19 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 5, 2024
September 20, 2024
July 9, 2024
April 2, 2024
March 6, 2024
February 8, 2024
February 4, 2024
February 3, 2024
January 31, 2024

കൃഷിഭൂമിയില്ല, കാടുകളില്ല; കാലാവസ്ഥാ ദുരന്തം മാത്രം

പ്രൊഫ. കെ അരവിന്ദാക്ഷൻ
December 22, 2023 4:45 am

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്നാവശ്യം കാലാവസ്ഥയെ അതിജീവിക്കാന്‍ തക്ക പ്രാപ്തിയുള്ള കാര്‍ഷിക മാതൃകയാണ്. വൃക്ഷങ്ങളുടെയും തിങ്ങിവളരുന്ന കണ്ടല്‍ക്കാടുകളുടെയും കുറ്റിച്ചെടികളുടെയും സുഗമവും യുക്തിസഹവുമായ സംയോജനവും അതോടൊപ്പം കാര്‍ഷിക വിളകളുടെയും കന്നുകാലി വളര്‍ത്തലിന്റെയും വികസനവും അവ സംയോജിതമായി നടപ്പാക്കലുമാണ് ഇതിന് വേണ്ട അവശ്യഘടകങ്ങള്‍. ഇത്തരമൊരു സംവിധാനത്തെ സാങ്കേതികമായി ‘അഗ്രോ-ഫോറസ്ട്രി’ എന്ന് വിശേഷിപ്പിക്കാം. അതായത്, കൃഷിയുടെയും വനവല്‍ക്കരണത്തിന്റെയും ഏകോപിതമായ വികസനം. വൃക്ഷങ്ങള്‍ക്ക് വായുവിന്റെയും പരിസ്ഥിതിയുടെയും നാശത്തിനിടയാക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡ് പോലുള്ളവയുടെ കടന്നാക്രമണത്തില്‍ നിന്നും സംരക്ഷണമൊരുക്കാന്‍ കഴിയും. ഭൂമിയുടെ കാര്യക്ഷമമായ വിനിയോഗം പരമാവധി ഉയര്‍ന്ന തോതിലാക്കാനും കൃഷിയുടെ വൈവിധ്യവല്‍ക്കരണം യാഥാര്‍ത്ഥ്യമാക്കാനും ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും പഴവര്‍ഗങ്ങളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കാനും ഇന്ധനാവശ്യങ്ങള്‍ക്കായുള്ള വിറകും മറ്റും കര്‍ഷകര്‍ക്ക് യഥേഷ്ടം വിനിയോഗിക്കാനുള്ള അവസരമൊരുക്കാനും കഴിയും. ശാസ്ത്രീയാടിസ്ഥാനത്തില്‍ രൂപകല്പന ചെയ്യുന്ന അഗ്രോ-ഫാം-ഫോറസ്ട്രി മേഖലകളില്‍ വന്‍തോതില്‍ ഉല്പാദനക്ഷമത ഉറപ്പാക്കാനാകും. തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനവും പരിഗണിക്കാവുന്നതാണ്. പുതിയ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയും. അഗ്രോ ഫോറസ്ട്രി സംവിധാനം പ്രയോഗത്തിലാക്കുക വഴി 2070 ആകുന്നതോടെ ഹരിതവാതകം പുറന്തള്ളല്‍ ‘പൂജ്യ’ത്തിലെത്തിക്കാനുമാകും.

ഇതിലേക്ക് വേണ്ട അനിവാര്യമായ നടപടി വനപ്രദേശത്തിന്റെ വിസ്തൃതി നിലവിലുള്ള 25 ശതമാനത്തില്‍ നിന്ന് 33 ശതമാനത്തിലേക്കെങ്കിലും ഉയര്‍ത്തുകയാണ്. ഇത് ഏതുവിധേന പ്രായോഗികമാക്കാമെന്നാണ് പ്രശ്നം. പണ്ടുമുതല്‍ തന്നെ നിലവിലുള്ള വികസനാശയമാണിതെങ്കിലും ആധുനിക കാലഘട്ടത്തില്‍ പ്രകൃതികോപത്തെ തുടര്‍ന്നുണ്ടാകുന്ന തീരപ്രദേശശോഷണവും ജനസംഖ്യാവര്‍ധനവും അണുകുടുംബങ്ങളും കൂടിയുണ്ടാകുന്ന അപ്രായോഗികത പ്രതിബന്ധങ്ങളായിരിക്കുകയാണ്. 1986ലെ വനസംരക്ഷണ നിയമവും തുടര്‍ന്നുണ്ടായിരുന്ന ഭേദഗതികളും മരംമുറിക്കുന്നതിനും അവ നഗരപ്രദേശങ്ങളിലെ ഭവന‑ഫ്ലാറ്റ് നിര്‍മ്മാണാവശ്യങ്ങള്‍ക്കായി കടത്തിക്കൊണ്ടു പോകുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിബന്ധനകളും ജനങ്ങളെ വൃക്ഷത്തൈകള്‍ സ്വന്തം ഭൂമിയില്‍പോലും നട്ടുപിടിപ്പിക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണ്. കൃഷിയിടങ്ങളോട് ചേര്‍ന്നുള്ള തുറസായ പ്രദേശങ്ങളില്‍ പോലും ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള താല്പര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. അതേ അവസരത്തില്‍, വ്യാപകമായ തോതിലാണ് അനധികൃതമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനങ്ങളില്‍ നിന്നും മരം മുറിക്കലും വ്യാപകമായ ദുരുപയോഗവും. മുട്ടില്‍ മരംമുറിക്കല്‍ വിവാദവും അതുണ്ടാക്കിയ രാഷ്ട്രീയമാനങ്ങളും രണ്ടുവര്‍ഷക്കാലം കൊണ്ട് സഹോദരന്മാരായ മൂന്നു പ്രതികള്‍ക്കെതിരെ കുറ്റപത്ര സമര്‍പ്പണം വരെ മാത്രം എത്തിനില്‍ക്കുകയാണ്.


ഇതുകൂടി വായിക്കൂ:കേന്ദ്ര ധനകാര്യ കമ്മിഷന്റെ പ്രസക്തി


ഈ കേസിന്റെ അന്ത്യം എന്തായിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങളുടെ വ്യാപകമായ കടന്നുവരവ്, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമായി മാത്രം കാണുന്നതിനപ്പുറം മനുഷ്യന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വനഭൂമി കയ്യേറ്റം കൂടി കാണേണ്ടതാണ്. ഡോ. മാധവ് ഗാഡ്ഗിലിനെ പോലുള്ള വനം-പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ ഈ പ്രവണതയെ കാണുന്നത് വനഭൂമി കയ്യേറ്റത്തിനുള്ള തിരിച്ചടി എന്ന നിലയിലാണ്. മനുഷ്യനും മൃഗങ്ങളും തമ്മില്‍ സഹവര്‍ത്തിത്വം ഉറപ്പാക്കുന്നതിന് ലഭ്യമായ ഭൂമി യുക്തിസഹമായി വിനിയോഗിക്കുകയാണ് ചെയ്യേണ്ടത്. ഈ ലക്ഷ്യം പ്രായോഗികമാക്കുക എളുപ്പമല്ല. പുതുതായി പ്രയോഗത്തില്‍ വരാനിരിക്കുന്ന വന (സംരക്ഷണ) ഭേദഗതി നിയമം 2023 ഏര്‍പ്പെടുത്താനിരിക്കുന്ന നിയമപരമായ വ്യവസ്ഥകള്‍, നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് എത്രമാത്രം ഗുണകരമാകുമെന്നതില്‍ ആശങ്കയുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിനിയോഗവുമായി ബന്ധപ്പെട്ട കാര്യത്തിലുള്ള നിബന്ധനകള്‍ പലതും സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കാര്യത്തില്‍ ബാധകമായിരിക്കില്ല എന്നാണ് വ്യക്തമാകുന്നത്. 2014ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന അഗ്രോ-ഫോറസ്ട്രി ആഗോള കോണ്‍ഗ്രസ് സമ്മേളനത്തില്‍, ദേശീയ കാര്‍ഷിക‑വന നയവുമായി ബന്ധപ്പെട്ടൊരു രേഖ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു വിഷയത്തില്‍ ലോകത്തിലെ ആദ്യത്തെ നയരേഖാ പ്രഖ്യാപനമായിരുന്നു ഇത്. ഭൂമിയുടേ ഉല്പാദനക്ഷമത ഉയര്‍ത്തുക, കൃഷിയുടെ പരിസ്ഥിതി സംബന്ധമായ നിലനില്പ് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമായി പറഞ്ഞത്.

അഗ്രോ-ഫോറസ്ട്രി വികസനം ലാക്കാക്കി മോഡി സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം വിവിധ ജെെവ സവിശേഷതകളുള്ള മേഖലകളില്‍ 36 വ്യത്യസ്ത വളര്‍ച്ചാ സാധ്യതകളുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തുക എന്നതായിരുന്നു. ഇക്കൂട്ടത്തില്‍ ഡിമാന്‍ഡ് ഏറെയുള്ള തേക്ക്, ഈട്ടി, മഹാഗണി, പോപ്പുലാര്‍, മുളവര്‍ഗങ്ങള്‍ എന്നിങ്ങനെ അതിവേഗ വളര്‍ച്ചാസാധ്യതകളുള്ളവ ഉള്‍പ്പെടുന്നു. മരങ്ങള്‍ വളര്‍ച്ചയെത്തിയാല്‍ ആഭ്യന്തര‑വിദേശ വിപണികളില്‍ വന്‍ ഡിമാന്‍ഡാണ് ഉണ്ടാവുക. ഒട്ടേറെ പഠനവും ഗവേഷണവും നടത്തിയതിനുശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്റ് എജ്യുക്കേഷന്‍ (ഐസിഎഫ്ആര്‍ഇ) എന്ന സ്ഥാപനമാണ് വിലമതിക്കാനാവാത്ത നിര്‍ദേശങ്ങളടങ്ങിയ ഈ രേഖ തയ്യാറാക്കിയത്. ഇതുസംബന്ധമായ മുഴുവന്‍ വിവരങ്ങളും കേന്ദ്ര വനം മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. ഓരോ ഭൂപ്രദേശത്തിനും അനുയോജ്യമായ അഗ്രോ-ഫോറസ്ട്രി സസ്യങ്ങള്‍, പരിസ്ഥിതി സൗഹൃദം ഉറപ്പാക്കാന്‍ കഴിയുന്നതും പരിമിതമായെങ്കിലുമുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കനുസൃതവും നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്കനുസൃതവും ആയ മാതൃകകള്‍ മാത്രമേ പ്രയോഗത്തിലാക്കാന്‍ പാടുള്ളു. കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ‘കൃഷി ആരണ്യ പ്രോത്സാഹ യോജന’ പോലുള്ള അഗ്രോ-ഫോറസ്ട്രി വികസന പദ്ധതികള്‍ ഏതാനും സംസ്ഥാനങ്ങളില്‍ നടന്നുവരുന്നുമുണ്ട്. ഹരിയാനയില്‍ വനവിസ്തീര്‍ണം മൊത്തം ഭൂമിയുടെ 3.5 ശതമാനം മാത്രമണെന്ന സാഹചര്യം കണക്കിലെടുത്ത് വൃക്ഷത്തൈകള്‍ വന്‍തോതില്‍ നട്ടുവളര്‍ത്തുന്നതിന് മുന്തിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നത്. യമുനാ നഗര്‍ ജില്ല ഒരു ‘പ്ലൈവുഡ് ഹബ്ബ്’ ആയി വികസിപ്പിച്ചെടുക്കാനുള്ള സത്വര പരിശ്രമങ്ങളും നിന്നുവരുന്നുണ്ട്. അസം, പഞ്ചാബ്, മഹാരാഷ്ട്ര, യുപി തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകളും അഗ്രോ-ഫോറസ്ട്രി വികസനത്തില്‍ അധിക താല്പര്യമാണ് സമീപകാലത്ത് പ്രകടമാക്കിവരുന്നത്. എന്നാല്‍ ഈ വികസന മാതൃക പ്രതീക്ഷിച്ചത്ര വേഗതയില്‍ പുരോഗതിയിലേക്ക് നീങ്ങുകയുണ്ടായില്ല. നിലവിലുള്ള അഗ്രോ-ഫോറസ്ട്രി വികസന പദ്ധതിയുടെ ഭാഗമായിരിക്കുന്നത് 28.5 മില്യന്‍ ഹെക്ടര്‍ ഭൂമി മാത്രമാണ്. കൃഷിക്ക് ഉപയുക്തമാക്കാന്‍ കഴിയുന്ന ഭൂമിയുടെ 8.6 ശതമാനം മാത്രം. ഇന്നത്തെ നിലയില്‍ വിളവെടുപ്പിനായി വിനിയോഗിക്കപ്പെടുന്ന ഭൂമിയും തരിശായിക്കിടക്കുന്ന ഭൂമിയും ഉള്‍പ്പെടെ 140 ദശലക്ഷം ഹെക്ടര്‍ ഭൂമിയാണ് വിനിയോഗിക്കാതെ കിടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന കോപ് 28 സമ്മേളനം ദുബായില്‍ നടന്നിരുന്നു.


ഇതുകൂടി വായിക്കൂ:പോരാടണം വായുവിനും പരിസ്ഥിതിക്കും വേണ്ടി


നൂറിലേറെ രാജ്യങ്ങളില്‍ നിന്നും ഏതാനും രാഷ്ട്രത്തലവന്മാരോ പ്രധാനമന്ത്രിയോ അടക്കം പങ്കെടുത്ത ഈ ‘മാമാങ്കം’ ആവര്‍ത്തനവിരസത ഉളവാക്കിയ ചില വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തിയതല്ലാതെ കാര്യമായ നേട്ടങ്ങളൊന്നും കൈവരിക്കുകയുണ്ടാവില്ല. 2030നകം വിഭവ പുനര്‍വിനിയോഗത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു പ്രതിജ്ഞ തയ്യാറാക്കി അംഗരാജ്യങ്ങളുടെ അംഗീകാരത്തിനായി അവതരിപ്പിച്ചിരുന്നു. ഇതില്‍ മുന്തിയ പ്രാധാന്യം നല്‍കിയിരുന്നത് വിഭവ പുനര്‍വിനിയോഗത്തിലൂടെ ഊര്‍ജത്തിന്റെ ശേഷി 11,000 ജിഗാ വാട്ട് ആക്കുകയും ഊര്‍ജവിനിയോഗ കാര്യക്ഷമത 2030 ആകുന്നതോടെ ഇരട്ടിയാക്കുകയും ചെയ്യുന്നതിനാണ്. ഊര്‍ജവിനിയോഗത്തില്‍ അമിതാവേശം പ്രകടമാക്കിവന്നിട്ടുള്ള ഇന്ത്യ ഈ പ്രമേയത്തിന് അംഗീകാരം നല്‍കാന്‍ തയ്യാറാകാത്ത വിചിത്രമായ നിലപാടാണ് സ്വീകരിച്ചത്. ചൈനയുടേയും സമാനമായൊരു സമീപനമായിരുന്നു. ഇക്കാര്യത്തില്‍ രസകരമായ മറ്റൊരു കാര്യം, ഊര്‍ജോല്പാദനത്തിനായി വിനിയോഗിക്കുന്ന ഖനി വിഭവങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ‘വൃത്തിഹീന’മായ ഇന്ധനം എന്ന നിലയില്‍ കല്‍ക്കരിയുടെ വിനിയോഗം ക്രമേണ കുറച്ചുകൊണ്ടുവരണമെന്നും ഈ മേഖലയില്‍ അധിക നിക്ഷേപം നടത്തരുതെന്നുമുള്ള പരാമര്‍ശങ്ങള്‍ പ്രമേയത്തിലുണ്ടെന്നതാണ്. കാലാവസ്ഥാ വ്യതിയാന ദുരന്തത്തിലെ മുഖ്യ ‘വില്ലന്‍’ കല്‍ക്കരിയാണെന്ന വസ്തുത വിസ്മരിക്കരുത്. ഉരുക്കിന്റെയും സിമന്റിന്റെയും ഉല്പാദനത്തിന് നിലവിലെ കല്‍ക്കരി പര്യാപ്തമല്ലാത്തതിനാല്‍ ഈ മേഖലയില്‍ നിക്ഷേപം ഉയര്‍ത്താതിരിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. മാത്രമല്ല, രാജ്യത്തിന്റെ ആഭ്യന്തര ഉപഭോഗാവശ്യങ്ങള്‍ക്കുള്ള പ്രകൃതി, വാതകം, പെട്രോളിയം തുടങ്ങിയവയുടെ 80 ശതമാനത്തോളവും ഇറക്കുമതി ചെയ്യാന്‍ നാം നിര്‍ബന്ധിതരുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.