5 November 2024, Tuesday
KSFE Galaxy Chits Banner 2

പൊതുവിതരണത്തിന് ഭക്ഷ്യവസ്തുക്കള്‍ അനുവദിക്കണം

Janayugom Webdesk
December 18, 2023 5:00 am

കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളെ തുടര്‍ന്ന് ഉല്പാദനക്കുറവും കേന്ദ്ര സര്‍ക്കാരിന്റെ സംഭരണ നയത്തില്‍ സ്വീകരിക്കുന്ന തെറ്റായ സമീപനങ്ങളും കാരണം രാജ്യത്ത് അരി ഉള്‍പ്പെടെ അവശ്യ വസ്തുക്കളുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ചില്ലറ, മൊത്ത വിപണിയില്‍ പണപ്പെരുപ്പ നിരക്കില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യം അസാധാരണമായ പണപ്പെരുപ്പവും വിലക്കയറ്റവും നേരിടുന്നുവെന്ന ഔദ്യോഗിക സൂചികകള്‍ പുറത്തുവന്നിരിക്കുന്നു. ചില്ലറ വിപണന രംഗത്തെ പണപ്പെരുപ്പ നിരക്ക് നവംബറില്‍ മൂന്നുമാസത്തെ ഉയര്‍ന്ന നിലയാണ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ 4.87 ശതമാനമായിരുന്ന നിരക്കാണ് നവംബറില്‍ 5.55 ശതമാനത്തിലേക്ക് ഉയര്‍ന്നത്. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്നുമുണ്ട്. ഭക്ഷ്യവില പണപ്പെരുപ്പം ഒക്ടോബറിലെ 6.61ല്‍ നിന്ന് 8.7 ശതമാനത്തിലധികമായി. കഴിഞ്ഞ മൂന്ന് മാസവും നിരക്ക് വര്‍ധിക്കുന്ന പ്രവണതയാണ് കാട്ടിയതും. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് അടുത്ത മാസങ്ങളിലും വര്‍ധനയുണ്ടാകുമെന്നാണ് നിഗമനം.

ഡിസംബര്‍ 14ന് സര്‍ക്കാര്‍ പുറത്തുവിട്ട നവംബർ മാസത്തെ മൊത്തവില സൂചിക പ്രകാരവും വില ഉയര്‍ന്നുനില്‍ക്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തവിലപ്പെരുപ്പം കഴിഞ്ഞ മാസത്തെ നെഗറ്റീവ് 0.52 ശതമാനത്തില്‍ നിന്ന് ഉയര്‍ന്ന് പോസിറ്റീവ് 0.26 ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കൾ, ധാതുക്കൾ തുടങ്ങിയ പത്തോളം ഉല്പന്നങ്ങളുടെ വില വര്‍ധനയാണ് മൊത്തവിപണിയിലെ പണപ്പെരുപ്പത്തിനും കാരണമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഭക്ഷ്യ വസ്തുക്കളുടെ വില മുൻ മാസത്തെ അപേക്ഷിച്ച് 2.62 ശതമാനമാണ് നവംബറിൽ വർധിച്ചിരിക്കുന്നത്. മൊത്ത വിലയിലെയും ചില്ലറ വിലയിലെയും നിരക്കിലുള്ള വ്യത്യാസം മറ്റൊരു ചൂഷണം കൂടി തുറന്നുകാട്ടുന്നുണ്ട്. മൊത്തക്കച്ചവടക്കാര്‍ സമാഹരിക്കുന്ന ഉല്പന്നങ്ങള്‍ ചില്ലറ വില്പന വിപണിയിലെത്തുമ്പോള്‍ സമാഹരിക്കുന്ന കൊള്ളലാഭത്തെയാണ് ഇത് വ്യക്തമാക്കുന്നത്. തങ്ങളുടെ സംഭരണം, നേരിയ ലാഭം എന്നിവ മാത്രമാണ് ഈടാക്കപ്പെടുന്നതെങ്കില്‍ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതായിരിക്കേണ്ടതാണ്. കാലാവസ്ഥാപരമായ കാരണങ്ങളാല്‍ ഉല്പാദനത്തില്‍ കുറവുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. പ്രമുഖ അരിയുല്പാദക സംസ്ഥാനങ്ങളില്‍ ഒന്നായ ആന്ധ്രാപ്രദേശില്‍ മഴക്കുറവുകാരണം അഞ്ചുലക്ഷം ഏക്കര്‍ സ്ഥലത്തെ വിളിവിറക്കലിന് തടസമുണ്ടായി. കടുത്ത വരള്‍ച്ചയുണ്ടായതിനാല്‍ കൃഷിയിറക്കിയ 10–20 ശതമാനം സ്ഥലത്തെ വിളകൾ ഉണങ്ങുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മാ വര്‍ധനവും ഘടനാപരമായ പ്രതിസന്ധിയും


സംസ്ഥാനത്തെ 100ലധികം മണ്ഡലങ്ങളെയാണ് വരൾച്ച ബാധിച്ചതായി പ്രഖ്യാപിച്ചത്. കൂടുതല്‍ അരി ഉല്പാദിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതിയും ഇതിന് സമാനമാണ്. അതുകൊണ്ട് വിപണിയില്‍ ലഭ്യതക്കുറവുണ്ടായതാണ് പ്രധാനമായും വിലക്കയറ്റത്തിനു കാരണമായിരിക്കുന്നത്. ഇനിയും വില കൂടുമെന്നതിനാല്‍ മുന്‍കാലത്ത് സംഭരിച്ച് സൂക്ഷിച്ചിരിക്കുന്നത് പുറത്തിറക്കുവാന്‍ മൊത്തക്കച്ചവടക്കാര്‍ സന്നദ്ധമാകുന്നുമില്ല. ഇതേസമീപനമാണ് കേന്ദ്ര സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ നല്‍കിയ മറുപടിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ സംഭരണികളില്‍ അധിക ഭക്ഷ്യധാന്യം ഇപ്പോഴുണ്ട്. 193.12 ലക്ഷം മെട്രിക് ടണ്‍ അരി സര്‍ക്കാരിന്റെ കയ്യിലുണ്ട്. സംഭരണ മാനദണ്ഡമനുസരിച്ച് 102.50 ലക്ഷം മെട്രിക് ടണ്‍ വേണ്ടിടത്താണിത്. ഗോതമ്പിന്റെ സ്ഥിതിയും സമാനമാണ്. 205.20 ലക്ഷം മെട്രിക് ടണ്ണിന് പകരം 239.95 ലക്ഷം മെട്രിക് ടണ്‍ സര്‍ക്കാരിന്റെ സംഭരണിയിലുണ്ട്. എന്നാല്‍ അവ പൊതു വിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനു പകരം പൊതുലേലത്തില്‍ സ്വകാര്യ സംരംഭകര്‍ക്ക് വാങ്ങാവുന്നതിന്റെ തോത് ഉയര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ലേലത്തില്‍ വാങ്ങാവുന്ന അരിയുടെ അളവ് 1000ത്തില്‍ നിന്ന് 2000 മെട്രിക് ടണ്‍ വരെ ആഴ്ച തോറും ഇ — ലേലത്തിലൂടെ സമാഹരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിപണി വിലയില്‍ കുറവുണ്ടാകുന്നതിന് സഹായകമാകുമെന്ന് പറഞ്ഞാണ് എഫ്‌സിഐ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ മൊത്തക്കച്ചവടക്കാര്‍ക്ക് കൂടുതല്‍ അരി സംഭരിക്കുന്നതിന് അവസരമുണ്ടാകുമെന്നും വില കുറയുമെന്നുമാണ് സര്‍ക്കാര്‍ വാദം.

ഫലത്തില്‍ പൂഴ്ത്തിവയ്പിനും കൂടുതല്‍ വിലക്കയറ്റത്തിനുമാണ് ഇത് ഇടയാക്കുക. തീരുമാനമെടുത്ത ആദ്യ ദിനങ്ങളില്‍ ലേലം പിടിക്കുവാന്‍ സ്വകാര്യകച്ചവടക്കാര്‍ വന്നില്ലെന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ആരും വരാതിരിക്കുമ്പോള്‍ ലേലത്തുകയില്‍ കുറവുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കും. അപ്പോള്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യുമെന്ന് വ്യാപാരികള്‍ക്ക് അറിയാം. അതിനുള്ള തന്ത്രമാണ് മൊത്തക്കച്ചവടക്കാര്‍ പയറ്റുന്നത്. അതിന് സഹായകമാകുന്ന തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്യുന്നു. കേരളം പോലെ ഉപഭോക്തൃ സംസ്ഥാനങ്ങളാണ് ഭക്ഷ്യധാന്യ വിലക്കയറ്റത്തിന്റെ പ്രത്യാഘാതം നന്നായി അനുഭവിക്കേണ്ടിവരുന്നത്. അതുകൊണ്ടാണ് ഇവിടെ ഫലപ്രദമായ പൊതുവിതരണ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ സംവിധാനങ്ങള്‍ക്ക് വിഹിതം വര്‍ധിപ്പിച്ച് കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. അല്ലാത്ത ചെപ്പടി വിദ്യകള്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതിന് മാത്രമേ സഹായകമാകൂ.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.