പുതുതായി ഒരു ശിശു ജനിക്കുമ്പോള്‍ പുതുതായി ഒരമ്മയും ജനിക്കുകയാണ്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ എങ്ങനെയെല്ലാം പരിചരിക്കണം എന്നത് വളരെ ആശങ്കയേറിയതാണ്. അണുകുടുംബങ്ങളും ഉറക്കമില്ലാത്ത രാത്രികളും അശാസ്ത്രീയമായി പലരും നല്‍കുന്ന ഉപദേശങ്ങളുമെല്ലാം ചില മാതാപിതാക്കളെയെങ്കിലും മാനസിക സംഘര്‍ഷത്തില്‍ എത്തിക്കാറുണ്ട്.
1. കുഞ്ഞിന് എപ്പോഴെല്ലാം പാല്‍ നല്‍കണം, എത്ര മണിക്കൂര്‍ ഉറങ്ങണം?
കുട്ടിക്ക് ആദ്യ കുറച്ചു ദിവസങ്ങളില്‍ രണ്ട് — മൂന്ന് മണിക്കൂര്‍ ഇടവിട്ട് പാല്‍ നല്‍കേണ്ടതാണ്. അതിനുശേഷം കുഞ്ഞ് വിശപ്പിന്റെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ പാല്‍ നല്‍കുക (feeding on demand). ഒരു സ്തനത്തിലെ പാല്‍ പൂര്‍ണ്ണമായി നല്‍കിയതിനു ശേഷവും വിശപ്പ് തോന്നുന്നുണ്ടെങ്കില്‍ അടുത്ത സ്തനത്തില്‍ നിന്ന് പാല്‍ നല്‍കാവുന്നതാണ്. ദിവസം 6 തവണയെങ്കിലും മൂത്രം പോകുന്നുണ്ട് ക്രമാതീതമായി തൂക്കം വയ്ക്കുകയും ആവശ്യത്തിന് ഉറക്കവും കിട്ടുന്നുണ്ടെങ്കില്‍ കുഞ്ഞിന് പാല്‍ തികയുന്നുണ്ടെന്ന് മനസ്സിലാക്കാം. പൂര്‍ണ്ണ ആരോഗ്യവാനായ കുഞ്ഞ് ദിവസത്തില്‍ 14 മുതല്‍ 18 മണിക്കൂര്‍ വരെ ഉറങ്ങുന്നു. നമ്മള്‍ ഉറങ്ങുന്നത് പോലെയുള്ള ഒരു ദിനചര്യയിലേക്ക് കുട്ടി മാറണമെങ്കില്‍ മാസങ്ങളെടുക്കും.
2. കുഞ്ഞിന് പാല്‍ കിട്ടുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?
കുഞ്ഞിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അമൃതാണ് അമ്മിഞ്ഞപ്പാല്‍. അത് തികയുമോ എന്ന് ആലോചിച്ച് ആശങ്കപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ആദ്യ ദിവസങ്ങളിലെ കൊളസ്ട്രം കുഞ്ഞിന് നല്‍കുകയും തുടരെ മുല വലിച്ച് കുടിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ പാല്‍ ഉല്‍പാദനം കൂടുന്നു. പാല് കുടിച്ച് കഴിഞ്ഞ് സുഖകരമായി ഉറങ്ങുകയും ആറ് തവണയെങ്കിലും ദിവസത്തില്‍ മൂത്രമൊഴിക്കുകയും തൂക്കം വയ്ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ കുഞ്ഞിന് പാല്‍ തികയുന്നുണ്ടെന്ന് മനസ്സിലാക്കാം. ഗാര്‍ഹിക അന്തരീക്ഷത്തില്‍ ആശങ്കകള്‍ ഒഴിവാക്കുകയും പാല്‍ കൊടുക്കുമ്പോള്‍ വേണ്ട സ്വകാര്യതയും ആവശ്യത്തിനുള്ള വിശ്രമവും ഉറപ്പു വരുത്തിയാല്‍ മുലയൂട്ടല്‍ അമ്മയ്ക്ക് ആനന്ദകരമായ അനുഭവം ആകും.
3. കുഞ്ഞ് കരയുമ്പോഴൊക്കെ പാല്‍ കൊടുക്കേണ്ടതുണ്ടോ?
നവജാത ശിശുവിന്റെ ആശയവിനിമയ മാര്‍ഗ്ഗം കരച്ചില്‍ മാത്രം ആയതിനാല്‍ എല്ലാ കരച്ചിലും പാല്‍ കുടിക്കാന്‍ ആകണമെന്നില്ല. മൂത്രമൊഴിച്ച് തുണി നനഞ്ഞാലോ, തണുത്താലോ, വയറു വേദനയോ ചെവി വേദനയോ എടുത്താലോ കുഞ്ഞ് കരയും. ഒരമ്മയ്ക്ക് ആദ്യ ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് എന്തിനു വേണ്ടിയാണ് കരയുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. 2 — 3 മണിക്കൂര്‍ ഇടവിട്ട് പാല്‍ നല്‍കുന്നതാകും കൂടുതല്‍ നല്ലത്.
4. ജോലിക്ക് പോയി തുടങ്ങുമ്പോള്‍ എന്ത് ചെയ്യണം?
മുലപ്പാല്‍ കുഞ്ഞിന്റെ ജന്മാവകാശം ആയതുകൊണ്ടുതന്നെ ആറുമാസം വരെ മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കുഞ്ഞിന് കൊടുക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യമായ അവധി നല്‍കണമെന്ന് ഗവണ്‍മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജോലിക്ക് പോകുമ്പോള്‍ പിഴിഞ്ഞെടുത്ത് അണുവിമുക്തമായ ഒരു സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ച് വയ്ക്കുകയും സ്പൂണ്‍ ഉപയോഗിച്ചോ, ഗോകര്‍ണം (Paladai) ഉപയോഗിച്ചോ നല്‍കുകയും ചെയ്യാവുന്നതാണ്. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ആറ് മാസത്തിനു മുമ്പ് കുഞ്ഞിനെ മാറ്റി വിദേശത്തേക്ക് പോവുകയാണെങ്കില്‍ ശിശുരോഗ വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രം പിന്നീടുള്ള ആഹാരക്രമം നിശ്ചയിക്കുക. അമ്മയ്ക്ക് പനി ഉള്ളപ്പോഴും പാല്‍ കൊടുക്കുന്നതിന് തടസ്സമില്ല. മുലപ്പാലിലൂടെ അല്ല ഈ അണുക്കള്‍ പകരുന്നത് എന്ന് മനസ്സിലാക്കുകയും, വേണ്ട വ്യക്തി ശുചിത്വം പാലിക്കുകയുമാണ് പ്രധാനം. ജോലിക്ക് പോയി വന്നതിന് ശേഷം ഉടനെ പാല്‍ കൊടുക്കുന്നതിനും പ്രശ്‌നമില്ല. മുലപ്പാല്‍ കെട്ടി നിന്ന് കേടാകും എന്ന വിശ്വാസം തെറ്റാണ്.
5. മുലപ്പാല്‍ നല്‍കുന്ന അമ്മയ്ക്ക് ആഹാര നിയന്ത്രണം ആവശ്യമാണോ?
ആഹാരക്രമത്തില്‍ അനാവശ്യമായ നിയന്ത്രണങ്ങളോ പഥ്യമോ വരുത്തേണ്ട ഒരു സമയമല്ല മുലയൂട്ടുന്ന സമയം എന്ന് മനസ്സിലാക്കുക. മാംസാഹാരങ്ങളും ഫലവര്‍ഗ്ഗങ്ങളും അടങ്ങിയ സമീകൃത ആഹാരം ഉള്‍പ്പെടുത്തുക. മുലപ്പാല്‍ കൊടുക്കുമ്പോള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതല്ലാതെയുള്ള മരുന്നുകള്‍ കഴിക്കുകയോ വെള്ളം കുടി കുറയ്ക്കുകയോ ചെയ്യരുത്. മുലയൂട്ടുന്ന അമ്മമാര്‍ രണ്ടര ലിറ്റര്‍ വെള്ളം വരെ കുടിക്കേണ്ടതുണ്ട്. പാല്‍ കൊടുക്കുന്നതിന് മുമ്പും പിന്‍പും ഓരോ ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. Calcium, iron tablet കഴിക്കാനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക (പയര്‍, ഇറച്ചി, മുട്ട, മീന്‍).
6. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം കുഞ്ഞിനെ കുളിപ്പിക്കാവുതാണ്. തൂക്കക്കുറവുള്ള കുട്ടികളെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കുളിപ്പിക്കാന്‍ പാടുള്ളു. കുളിപ്പിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉണങ്ങിയ തുണികൊണ്ട് വെള്ളം ഒപ്പി കളയേണ്ടതുമാണ്. കുളിപ്പിക്കുന്ന സമയത്ത് കുഞ്ഞിന്റെ മാറിടത്തില്‍ നിന്ന് പാലുപോലുള്ള ദ്രാവകം ഞെക്കി കളയണമെന്ന തെറ്റിദ്ധാരണ പലപ്പോഴും പലരും വച്ചു പുലര്‍ത്തുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് അണുബാധ ഉണ്ടാകാന്‍ ഇടവരുത്തുന്നു.
7. ഇക്കിള്‍, തുമ്മല്‍, കമട്ടല്‍ ഇവയ്ക്ക് ചികിത്സ ആവശ്യമുണ്ടോ?
ജലദോഷമോ മറ്റു അണുബാധയോ ഇല്ലാത്ത പൂര്‍ണ്ണ ആരോഗ്യവാന്മാരായ കുട്ടികളില്‍ പോലും ഇടയ്ക്കിടയ്ക്ക് തുമ്മല്‍, ഇക്കിള്‍ എന്നിവ കാണാറുണ്ട്. ഇത് ചികിത്സ ആവശ്യമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അല്ല. അന്നനാളത്തിലെ താഴേ അറ്റത്തുള്ള പേശികളുടെ ബലക്കുറവ് കൊണ്ടാണ് സാധാരണ കമട്ടല്‍ സംഭവിക്കുന്നത്. ഇത് സാധാരണ നിലയില്‍ തൂക്കം വയ്ക്കുന്ന കുട്ടികളില്‍ ഒരു അസുഖം ആയി കാണേണ്ടതില്ല.
ശരിയായ ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും കുടുംബത്തിലെ എല്ലാവരും ഒത്തൊരുമയോടുകൂടി സഹകരിക്കുകയും ചെയ്താല്‍ നവജാത ശിശുപരിചരണം ജീവിതത്തിലെ സന്തോഷകരമായ ഒരു കാലഘട്ടമായി മാറും എന്ന് ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.