19 December 2024, Thursday
KSFE Galaxy Chits Banner 2

ക്രിപ്റ്റോകറൻസിയുടെ മറവിൽ കേരളത്തില്‍ കോടികളുടെ തട്ടിപ്പ്: ആസ്ഥാനം കൊച്ചിയില്‍

Janayugom Webdesk
July 8, 2022 9:47 pm

ക്രിപ്റ്റോകറൻസിയുടെ മറവിൽ കോടികളുടെ തട്ടിപ്പ്. നിക്ഷേപത്തിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ ആളുകളിൽ നിന്ന് തട്ടിച്ച പ്രതികളുടെ വിശദാംശങ്ങൾ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും കണ്ടെത്തി.
കൊച്ചി ആസ്ഥാനമായുള്ള ‘റിച്ച്ഫെറിമാൻ’ ‘ഡീൽഎഫ്എക്സ്’ എന്നീ കമ്പനികളുടെ അക്കൗണ്ടുകളിലൂടെയാണ് പ്രതികൾ ശേഖരിച്ച തുക വഴിതിരിച്ചുവിട്ടത്. 25 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട നിക്ഷേപകൻ പെരുമ്പാവൂർ പൊലീസിൽ പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. പ്രാഥമിക അന്വേഷണത്തിൽ മൂവാറ്റുപുഴ മുടവൂർ സ്വദേശി കെ കെ വിനോദിനെതിരെ കേസെടുത്തു
നിക്ഷേപകരെ ആകർഷിക്കാനും വൻ വരുമാനത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനും പ്രതികളും കൂട്ടാളികളും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. പലരും ഈ യോഗങ്ങളിൽ പങ്കെടുത്ത് ലക്ഷങ്ങൾ നിക്ഷേപിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പ്രതികൾ പലരേയും കബളിപ്പിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പ്രതികൾ പിരിച്ചെടുത്ത മൊത്തം തുകയുടെ വിവരം പരിശോധിച്ച് വരികയാണെന്നും ഇത് ഏകദേശം 50 കോടിയോളം രൂപ വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾക്ക് പലരും സ്വർണാഭരണങ്ങൾ നൽകിയതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിദേശത്ത് എന്‍ജിനീയറായി ജോലി ചെയ്യുന്ന പൊതുസുഹൃത്ത് വഴിയാണ് വിനോദിനെ കണ്ടുമുട്ടിയതെന്ന് വഞ്ചിക്കപ്പെട്ട നിക്ഷേപകനായ സെന്തില്‍ കുമാര്‍ പറഞ്ഞു. അയാളുടെ കമ്പനി ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നുണ്ടെന്നും അവരുടെ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ അപകടസാധ്യത കുറവായിരിക്കുമെന്നും വിശ്വസിപ്പിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വൻ തുക തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. എന്നാൽ ഒന്നും ലഭിച്ചില്ല. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നും സെന്തിൽകുമാർ പറഞ്ഞു
‘റിച്ച്ഫെറിമാൻ’ എന്ന കമ്പനിയുടെ വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്നും നിലവിൽ കെ കെ വിനോദും, റെജി വിനോദുമാണ് കമ്പനിയുടെ ഡയറക്ടർമാർ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് കാണിച്ച് വിനോദ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും സെഷൻസ് കോടതി തള്ളുകയായിരുന്നു. 

Eng­lish Sum­ma­ry: fraud in Ker­ala under the guise of cryp­tocur­ren­cy: Head­quar­tered in Kochi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.