2 May 2024, Thursday

കേന്ദ്ര ധനകാര്യ കമ്മിഷന്റെ പ്രസക്തി

സി ആർ ജോസ്‌പ്രകാശ്
December 20, 2023 4:45 am

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ച നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ, സുപ്രീം കോടതിയിൽ എത്തിയിരിക്കുകയാണ് കേരള സർക്കാർ. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ ക്കുറിച്ച് ഡിസംബർ 12ന് പാർലമെന്റില്‍ ചർച്ചയ്ക്ക് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞ മറുപടി ഇങ്ങനെ. ‘സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം നിശ്ചയിക്കുന്നതിൽ, കേന്ദ്രസർക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. കേന്ദ്ര ധനകാര്യ കമ്മിഷൻ ശുപാർശ എന്താണോ, അത് നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്.’ ഇതു സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ പരിശോധിച്ചാൽ, ഈ മറുപടിയിൽ അടങ്ങിയിരിക്കുന്ന കാപട്യം മനസ്സിലാകും. സർക്കാരുകളുടെ കടമെടുപ്പ് സംബന്ധിച്ച് പതിനഞ്ചാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത് ബജറ്റിനു പുറത്തുള്ള കടമെടുപ്പിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ അച്ചടക്കം പാലിക്കണം എന്നാണ്. ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നതും കേന്ദ്രസർക്കാരിന്റെ പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം മുൻകൈയെടുത്താണ് 1951 നവംബർ 22ന് ഒന്നാം ധനകാര്യ കമ്മിഷൻ നിലവിൽ വന്നത്. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങൾ മെച്ചപ്പെടുത്തുക, ഇന്ത്യയുടെ ഫെഡറൽ സംവിധാനം അരക്കിട്ടുറപ്പിക്കുക, കേന്ദ്ര നികുതി വിഹിതം സംസ്ഥാനങ്ങൾക്ക് കൈമാറുന്നതിന് പൊതുമാനദണ്ഡം സൃഷ്ടിക്കുക, കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ധനസ്ഥിതി പരിശോധിക്കുകയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും ചെയ്യുക, പൊതുപണം ഉപയോഗിക്കുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക, ഏതെങ്കിലും സംസ്ഥാനം ഏതെങ്കിലും കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നുവെങ്കിൽ അത് പരിശോധിക്കുക തുടങ്ങിയവയാണ് ധനകാര്യ കമ്മിഷന്റെ പൊതുവേയുള്ള ചുമതലകൾ.

ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരമാണ് ഇത് രൂപം കൊള്ളുന്നത്. ചെയർമാൻ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ കമ്മിഷനിൽ ഉണ്ടാകും. അഞ്ചുവർഷമാണ് കാലാവധി. നിലവിലുളളത് പതിനഞ്ചാം ധനകാര്യ കമ്മിഷനാണ്. എന്‍ കെ സിങ്ങാണ് ഇതിന്റെ ചെയർമാൻ. ധനകാര്യ കമ്മിഷന്റെ എല്ലാ ശുപാർശകളും കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും ഒരുപോലെ ബാധകമാണെന്ന് 1951ൽ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. കമ്മിഷൻ നിലവിൽ വന്നശേഷം, 50 വർഷത്തിലധികം സാമാന്യം തൃപ്തികരമായ വിധത്തിലാണ് കമ്മിഷൻ ശുപാർശ രാജ്യത്ത് നടപ്പിലാക്കി വന്നത്. എന്നാൽ ബിജെപി സർക്കാരിന്റെ വരവോടെ നിരവധി ഭരണഘടനാ സ്ഥാപനങ്ങൾ ദുര്‍ബലമാകാന്‍ തുടങ്ങി. ഏറ്റവും പ്രധാനപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനമായിരുന്ന ആസൂത്രണ കമ്മിഷന്റെ പ്രവർത്തനം തന്നെ അവസാനിപ്പിച്ചു. കേന്ദ്ര ധനകാര്യ കമ്മിഷന്റെ പ്രസക്തി തന്നെ ഇല്ലാതാകുന്ന വിധത്തിലാണ് കാര്യങ്ങൾ നീക്കിക്കൊണ്ടിരുന്നത്. ധനകാര്യ കമ്മിഷൻ ശുപാർശ നിലനിൽക്കുമ്പോൾ തന്നെ ഒരു പ്രയാസവും കൂടാതെ അവയെ അപ്രസക്തമാക്കാൻ കഴിയുമെന്ന് ബിജെപി സർക്കാർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം കേന്ദ്ര നികുതി വിഹിതം ഒരു മാനദണ്ഡം അനുസരിച്ച് സംസ്ഥാനങ്ങൾക്ക് കൈമാറണം. ഇതിനെ ഒരു കുറുക്കുവഴിയിലൂടെ കേന്ദ്രസർക്കാർ മറികടന്നു. പെട്രോളിയം ഉല്പന്നങ്ങൾക്ക് ഉൾപ്പെടെ നികുതിക്ക് പുറമേ വലിയ തോതിൽ സെസും സർചാർജും ഏർപ്പെടുത്തി. കാരണം ഇവയുടെ വിഹിതം സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കേണ്ട. മറ്റൊരു കാര്യം ബജറ്റിനു പുറത്ത് സംസ്ഥാനം കടമെടുത്താൽ അത് വായ്പാ പരിധിയിൽ ഉൾപ്പെടുത്തുവാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തു.


ഇതുകൂടി വായിക്കൂ:ബാങ്കിങ് മേഖലയുടെ സ്വകാര്യവല്‍ക്കരണം പരാജയപ്പെടുത്തണം


കിഫ്ബിയിലൂടെയും സാമൂഹ്യക്ഷേമ പദ്ധതിക്ക് വേണ്ടിയുള്ള കമ്പനിയിലൂടെയും 2021–22 ല്‍ കേരളമെടുത്ത വായ്പയായ 12,562 കോടി രൂപ നാല് വർഷം കൊണ്ട് ഓരോ വർഷവും 3140 കോടി രൂപ വീതം സംസ്ഥാനത്തിന്റെ വായ്പ പരിധിയിൽ കുറവ് വരുത്താനാണ് കേന്ദ്രം തീരുമാനിച്ചത്. സംസ്ഥാനത്തിനെടുക്കാവുന്ന വായ്പാതുകയിൽ കുറവു വരുത്തിയ അതേ കേന്ദ്രസർക്കാർ, ദേശീയപാത അതോറിട്ടിയും മറ്റു കേന്ദ്ര സ്ഥാപനങ്ങളും എടുത്ത ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പ കേന്ദ്രത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതുമില്ല. 2017‑ല്‍ ജിഎസ്‌ടി നടപ്പിലാക്കിയപ്പോൾ സംസ്ഥാനങ്ങളുടെ വിഭവസമാഹരണ സ്രോതസിൽ വൻ കുറവുണ്ടായി. മാത്രവുമല്ല ജിഎസ്‌ടി വരുമാനത്തിന്റെ 50 ശതമാനം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയും ചെയ്തു. എന്നുമാത്രമല്ല, ഇതിലൂടെ സംസ്ഥാനങ്ങൾക്ക് നൽകിവന്ന നഷ്ടപരിഹാരം ഈ വർഷം ജൂലൈ മാസത്തിൽ നിർത്തലാക്കുകയും ചെയ്തു. ഇതിലെ യുക്തി ധനകാര്യ കമ്മിഷൻ പരിശോധിച്ചതേയില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കണക്കുപ്രകാരം തന്നെ, ഇന്ത്യയുടെ ആകെ പൊതുചെലവിന്റെ 63ശതമാനം സംസ്ഥാനങ്ങൾ നിർവഹിക്കുമ്പോൾ കേന്ദ്രം നിർവഹിക്കുന്നത് 37ശതമാനം മാത്രമാണ്. സ്വാഭാവികമായും കേന്ദ്രനികുതി വിഹിതത്തിന്റെ 63ശതമാനം കിട്ടാൻ സംസ്ഥാനങ്ങൾക്ക് അർഹതയുണ്ട്. ഇത് 50ശതമാനം ആയെങ്കിലും നിശ്ചയിക്കണമെന്ന് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് 41ശതമാനം മാത്രമാണ്. സെസിലൂടെയും സര്‍ചാര്‍ജിലൂടെയും കേന്ദ്രത്തിന് കിട്ടുന്ന വൻ തുകയിൽ ഒരു ശതമാനം പോലും സംസ്ഥാനങ്ങൾക്ക് കൈമാറാത്തതിനാൽ, യഥാർത്ഥത്തിൽ കേന്ദ്ര നികുതി വിഹിതമായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് 37.08ശതമാനം മാത്രമാണ്. ദേശീയപാത നിർമ്മാണത്തിന് ഭൂമി വിലയ്ക്ക് വാങ്ങുന്നത് ഉൾപ്പെടെയുള്ള എല്ലാ ചെലവും ദേശീയപാത അതോറിട്ടിയാണ് നിർവഹിക്കുന്നത്. എന്നാൽ കേരളം മാത്രം ഭൂമിയുടെ വിലയുടെ 25ശതമാനം തുക നൽകണമെന്ന് കേന്ദ്രസർക്കാർ വാശിപിടിച്ചു. ഇല്ലെങ്കിൽ കേരളത്തിലെ ദേശീയപാതയുടെ വികസനം ഏറ്റെടുക്കുന്നില്ലെന്ന് രേഖാമൂലം തന്നെ അറിയിച്ചു.

മറ്റു വഴികൾ ഇല്ലാതെ കേരളം ഇത് അംഗീകരിക്കുകയും 5,580 കോടി രൂപ ദേശീയപാത അതോറിട്ടിക്ക് കൈമാറുകയും ചെയ്തു. ഒരു സർക്കാരിന് ജിഡിപിയുടെ എത്ര ശതമാനം വരെ കടമെടുക്കാം എന്നത് എന്നും തർക്കവിഷയമാണ്. കടമെടുക്കുന്നതിന് പരിധി ഉണ്ടാകുന്നതാണ് അഭികാമ്യം. എന്നാൽ ഈ പരിധി സർക്കാരിന് ബാധകമല്ലേ? കേന്ദ്രസർക്കാരിന് ബാധകമല്ലാത്ത ഒരു കാര്യം സംസ്ഥാനങ്ങൾക്ക് മുകളിൽ അടിച്ചേൽപ്പിക്കാൻ അവകാശമുണ്ടോ? ധനകാര്യ കമ്മിഷന് ഇത് അംഗീകരിക്കാൻ കഴിയുമോ? ഇത്തരം ചോദ്യങ്ങൾക്ക് ആരും മറുപടി പറയുന്നില്ല. ജിഡിപിയുടെ അഞ്ച് ശതമാനം വരെ വായ്പ എടുക്കുന്നത് അപകടകരമല്ല എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇത് നാല് ശതമാനം ആയി നിശ്ചയിക്കണമെന്ന ന്യായമായ ആവശ്യമാണ് കേരളം ഉന്നയിച്ചത്. കേരളത്തിന്റെ ഒരു വർഷത്തെ മൊത്തം സമ്പത്ത് ഉല്പാദനം (ജിഎസ്ഡിപി) 10.81 ലക്ഷം കോടി രൂപയാണ്. ഇതിന്റെ മൂന്ന് ശതമാനമായ 32,400 കോടി കടമെടുക്കാം. ഒരു ശതമാനത്തിന്റെ വർധനവ് വരുത്തിയാൽ 10,750കോടി രൂപ കടമെടുക്കാം. എന്നാൽ അത് മൂന്ന് ശതമാനത്തിൽ കൂടുതലാക്കാൻ കഴിയില്ലെന്ന വാശിയിലാണ് കേന്ദ്രസർക്കാർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളെടുത്ത വലിയ വായ്പ തുക, മുകളില്‍പ്പറഞ്ഞ 5.85ശതമാനത്തിൽ ഉൾപ്പെടുത്തിയതുമില്ല. ഇക്കാര്യത്തിലും ധനകാര്യ കമ്മിഷൻ കാഴ്ചക്കാരുടെ റോളിൽ തുടരുകയാണ്. വായ്പ എടുക്കുന്ന കാര്യത്തിലെന്നതുപോലെ, ധനക്കമ്മിയുടെ കാര്യത്തിലും മൂന്ന് ശതമാനം കവിയാൻ പാടില്ല എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഈ മൂന്ന് ശതമാനത്തിൽ ഒതുങ്ങുന്നില്ലെങ്കിലും സംസ്ഥാനങ്ങളുടെ ശരാശരി ധനക്കമ്മി 3.42 ശതമാനത്തില്‍ ഒതുങ്ങിനിന്നു. എന്നാൽ ഇക്കാര്യത്തിൽ വാളോങ്ങി നിൽക്കുന്ന കേന്ദ്രസർക്കാരിന്റെ ധനക്കമ്മി 6.47ശതമാനം ആണെന്ന് ധനമന്ത്രി തന്നെ ഡിസംബർ 13ന് പാർലമെന്റില്‍ സമ്മതിക്കുകയുണ്ടായി. മാത്രവുമല്ല, ധനക്കമ്മി കൂടുതലുള്ള സംസ്ഥാനങ്ങളെ സഹായിക്കാനുള്ള സംവിധാനം നിർത്തലാക്കുകയും ചെയ്തു. ഒരു നിയമവും കേരള കേന്ദ്രസർക്കാരിന് ബാധകമല്ല എന്ന് ചുരുക്കം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ദുരിതാശ്വാസ ഫണ്ട് നൽകൽ, റെയിൽവേ വികസനത്തിന് ഫണ്ട് മാറ്റിവയ്ക്കൽ, ഐഐറ്റി- എയിംസ് പോലുള്ള സ്ഥാപനങ്ങൾ അംഗീകരിക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന ഒരു തീരുമാനവും ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലല്ല. മാത്രവുമല്ല, പല കാര്യങ്ങളിലും ധനകാര്യകമ്മിഷന്റെ ശുപാര്‍ശയിലും അശാസ്ത്രീയതയുണ്ട്.


ഇതുകൂടി വായിക്കൂ:ബജറ്ററി കമ്മിയും മൂലധനനിക്ഷേപ വര്‍ധനവും


കേന്ദ്രം പങ്കുവയ്ക്കുന്ന തുകയുടെ മൂന്ന് ശതമാനത്തില്‍ അധികം മിക്കപ്പോഴും മുമ്പ് കേരളത്തിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ അത് ക്രമത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കിട്ടുന്നത് 1.93ശതമാനം മാത്രമാണ്. ഈ സംഖ്യാനുപാതികമായി കണക്കാക്കിയാല്‍ പോലും കേരളത്തിന് 1.93ശതമാനം കിട്ടുമ്പോള്‍ യുപിക്ക് കിട്ടുന്നത് 18.74ശതമാനമാണ് എന്നതും ഓര്‍ക്കണം. കേന്ദ്രസര്‍ക്കാരിന്റെയും ധനകമ്മിഷന്റെയും തെറ്റായ നടപടിമൂലം ഒരു വര്‍ഷം 45,000ത്തില്‍ അധികം കോടി രൂപയുടെ ചോര്‍ച്ചയാണ് കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഉണ്ടാകുന്നത്. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും കൂടിയുള്ള കടം 87 ലക്ഷം കോടി രൂപയാണ്. കടം ഇങ്ങനെ ഉയരാന്‍ പാടില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 87 ലക്ഷം രൂപയുടെ കടമുണ്ടെങ്കില്‍, കേന്ദ്ര സര്‍ക്കാരിന്റെ മാത്രം കടം 2023 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം 155.64 ലക്ഷം കോടി രൂപയാണ്. കടം ഇങ്ങനെ ഉയരാന്‍ പാടില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 87 ലക്ഷം രൂപയുടെ കടമുണ്ടെങ്കില്‍, കേന്ദ്രസര്‍ക്കാരിന്റെ മാത്രം കടം 2023 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം 155.64 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 179 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. മൂന്നു ദശാബ്ദങ്ങള്‍ക്ക് മുന്‍പ്, കേന്ദ്രത്തേക്കാള്‍ കൂടുതല്‍ കടം സംസ്ഥാനങ്ങള്‍ക്കായിരുന്നു എന്നതും ബിജെപി അധികാരത്തില്‍ വരുന്ന 2014 ല്‍ ഇന്ത്യയുടെ കടം 55.21 ലക്ഷം കോടി രൂപ മാത്രമായിരുന്നു എന്നതും ഇവിടെ ഓര്‍ക്കണം. എല്ലാ അര്‍ത്ഥത്തിലും ധനകാര്യ കമ്മിഷന്‍ അപ്രസക്തമായിരിക്കുന്നു എന്ന് ഈ വസ്തുതകൾ വ്യക്തമാക്കുന്നു. ഇനി പതിനാറാം ധനകാര്യ കമ്മിഷന്‍ വരാന്‍ പോകുകയാണ്. 2023 നവംബര്‍ 29ന് കേന്ദ്ര ക്യാബിനറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഈ കമ്മിഷന്‍ 2025 ഒക്ടോബര്‍ 31 ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കുകയും 2026 ഏപ്രില്‍ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരികയും ചെയ്യും. അതിന്റെ ഭാവി എന്തായിരിക്കുമെന്നും ആ കമ്മിഷനും കേന്ദ്രസര്‍ക്കാരും കേരളത്തോട് എങ്ങനെ പെരുമാറുമെന്നും ഉള്ള കാര്യം ഊഹിക്കാവുന്നതേയുള്ളു. ബിജെപി ഭരണം കേന്ദ്രത്തില്‍ തുടരുന്നിടത്തോളം കാലം, കേരളത്തിലും സാമ്പത്തിക പ്രതിസന്ധിക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.