സർക്കാർ ഭക്ഷ്യധാന്യ വിതരണം യഥാക്രമം 511.7 ഗ്രാം, 514.6 ഗ്രാം എന്നിങ്ങനെ ഉയർത്തി. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, ഔദ്യോഗിക കണക്കുകൾ പ്രകാരം വർധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്താനാകുമെങ്കിലും സർക്കാരിന്റെ പക്കൽ ഭക്ഷ്യധാന്യ ശേഖരം മുന്‍കാലത്തെക്കാള്‍ കുറവാണ് എന്ന യാഥാര്‍ത്ഥ്യം ഈ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മൊത്തം ഭക്ഷ്യധാന്യ ശേഖരം 52.335 ദശലക്ഷം ടൺ ആയിരുന്നു. അതിൽ 24.296 ദശലക്ഷം ടൺ അരിയും 28.039 ദശലക്ഷം ടൺ ഗോതമ്പും ഉൾപ്പെടുന്നു. ഇത് പൊതുവിതരണ സമ്പ്രദായത്തിന് ആവശ്യമായതിനെക്കാൾ കൂടുതലായിരുന്നു. എന്നാൽ കഴിഞ്ഞ ആറ് വർഷങ്ങളിലെ ശേഖരം ഇതിലും അധികമായിരുന്നു എന്നാണ് കണക്കുകള്‍. ഈ കണക്കുകള്‍ ഊഹക്കച്ചവടക്കാർക്ക് ധാന്യങ്ങൾ പൂഴ്ത്തിവയ്ക്കാനും പൊതുവിപണിയില്‍ വില ഉയർത്താനും കാരണമാകും. തങ്ങളുടെ കൈവശമുള്ള ഭക്ഷ്യധാന്യ ശേഖരം ഒഴിവാക്കി പൊതുവിപണിയിൽ ഭക്ഷ്യധാന്യ വിലക്കയറ്റം കുറയ്ക്കാമെന്ന് കരുതിയ കേന്ദ്ര സർക്കാരിന്റെ വിവേകശൂന്യമായ നയത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ ശേഖരത്തില്‍ കുറവുണ്ടാകുന്നത്.


ഇത് കൂടി വായിക്കൂ :നമ്മൾ പ്രതിമകളാകാതിരിക്കാൻ ശബ്ദിക്കുക, പോരാടുക


ഭക്ഷ്യ വിലക്കയറ്റത്തെ നേരിടാൻ രണ്ട് ബദൽ മാർഗങ്ങളുണ്ട്. ഒന്ന് ധനനയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പലിശനിരക്ക് വർധിപ്പിക്കൽ, വായ്പകൾ കർശനമാക്കൽ എന്നിങ്ങനെ. മുന്‍കാലങ്ങളില്‍ ഇത്തരം അവസരങ്ങളിൽ, “സെലക്ടീവ് ക്രെഡിറ്റ് കൺട്രോൾ” എന്ന നയത്തിനു കീഴിൽ, ഭക്ഷ്യധാന്യ മേഖലയ്ക്ക് നൽകിയിരുന്ന വായ്പ മാത്രമാണ് കർശനമാക്കിയിരുന്നത്. എന്നാൽ ഉദാരവല്‍ക്കരണ നയങ്ങളുടെ കാലഘട്ടത്തിൽ ഇത് ഉപയോഗശൂന്യമാക്കി, പകരം പലിശനിരക്ക് നയം നടപ്പിലാക്കി. പലിശ വര്‍ധിപ്പിക്കുകയും സമസ്ത മേഖലകളിലും വായ്പകള്‍ കര്‍ശനമാക്കുകയും ചെയ്തു. ഇത് ചെറുകിട സംരംഭങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിച്ചു. തൊഴിലില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്തു. മുതലാളിത്തത്തിന് ലാഭം പെരുപ്പിക്കാനുള്ള, പണപ്പെരുപ്പത്തിന് അനുകൂലമായ സാഹചര്യമാണ് ഇവിടെ ഒരുങ്ങുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള മറ്റൊരു മാർഗം പൊതുവിതരണ സമ്പ്രദായം വ്യാപിപ്പിക്കുകയാണ്. ഭക്ഷ്യവിതരണ സമ്പ്രദായം നിലനിൽക്കണമെങ്കിൽ പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള വിപുലമായ വില്പനയ്ക്ക് പിന്നാലെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വഴിയുള്ള സർക്കാർ സംഭരണം വർധിപ്പിക്കണം. ഈ വർഷത്തെ ഖാരിഫ് സീസണിൽ 52.1 ദശലക്ഷം ടൺ അരി സംഭരിക്കാനാണ് സർക്കാർ പദ്ധതി. നിലവിലെ ഭക്ഷ്യ വിലക്കയറ്റത്തെ മറികടക്കാൻ ഇത് തികച്ചും അനിവാര്യമായ നടപടിയാണ്.
കുപ്രസിദ്ധമായ മൂന്ന് കാർഷിക നിയമങ്ങളിലൂടെ നടപ്പാക്കാൻ ശ്രമിച്ച നടപടികളുടെ അസാധാരണമായ മണ്ടത്തരം വര്‍ത്തമാന സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കർഷക പ്രക്ഷോഭം കാർഷിക നിയമങ്ങള്‍ പിൻവലിക്കാന്‍ വഴിയായി. സംഭരണം സ്വകാര്യവൽക്കരിക്കുന്ന നിയമം പ്രാബല്യത്തിലായിരുന്നെങ്കില്‍ സ്വകാര്യമേഖലയുടെ കുതതന്ത്രങ്ങളില്‍ തുടരുന്ന പണപ്പെരുപ്പത്തെ ചെറുക്കാൻ സർക്കാരിന് ഒരു മാർഗവും ഉണ്ടാകുമായിരുന്നില്ല. ഭാഗ്യവശാൽ, കർഷകർ രാജ്യത്തെ രക്ഷിച്ചു. ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണം നിലനിൽക്കുന്നു. വൻതോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിക്കാതെ പണപ്പെരുപ്പത്തെ ചെറുക്കാന്‍ ഇതിലൂടെ ഇച്ഛാശക്തിയുള്ളൊരു സർക്കാരിന് കഴിയും.
(അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.