December 2, 2023 Saturday

നമ്മൾ പ്രതിമകളാകാതിരിക്കാൻ ശബ്ദിക്കുക, പോരാടുക

അജിത് കൊളാടി
വാക്ക്
September 12, 2023 4:07 am

സംസ്കാരം, ദേശീയത, വംശീയത എന്നീ ത്രിത്വത്തെ ഉപയോഗിച്ചുകൊണ്ടാണ് ഫാസിസം എവിടെയും തലപൊക്കിയിട്ടുള്ളത്. സംസ്കാരത്തെയും ദേശീയതയെയും വർഗീയതയുടെ പേരിൽ നിർവചിച്ചുകൊണ്ട്, അതിന്റെ അടിസ്ഥാനത്തിൽ ഒരു വംശീയ ഭരണകൂടം നിർമ്മിച്ചെടുക്കലാണ് ഫാസിസത്തിന്റെ ആത്യന്തിക ലക്ഷ്യം. അധികാരത്തിലെത്താൻ ജനാധിപത്യത്തെ ഉപയോഗിക്കുകയും സമ്പൂർണമായ ആധിപത്യം ലഭിച്ചുകഴിഞ്ഞാൽ ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്നു. അതാണ് ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നത്.
സാംസ്കാരിക പ്രവർത്തനത്തിന്റെ പ്രാധാന്യം ഹിറ്റ്ലർ മനസിലാക്കിയിരുന്നു. സാമൂഹിക ദുരന്തങ്ങളെ നേരിടാനും രാജ്യം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും, ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും പുനർജീവിപ്പിച്ച് നാടുനീളെ വ്യാപകമാക്കാൻ ഫാസിസ്റ്റ് രാഷ്ട്രീയം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഒരിക്കലും ഒരു പുതിയ കാര്യവും അകത്തു കടക്കാൻ കഴിയാത്ത കവചം കൊണ്ട് നമ്മുടെ ചിന്താശക്തിയെ, സ്നേഹ വാത്സല്യങ്ങളെ, വികാരങ്ങളെ, കോപതാപങ്ങളെ കവചിതമാക്കിത്തീർക്കുക എന്നത് മിക്കവാറും ഫാസിസത്തിന്റെ മൗലിക മാർഗമാണ്. ഹിറ്റ്ലർക്ക് സാഹിത്യകാരന്മാരെയും, ബുദ്ധിജീവികളെയും, അഭിപ്രായം പറയുന്നവരെയും കുറിച്ച് ഒരു മതിപ്പും ഉണ്ടായിരുന്നില്ല. കാരണം, അന്ന് ജർമ്മനിയിൽ അറിയപ്പെടുന്ന സാഹിത്യകാരന്മാരും ബുദ്ധിജീവികളും മറ്റും ജൂതവംശജരായിരുന്നു. അന്യവംശാധിപത്യം കാരണം ജർമ്മൻകാർക്ക് മഹത്തായ നേട്ടങ്ങൾ ഒന്നും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ഹിറ്റ്ലർ നിരന്തരം പറഞ്ഞു. ജനങ്ങൾക്കിടയിൽ മതേതരത്വവും, ജനാധിപത്യവും പറഞ്ഞ് ചിന്താക്കുഴപ്പവും, അനിശ്ചിതത്വവും ഉണ്ടാക്കുന്ന ജൂത‑ബോൾഷെവിക്ക് രചനകൾ കത്തിച്ചുകളയാൻ ഹിറ്റ്ലർ ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തും മുഗൾ സ്മാരകങ്ങൾ നശിപ്പിക്കണമെന്ന് തീവ്രമായ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുന്നു. ഫാസിസ്റ്റ് ആശയങ്ങൾക്കെതിരെയുള്ള പുസ്തകങ്ങൾ നശിപ്പിക്കുന്നു. പല ഗ്രന്ഥകർത്താക്കളെയും ഉന്മൂലനം ചെയ്തു. പണ്ടു ചാർവാകന്മാരെയും അവർ എഴുതിയ രേഖകളെയും നശിപ്പിച്ചതും ഇവിടെയാണ്.


ഇത് കൂടി വായിക്കൂ: ഗവര്‍ണര്‍മാരുടെ അമിതാധികാര പ്രവണതയെ കൂട്ടായി ചെറുക്കണം | JANAYUGOM EDITORIAL


മന്ദിരങ്ങൾ സ്വയം സംസാരിക്കണം എന്നതായിരുന്നു ഹിറ്റ്ലറുടെ തച്ചുശാസ്ത്രം. അതുകൊണ്ട് മന്ദിര നിർമ്മാണങ്ങൾക്ക് ഹിറ്റ്ലർ മുൻഗണന നൽകിയിരുന്നു. പള്ളികളും വീടുകളും തകർക്കുന്നതിൽ നാസികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇവിടെയും സംഘ്പരിവാർ, മുസ്ലിം പള്ളികൾ തകർക്കുന്നു. ക്രൈസ്തവ പള്ളികൾ തകർക്കുന്നു. മുഗൾ ഭരണത്തിന്റെ ചരിത്രം പഠിപ്പിക്കരുത്, അവർ തമസ്കരിക്കപ്പെടണം എന്ന് ഉറക്കെ പറയുന്നു. നമ്മുടെ പുതിയ പാർലമെന്റ് മന്ദിരം പണിതത് പുതിയ സ്മരണകൾ ഉണ്ടാകാനാണ്. പഴയ സാമ്രാജ്യാധിപതികളുടെ രാജസദസിന് സമാനമായ രീതിയിൽ, പുതിയ മന്ദിരം പണിത്, ചെങ്കോലും കിരീടവും അണിഞ്ഞ് സാമ്രാട്ട് ഭരിക്കുന്ന ആസ്ഥാനം നിർമ്മിച്ചു. ഹിറ്റ്ലറും അവിടെ പുതിയ മന്ദിരങ്ങൾ പണിതു. എന്തൊരു സമാനതയാണ് ഹിറ്റ്ലറുടെയും നമ്മുടെ പ്രധാനമന്ത്രിയുടെയും ചെയ്തികളിലും വാക്കുകളിലും.
ചരിത്രത്തെ ഒരു പ്രത്യേക കാലഘട്ടത്തിലേക്ക് പിന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഫാസിസം എവിടെയും സ്വീകരിക്കുന്ന തന്ത്രം. ഇറ്റലിയിലും, ജർമ്മനിയിലും ചെയ്തതു പോലെ ഇന്ത്യയിലും ഇത് ആവർത്തിക്കുന്നു. ഇന്ത്യയില്‍ ഇന്ന് ചരിത്രത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കപ്പെടുന്ന പ്രധാനപ്പെട്ട കരു, ഇന്ത്യൻ സംസ്കാരത്തിന്റെ അര്‍ത്ഥഭേദങ്ങൾ ആണ്.
ദീർഘകാലമായി ശൂദ്രർ എന്ന് വിളിക്കപ്പെട്ട് ജീവിച്ചു വരുന്ന ജനങ്ങളുടെ അടിമത്ത മനഃസ്ഥിതിയെ ചൂഷണം ചെയ്യാൻ വൈശ്യ, ബ്രാഹ്മണ വർഗങ്ങൾക്ക് കഴിയുന്നു എന്നത് ഇന്ത്യൻ സംസ്കാരത്തിലെ പ്രധാന ഘടകമാണ്. ഉയർന്ന ജാതിക്കാരനുള്ള ആജ്ഞാശക്തി ഉപയോഗിച്ചുകൊണ്ടാണ് പലപ്പോഴും ഇന്ത്യൻ രാഷ്ട്രീയം പ്രവർത്തിക്കുന്നത്.
അധ്വാനത്തിന്റെ വിഭജനവും അധ്വാനിക്കുന്നവരുടെ വിഭജനവും എന്ന നിലയ്ക്കാണ് വർണ വ്യവസ്ഥയ്ക്കും ഇന്നത്തെ ജാതി വ്യവസ്ഥയ്ക്കും ബ്രാഹ്മണ്യം രൂപം നൽകി നിലനിർത്തുന്നത്. ബ്രാഹ്മണ്യം മുന്നോട്ടുവയ്ക്കുന്നത് കർമ്മസിദ്ധാന്തമാണ്. അക്ഷരാർത്ഥത്തിൽ തന്നെ സാമൂഹ്യ ജീവിതത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ശൂദ്രരും, ദളിതരും, അനുഭവിക്കുകയും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അമാനുഷിക ചൂഷണവും, അടിച്ചമർത്തലും, മൃഗീയമായ പീഡനങ്ങളും ബ്രാഹ്മണ്യം കർമ്മസിദ്ധാന്തം വഴി ന്യായീകരിക്കുന്നു. ജാതിവ്യവസ്ഥ ഇന്നും ശക്തമാണ്. അത് സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ബ്രാഹ്മണ്യം കായിക അധ്വാനത്തെ പുച്ഛിക്കുകയും മാനസിക അധ്വാനത്തെ പുകഴ്ത്തുകയും ചെയ്യുന്നു.
ബ്രാഹ്മണ്യം സ്ത്രീകളെ അശുദ്ധരായി അവഹേളിക്കുന്നു. അവർ പുരുഷാധിപത്യത്തെ ഉത്തേജിപ്പിക്കുന്നു. ഉപനിഷദ് കാല കൃതികളിൽ സ്ത്രീപണ്ഡിതകളെ കുറിച്ച് പറയുന്നുണ്ട് എങ്കിലും പിന്നീടുവന്ന മനുസ്മൃതി പോലുള്ള കൃതികളിൽ സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും ഖണ്ഡിതമായി തന്നെ നിഷേധിക്കപ്പെട്ടു. ശൂദ്രരുടെ അതേ തട്ടിലാണ് സ്ത്രീകളെ കാണുന്നത്. ഈ പറഞ്ഞവയൊക്കെയാണ് ബ്രാഹ്മണ്യത്തിന്റെ സനാതന ധർമ്മങ്ങൾ.
ആര്യാവർത്തവും അതിലെ ജനങ്ങളുമാണ് ശ്രേഷ്ഠർ എന്ന ധാരണയിൽ നിന്ന് ഉടലെടുക്കുന്ന വംശീയ വെറി അടിമുടി നിലനിർത്തി പോരുന്ന ഒന്നാണ് ബ്രാഹ്മണ്യം. പ്രാകൃത ആശയശാസ്ത്രങ്ങളുടെ ആണിക്കല്ലാണ് ബ്രാഹ്മണ്യം. അതാണ് ഇന്ത്യ ഭരിക്കുന്നത്. മർദിതർക്കും ചൂഷണത്തിന് വിധേയമാകുന്നവർക്കും സ്ത്രീകൾക്കും അവർ അറിവ് നിഷേധിച്ചു. ശൂദ്രൻ വേദം കേൾക്കുന്നതു പോലും അപരാധമായി. അങ്ങനെ ചെയ്താൽ ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് കൽപ്പിച്ചവർ ആണ് അവർ. ഇത്തരത്തിലുള്ള മനുഷ്യ വിരുദ്ധ സമീപനങ്ങൾ കായികവും മാനസികവുമായ അധ്വാനങ്ങൾ തമ്മിൽ അപരിഹാര്യ വിടവ് സൃഷ്ടിച്ചു.
ബ്രാഹ്മണ്യ കൃതികളിൽ കൂടി ഒന്ന് കണ്ണോടിച്ചാൽ അത് നയിച്ചിരുന്ന സംസ്കൃതികൾ ഒരർത്ഥത്തിലും അഹിംസാത്മകമായിരുന്നില്ല എന്നു വ്യക്തമാകും. ഭരണകൂടാധികാരം പിടിച്ചെടുക്കാനും നിയന്ത്രിക്കാനും നിലനിർത്താനും ബലപ്രയോഗം ആവശ്യമാണെന്ന് ബ്രാഹ്മണ്യത്തിന്റെ ഗ്രന്ഥങ്ങൾ വിശദമായി പറയുന്നുണ്ട്. ബ്രാഹ്മണ്യത്തിന്റെ അതിപ്രാകൃത ചിന്തകളുടെ അപ്പോസ്തലന്മാർ ചിത്പാവൻ ബ്രാഹ്മണരാണ്. രാജ്യത്തെ സവർണരും ബ്രഹ്മത്തോട് അടുത്തു നിൽക്കുന്നതുമായത് എന്ന് കരുതപ്പെടുന്ന ചാതുർവർണ്യത്തിലെ ബ്രാഹ്മണർക്ക് മുകളിലാണ് ചിത്പാവൻ ബ്രാഹ്മണർ. അവരാണത്രെ ശ്രേഷ്ഠരിൽ ശ്രേഷ്ഠർ. കൊങ്കൺ പ്രദേശത്താണ് ചിത്പാവൻകാരുടെ ഉല്പത്തി. പരശുരാമസൃഷ്ടിയാണ് ഇവരുടെ വംശം എന്നും അവർ വിശ്വസിക്കുന്നു. സ്വതസിദ്ധമായ വംശീയബോധത്തിൽ കഴിയുന്നവരാണ് അവർ. രക്തശുദ്ധിയിലും വർണബോധത്തിലും അധിഷ്ഠിതമായ ജീവിതം നയിച്ചവരാണ് ചിത്പാവൻ വിഭാഗം. പിൽക്കാലത്ത് മറാത്ത സാമ്രാജ്യത്തിന്റെ പേഷ്വാമാരായി (പ്രധാനമന്ത്രി). അവർ ക്രമേണ കൊങ്കണിൽ നിന്ന് പൂനയിലേക്ക് കുടിയേറി. ആദ്യത്തെ പേഷ്വാ ബാലാജി വിശ്വനാഥ് ഭട്ട് ആണ്. ഛത്രപതി ശിവജിയുടെ മകൻ ഭരിക്കുന്ന കാലത്ത്. അന്നു മുതൽ അധികാരത്തിൽ നിന്ന് അവർണരെ ഒഴിവാക്കി. മഹർ ജാതിക്കാർ ബ്രാഹ്മണരിൽ നിന്ന് തീക്ഷ്ണമായ വിവേചനം അനുഭവിച്ചു. പകൽ സമയം പുറത്തിറങ്ങാൻ അനുമതിയില്ല മഹറുകൾക്ക്. സൂര്യപ്രകാശം ഇവരുടെ ദേഹത്ത് പതിക്കുന്നതുമൂലം ഭൂമിയിൽ മഹറുകളുടെ നിഴൽ വീഴുമത്രെ. അതിക്രൂരമായ വിവേചനം. അധികാരം ചിത്പാവൻ വിഭാഗത്തിന് രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. ഇതര ബ്രാഹ്മണ വിഭാഗങ്ങളെ പോലും അവർ പാർശ്വവൽക്കരിച്ചു. അവർണർ എങ്ങോ തള്ളിമാറ്റപ്പെട്ട് കാണാൻ പോലും പറ്റാത്തവരായി. ഇങ്ങനെയുണ്ടായ പൈശാചികമായ വിവേചനം അവസാനം മറാത്തയിലെ കൊറെഗോൺ നദിക്കരയിലെ രക്തരൂക്ഷിത യുദ്ധത്തിൽ കലാശിച്ചു, പേഷ്വാ ഭരണം അവസാനിച്ചു. ചിത്പാവൻകാരുടെ അധികാരം തകർന്നു. ദളിത് പീഡനത്തിനെതിരായ ബ്രാഹ്മണ വിരുദ്ധ വിജയമായിട്ടാണ് മഹറുകൾ അതിനെ കാണുന്നത്.


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


ചിത്പാവൻകാർ സ്വപ്നംകണ്ടത് സ്വതന്ത്ര രാഷ്ട്രഭരണം ആയിരുന്നു. ബ്രാഹ്മണ ദേശീയത നിറഞ്ഞു നിൽക്കുന്ന രാഷ്ട്രം. ചാതുർവർണ്യമാണ് അവരുടെ മുഖമുദ്ര. ഈ ചിത്പാവൻ ബ്രാഹ്മണരാണ് ആർഎസ്എസ്. സ്ഥാപകനായ ഹെഗ്ഡേവാർ മുതൽ മോഹൻ ഭാഗവത് വരെ. ബാലെ സാഹേബ് ദേവറസ് ചിത്പാവൻ വിഭാഗത്തിൽ ആയിരുന്നില്ല. സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം ചാതുർവർണ്യ പരിപാലനമാണ്. മോഹൻ ഭാഗവത് ഇപ്പോഴും പറയുന്നത് ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്ന്. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കൾ എന്ന്. എന്നുവച്ചാൽ വ്യത്യസ്ത സംസ്കാരവും അഭിപ്രായവും പാടില്ല. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ സംസ്കാരം സ്വീകരിച്ച് അവർക്ക് വിധേയമായി കഴിയുക. ഇത് പണ്ടേ ഗോൾവാൾക്കർ പറഞ്ഞതാണ്. തിലകനും സവർക്കറും ചിത്പാവൻ ബ്രാഹ്മണരാണ്. തിലകൻ നേതൃത്വം കൊടുത്ത ദേശീയ പ്രസ്ഥാനത്തിന്റെ, എക്കാലത്തെയും ഏറ്റവും വലിയ നേതാവായി ഗുജറാത്തിലെ വൈശ്യനായ ഗാന്ധിജി കയറി വന്നപ്പോൾ, ശ്രേഷ്ഠ ബ്രാഹ്മണനായ സവർക്കർക്ക് അത് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. അതാണ് അവരുടെ ഗാന്ധി വിരോധത്തിന്റെയും അവസാനം ഗാന്ധി വധത്തിന്റെയും കാരണം. ഗാന്ധി വധത്തിൽ സവർക്കർ പ്രതിയാണെന്ന് ഓർക്കുക.
ഫാസിസ്റ്റ് തന്ത്രം ആദ്യം ഉണ്ടാക്കുക, എന്നിട്ട് നിഷ്കാസനം ചെയ്യുക. ഇതൊരു അമാനുഷിക ആശയത്തെ ആശ്രയിച്ചിരിക്കുന്നു. ലോകം ഭരിക്കേണ്ടത് അമാനുഷരാണ്, മനുഷ്യരല്ല. ഇതിലെ കുഴപ്പം ഏതു അമാനുഷനും താൻ അമാനുഷനെന്ന് സ്വയം കരുതുന്നവരാണ് എന്നതാണ്. പിന്നീട് തനിക്കൊരു സ്വേച്ഛാധിപതിയാകാനും കഴിയുമെന്നു കരുതും. അവർ അങ്ങനെ അമാനുഷരെന്ന് സ്വയം കരുതും. അതിന്റെ ഉദാഹരണമാണ് ഹിറ്റ്ലർ. ഇപ്പോൾ ഇന്ത്യയിലും നാം അത് കാണുന്നു.
ആശയാദർശങ്ങളെ അതിന്റെ തന്മാത്രാ രൂപത്തിൽ വ്യാപിപ്പിക്കുന്നതിൽ ആർഎസ്എസ് എക്കാലവും സജീവമായിരുന്നു. വർഗീയ വികാരം ആളിക്കത്തിക്കാൻ മിത്തിക്കൽ ചരിത്രത്തെ അവർ പ്രതിഷ്ഠിക്കുന്ന, പ്രചരിപ്പിക്കുന്ന കാഴ്ച നാം കാണുന്നു. ഇതിനെ പ്രതിരോധിച്ചേ മതിയാകൂ.


ഇത് കൂടി വായിക്കൂ: യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം


വ്യത്യസ്തതകളെ വിരോധങ്ങളാക്കി മാറ്റുന്ന, ചരിത്രത്തെ തള്ളി മിത്തിനെ പ്രതിഷ്ഠിക്കുന്ന, അറിവിനു പകരം മുൻവിധികളെ ആരാധിക്കുന്ന, സമാധാനം ഭീരുക്കളുടെ സ്വപ്നം മാത്രമാണെന്നും യുദ്ധങ്ങൾ മാത്രമാണ് സത്യമെന്നും വിശ്വസിക്കുന്ന, സ്വന്തം രാജ്യത്തെ ജനങ്ങളിൽ ഒരു വലിയ വിഭാഗത്തെ ആഭ്യന്തര ശത്രുക്കളായി അടയാളപ്പെടുത്തുന്ന, വികേന്ദ്രീകരണത്തെ വിഘടന വാദമെന്ന് വിളിക്കുന്ന, ജനാധിപത്യം മൂഢന്മാരുടെ ആശയമാണെന്ന് കരുതുന്ന, മനുവിനെ മഹാനായ നയദാതാവെന്ന് വാഴ്ത്തുന്ന, സംവരണം ഉരുകിച്ചേരലിന് തടസമാവുമെന്ന് വാദിക്കുന്ന, അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളെ ‘പ്രീണന’ മായി മുദ്രകുത്തുന്ന, വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെ വിവിധ പേരുകൾ വിളിച്ച് മുദ്രകുത്തുന്ന, സർവരും ഒരേ സമയം ‘ഗുരുവും ശിഷ്യരുമാണ്’ എന്നതെങ്കിലും മനസിലാക്കുന്നതിനു പകരം ‘ഭാരതം’ മാത്രമാണ് ‘ലോക ഗുരു, വിശ്വഗുരു’ എന്ന മന്ത്രം ജപിക്കുന്ന, സ്വയം വാഴ്ത്തുന്ന, പൊതുമേഖലയെ സ്വകാര്യ മേഖലയ്ക്കു വിൽക്കുന്ന, രാജ്യത്തെ വൻമൂലധനശക്തികൾക്ക് അടിയറവയ്ക്കുന്ന, സാമ്രാജ്യത്തെയും, സയണിസത്തെയും, ജാതിമേൽക്കോയ്മയെയും ഒരേ സമയം ആശ്ലേഷിക്കുന്ന പ്രസ്ഥാനമാണ് ഫാസിസം. അതിഭീകരമാണ് അത്.
സനാതനത്വത്തിന്റെ മഹത്വം പാടി ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കാൻ ബ്രാഹ്മണ്യം ഹിംസാതാണ്ഡവമാടുമ്പോൾ, സനാതന ധർമ്മത്തെ സധൈര്യം വിമർശിക്കുകയും, സമ്പൂർണമായി കയ്യൊഴിയാൻ എല്ലാ കീഴ്ജാതിക്കാരോടും ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവും, മഹാത്മാ ഫൂലെയും, സഹോദരൻ അയ്യപ്പനും, പെരിയോറും ഇവിടെ ഉണ്ടായിരുന്നു എന്ന് മറക്കരുത്.
നിശബ്ദമാകരുത്. നിങ്ങളുടെ നിശബ്ദത നിങ്ങളെ തെറ്റുകാരനാക്കും. തെറ്റിദ്ധരിക്കാനിടയാക്കും. അഭിപ്രായം പറയണം ഫാസിസത്തിനെതിരെ. ഭയമുണ്ടാക്കി പിൻവാങ്ങിക്കുക, വശത്താക്കുക, കീഴടക്കുക എന്ന ഫാസിസ്റ്റ് തന്ത്രത്തെ അതിശക്തമായി പ്രതിരോധിക്കണം. പ്രതിസന്ധികൾ അതിജീവിക്കാൻ ധീര സ്വരങ്ങൾ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.