22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 23, 2024
October 5, 2024
September 20, 2024
July 9, 2024
April 2, 2024
March 6, 2024
February 8, 2024
February 4, 2024
February 3, 2024

വനഭൂമിയും കോര്‍പ്പറേറ്റുകള്‍ക്ക്

Janayugom Webdesk
July 10, 2022 11:34 pm

വനാവകാശ നിയമവും പുനരധിവാസവും സംബന്ധിച്ച 1980 ലെ വനാവകാശ നിയമം അട്ടിമറിക്കാനുള്ള പുതിയ വനസംരക്ഷണ നിയമം പാർലമെന്റിലേക്ക്.
ഒന്നോ അതിലധികമോ സെഷനുകളിലായി വനസംരക്ഷണ നിയമങ്ങൾ ലോക്‌സഭയുടെയും രാജ്യസഭയുടെയും അടുത്തയാഴ്ച ചേരുന്ന സമ്മേളനത്തില്‍ അംഗീകാരത്തിനായി സമർപ്പിക്കുമെന്നാണ് സൂചന. ഭേദഗതിയിലൂടെ കോർപറേറ്റുകൾക്കും സ്വകാര്യ സംരംഭകർക്കും വനം തുറന്നിട്ടുകൊടുക്കുകയാണെന്നും ഇത് വന ചൂഷണത്തിനു കാരണമാകുമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. വനത്തിന്റെ യഥാര്‍ത്ഥ അവകാശികളായ വനവാസികളുടെ അവകാശങ്ങള്‍ ഇല്ലാതാവുകയും കുടിയൊഴിക്കപ്പെടുകയും ചെയ്യും.
രാജ്യത്തെ വനമേഖലയെ സംരക്ഷിക്കാൻ ഉതകുന്ന ശക്തമായ നിയമമാണ് 1980 ലേത്. 2021 ഒക്ടോബർ രണ്ടിനാണ് ഇത് ഭേദഗതി ചെയ്യാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. നിലവിലെ നിയമപ്രകാരം വനവുമായി ബന്ധപ്പെട്ട ഏതുതരം പ്രവർത്തനങ്ങൾക്കും കേന്ദ്ര ‌മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം. വനഭൂമി വനേതര ആവശ്യങ്ങൾക്കു വകമാറ്റാൻ കർശന നിയന്ത്രണമുണ്ട്. ഈ നിയമങ്ങളെല്ലാം ലഘൂകരിക്കപ്പെടുന്നതാണ് ഭേദഗതി. വനഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി വകമാറ്റാനുള്ള നീക്കമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യങ്ങളിലും വ്യക്തതയില്ല.
വനഭൂമി സ്വകാര്യ പദ്ധതികൾക്ക് കൈമാറുന്നതിന് മുമ്പ് വനവാസി സമൂഹങ്ങളുടെ സമ്മതം പരിശോധിക്കേണ്ടത് കേന്ദ്രസർക്കാരാണ്. വനഭൂമി തിരിച്ചുവിടുന്നതിനോ പട്ടയം നല്കുന്നതിനോ നിക്ഷിപ്തമാക്കുന്നതിനോ ഉള്ള ഉത്തരവ് പുറപ്പെടുവിക്കണം. സർക്കാർ വനവാസി സമൂഹത്തിന്റെ വനാവകാശം ഉറപ്പാക്കുകയും അവരെ പുനരധിവസിപ്പിക്കുകയും വേണം. വനവാസികളുടെ അവകാശമായ ഭൂമിയിൽ ഒരു പദ്ധതി അനുവദിക്കുന്നതിന് മുമ്പ് സര്‍ക്കാരുകള്‍ അവരുടെ സമ്മതം തേടണമെന്ന് സുപ്രീം കോടതി വിധിയും നിലവിലുണ്ട്.
വനാവകാശ നിയമം മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം അത് ഗ്രാമസഭകൾക്കു കൊടുക്കുന്ന പ്രത്യേക അധികാരമാണ്. ഓരോ ഊരിലെയും പദ്ധതികളുടെ ക്ലെയിമുകള്‍ സ്വീകരിക്കേണ്ടതും, തെളിവുകൾ ശേഖരിക്കേണ്ടതും ഗ്രാമസഭയാണ്. ഇതിനു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നത് മാത്രമാണ് ആദ്യ ഘട്ടത്തിൽ വനം വകുപ്പിന് ചെയ്യാനുള്ളത്. ഗ്രാമസഭ ശേഖരിക്കുന്ന തെളിവുകൾ പരിശോധിക്കുകയും ക്ലെയിമുകൾ അംഗീകരിക്കുകയും ചെയ്യുക എന്ന് മാത്രമാണ് ഇതിനു മുകളിലുള്ള കമ്മിറ്റികൾ ചെയ്യുക. അങ്ങനെ കൃത്യവും വികേന്ദ്രീകൃതവുമായ വന സംരക്ഷണ ആശയം കൂടിയാണ് വനാവകാശ നിയമം. വനവാസികള്‍ ചരിത്രപരമായി ആശ്രയിച്ചിരുന്ന കാട്, വനവിഭവങ്ങൾ എന്നിവയിൽ അവർക്കുള്ള അവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് വിഭവങ്ങൾക്കു മേലുള്ള അവകാശ സ്ഥാപനം ഉറപ്പാക്കുന്നതുമാണ്.
ഗ്രാമസഭകൾക്കുള്ള പ്രത്യേക അധികാരം മിക്കപ്പോഴും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ‘തലവേദന’ ആയി തുടർന്നു. ആദിവാസി മേഖലകളിലെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും ആദിവാസി ഗ്രാമസഭയുടെ അംഗീകാരം വേണ്ടതുകൊണ്ട് തന്നെ കോർപറേറ്റ് പദ്ധതികൾക്ക് അനുമതി കൊടുക്കുവാൻ കാലതാമസം നേരിട്ടു. ഇത്തരം പദ്ധതികൾക്ക് ഗ്രാമസഭയുടെ അംഗീകാരം വേണമെന്ന നിയന്ത്രണം എടുത്തു കളയാൻ പല തവണ ശ്രമം നടത്തി.
ഒഡിഷയിലെ നിയമഗിരിയില്‍ വേദാന്ത ഗ്രൂപ്പിനുള്ള അനുമതി സുപ്രീം കോടതി എടുത്തു കളഞ്ഞത് അവിടുത്തെ ആദിവാസികൾക്കുള്ള പരമ്പരാഗത സാമൂഹിക അവകാശത്തെ മുൻനിർത്തിയാണ്. ഇതിൽ നിന്നും മനസിലാകുന്നത് നിയമം ഇന്ത്യയിലെ കോർപറേറ്റ് നിക്ഷേപങ്ങൾക്ക് ഭീഷണി ആണ് എന്ന് തന്നെയാണ്.
തുടക്കം മുതൽ തന്നെ നിയമത്തിന്റെ നടത്തിപ്പിന് എതിരുനിൽക്കുന്നവരാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ഇരുമ്പിനും അലുമിനിയത്തിനുമൊക്കെയായി കാടുകൾ നശിപ്പിക്കുന്നതിന് കോർപറേറ്റുകള്‍ക്ക് വഴിയൊരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആദിവാസികളെ ഇറക്കിവിട്ടു കാട് സംരക്ഷിക്കാമെന്ന വിചിത്ര ന്യായമാണ് പുതിയ കോര്‍പറേറ്റ് നിയമം മുന്നോട്ടു വയ്ക്കുന്നത്. 

Eng­lish Sum­ma­ry: For­est land also for corporates

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.