നാമെല്ലാം പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ 2022 നവംബര്‍ 15, 16 തീയതികളില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ജി-20 ഉച്ചകോടി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഈ കൂട്ടായ്മയുടെ അടുത്ത ഒരു വര്‍ഷക്കാലത്തേക്കുള്ള അധ്യക്ഷനായി തെരഞ്ഞെടുത്തതോടെ, സംയുക്ത പ്രസ്താവനയിറക്കി സമാപിച്ചു. ഇക്കുറിയും സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കത്തെയും ഊന്നല്‍ നല്‍കേണ്ട വിഷയങ്ങളുടെയും കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഭക്ഷ്യസുരക്ഷ, ഊര്‍ജം, പരിസ്ഥിതി, ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയില്‍ ഏറെക്കുറെ തൃപ്തികരമായ ധാരണയിലെത്തി എന്നതിനപ്പുറം ഈ വര്‍ഷം ആദ്യം ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ മോഡി, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനു മുന്നില്‍ ഉയര്‍ത്തിയ ഒരു നിര്‍ദ്ദേശം കൂടി ബാലി സംയുക്ത പ്രസ്താവനയുടെ ഭാഗമാക്കാന്‍ കഴിഞ്ഞു. “ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതായിരിക്കരുത്” എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ജി-20യുടെ അടുത്ത പ്രസിഡന്റ് പദത്തിലെത്തിയതിനുശേഷം ഉയര്‍ത്തിയ ആശയം എന്തുകൊണ്ടും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഇതിനുപുറമെ, ഭക്ഷ്യസുരക്ഷയില്‍ ദേശീയ‑ആഗോളതലങ്ങളില്‍ കൈവന്നിട്ടുള്ള മൗലികമായ മാറ്റങ്ങളും അവഗണിക്കുക സാധ്യമല്ല. സൈനിക ഏറ്റുമുട്ടലുകള്‍ക്ക് പുറമെ കാലാവസ്ഥാവ്യതിയാനവും അതേത്തുടര്‍ന്നുണ്ടാകുന്ന വരള്‍ച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിയുടെ വക പ്രതിപ്രവര്‍ത്തനങ്ങളും സാമ്പത്തിക വളര്‍ച്ചയെയും വികസന പ്രക്രിയയെയും ഗുരുതരമായി ബാധിച്ചിട്ടുമുണ്ടല്ലോ. ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം, പുതുതായി അധ്യക്ഷപദവിയിലെത്തുന്ന ഇന്ത്യ ഏറ്റെടുക്കേണ്ടിവരുന്ന ചുമതലയുടെ ബഹുമുഖ പ്രശ്നങ്ങള്‍ പരിഗണിക്കപ്പെടാൻ. സ്വാതന്ത്ര്യാനന്തര ഭാരതം, പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ പ്രകടമാക്കിയ ദീര്‍ഘവീക്ഷണവും സാമ്പത്തികാസൂത്രണത്തിലൂടെയുള്ള വികസന യത്നങ്ങളും ഭക്ഷ്യക്ഷാമത്തിന് ഇരയായി കോടികള്‍ ജീവന്‍ വെടിയാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ നിന്ന് ഭക്ഷ്യമിച്ചം ഒരു പരിധിവരെയങ്കിലും കൈവരിക്കാനും നിലനിര്‍ത്താനും കഴിയുന്ന ഘട്ടംവരെ എത്തിച്ചു എന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്.
ഭക്ഷ്യസുരക്ഷയോടൊപ്പം തുല്യതയിലും തുല്യനീതിയിലും അധിഷ്ഠിതമായൊരു ഭക്ഷ്യവിതരണ- ലഭ്യതാ സംവിധാനം കൂടി ഉറപ്പാക്കാനുള്ള ബാധ്യത ഏറ്റെടുക്കാന്‍ പുതിയ സ്ഥാനലബ്ധിയോടെ മോഡി നിര്‍ബന്ധിതനാകും. 2021ല്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുത്ത മന്ത്രിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനം, ഭക്ഷ്യസുരക്ഷ, നിലനില്ക്കുന്ന ഭക്ഷ്യ വ്യവസ്ഥകള്‍ എന്നിവയ്ക്ക് വിശപ്പിനെതിരായ പോരട്ടത്തില്‍ മര്‍മ്മപ്രധാനമായ സ്ഥാനങ്ങളാണ് വഹിക്കാനുള്ളതെന്നാണ് തറപ്പിച്ച് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ പ്രത്യേക ഊന്നല്‍ നല്കിയിരുന്നത്, ചെറുകിട, ഇടത്തരം കര്‍ഷകരുടെയും മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെയും ക്ഷേമതാല്പര്യങ്ങള്‍ കോട്ടം കൂടാതെ നിലനിര്‍ത്തുന്നതിലെ വീഴ്ചകള്‍ സംബന്ധമായ ആശങ്കകളാണ് എന്നും, അതിന് അനിവാര്യമായി ചെയ്യേണ്ടത് പ്രാദേശിക ഭക്ഷ്യ സംസ്കാരങ്ങളും കാര്‍ഷിക വൈവിധ്യവും എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടതാണെന്നും ആയിരുന്നു. ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത് ഇന്ത്യന്‍ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്നെ ആയിരുന്നു. ഏതായാലും ഒരു കാര്യം സുവ്യക്തമാണ്. മുന്‍വര്‍ഷത്തെ പ്രഖ്യാപനത്തിലെ ഉള്ളടക്കത്തില്‍ ഉണ്ടായിരുന്ന ആശയങ്ങളും അവ നടപ്പാക്കാനുള്ള പ്രതിബദ്ധതയും ഇന്നും പ്രസക്തമായി തുടരുകയാണ്. ജി-20 അധ്യക്ഷപദത്തില്‍ 2022 ഡിസംബര്‍ ഒന്ന് മുതല്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഈ പ്രതിബദ്ധത നിശ്ചയമായും ബാധകമായിരിക്കും. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം പിന്നിട്ട അരനൂറ്റാണ്ടു കാലയളവില്‍ ഭക്ഷ്യോല്പാദന മേഖലയിലും ഭക്ഷ്യവിതരണ സംവിധാനങ്ങളിലും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തിയ മാറ്റങ്ങളും കൈവരിച്ച നേട്ടങ്ങളും ഗൗരവപൂര്‍വമായൊരു പരിശോധനക്ക് വിധേയമാക്കപ്പെടേണ്ട സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ഏറ്റവും വലിയ നേട്ടം ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 മുതല്‍ നടപ്പാക്കാന്‍ കഴിഞ്ഞതാണ്. ഇതിലൂടെ തുല്യത ഉറപ്പാക്കാനും പൊതുവിതരണ സംവിധാനം യാഥാര്‍ത്ഥ്യമാക്കാനും സൗജന്യ ഉച്ചഭക്ഷണ പദ്ധതിയും സമഗ്രവും ഏകോപിതവുമായ ശിശുവികസന പദ്ധതിയും പ്രയോഗത്തിലാക്കാനും സാധ്യമായി. നിസാരമായൊരു നേട്ടമല്ല ഇതെന്ന് ഭരണാധികാരികള്‍ക്ക് അവകാശപ്പെടാമെങ്കിലും രാജ്യത്തിന്റെ നിരവധി മേഖലകളിലെ ആദിവാസി-ഗോത്രവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് ഇത്തരം സൗജന്യങ്ങള്‍ ഇന്നും സ്വപ്നമായി അവശേഷിക്കുകയാണ്. ഈ വീഴ്ച തിരുത്തപ്പെടുകതന്നെ വേണം.
2021ലെ ജി-20 പ്രഖ്യാപനം, വിദേശവ്യാപാരം സ്വതന്ത്രവും നീതിയുക്തവും ആയിരിക്കണമെന്നും ഗുണമേന്മയേറിയതും പോഷകാഹാര സമൃദ്ധവുമായ ഇറക്കുമതി സാധ്യമാക്കാന്‍ വിദേശവ്യാപാരത്തിന്റെ വാതിലുകള്‍ തുറന്നിടേണ്ടത് അനിവാര്യമാണ് എന്നുമാണ്. ദേശീയ, പ്രാദേശിക, വ്യാപാരത്തോടൊപ്പം ആഗോള വ്യാപാരവും വൈവിധ്യവല്ക്കരണത്തിന് വിധേയമാക്കപ്പെടേണ്ടതാണെന്ന് ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നു. ഇക്കുറിയെങ്കിലും ഇത് പ്രയോഗത്തിലാക്കാനുള്ള ബാധ്യത ജി-20 യുടെ പുതിയ അധ്യക്ഷനെന്ന നിലയില്‍ നരേന്ദ്രമോഡിയില്‍ നിക്ഷിപ്തമാണ്. മറ്റൊരു പരിഗണനാവിഷയം കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതേതുടര്‍ന്നാണ് ഗോതമ്പിന്റെയും അരിയുടെയും ഉല്പാദനത്തകര്‍ച്ചയുണ്ടാകുന്നതും അവയുടെ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തേണ്ടിവന്നതും. മനുഷ്യത്വപരവും ധാര്‍മ്മികവുമായ പരിഗണനകള്‍ കണക്കിലെടുത്ത് അഫ്ഘാനിസ്ഥാനും വാണിജ്യാടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ബംഗ്ലാദേശ്, ഈജിപ്റ്റ്, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ധാന്യക്കയറ്റുമതികള്‍ അനുവദിച്ചുവരുന്നുമുണ്ട്. ഉക്രെയ്‌ന്‍-റഷ്യ സൈനിക ഏറ്റുമുട്ടലുകള്‍ അനുദിനം വഷളായിവരുന്നൊരു സാഹചര്യത്തില്‍ അവശ്യ ഭക്ഷ്യധാന്യമായ ഗോതമ്പിന്റെ ലഭ്യതയ്ക്ക് ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചതിന്റെ പ്രത്യാഘാതം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അനുഭവിക്കേണ്ടിവന്നിരിക്കുകയാണല്ലോ. ഇതോടൊപ്പം കാലാവസ്ഥയുടെ പ്രതികൂല ആഘാതം കൂടിയാകുമ്പോള്‍ പ്രശ്നം കൂടുതല്‍ വഷളാകുന്നതിലേക്കായിക്കും കാര്യങ്ങള്‍ ചെന്നെത്തുക. ജി-20 യുടെ അടുത്ത അധ്യക്ഷപദവി ഏറ്റെടുത്തിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ഭാരിച്ച ഉത്തരവാദിത്തമാണ് ഏറ്റെടുക്കേണ്ടിവരിക. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയ വമ്പന്മാരാണ് ഈ മാസം 15ന് ആരംഭിച്ച ദ്വിദിന ഉന്നതതലത്തില്‍ പങ്കെടുത്തത്. ഇവരെല്ലാമായി നരേന്ദ്രമോഡി ദ്വികക്ഷി യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരിക്കുന്നു. ആഗോള സാമ്പത്തിക വളര്‍ച്ച, ഭക്ഷ്യ‑ഊര്‍ജ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ, ഡിജിറ്റല്‍ മേഖലകള്‍ അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവയുടെ സമഗ്രതയില്‍ വിശകലനം ചെയ്യപ്പെടുമെന്നാണ് പ്രധാനമന്ത്രി ബാലിയിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഡല്‍ഹിയില്‍ മാധ്യമങ്ങളെ അറിയിച്ചത്. ചൈനീസ് നേതൃത്വവും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ അരക്കിട്ടുറപ്പിക്കാനുള്ള ലക്ഷ്യമാണ് മുഖ്യമെന്ന് മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. ഇന്ത്യയും ജി-20 അംഗരാജ്യ നേതാക്കളുമായി ഉഭയകക്ഷി അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. ഇതെല്ലാം ഒരു വശത്ത് നടന്നുവരുന്നുണ്ടെങ്കിലും റഷ്യയുടെ ഉക്രെയ്‌ന്‍ സൈനികാക്രമണത്തിന് വിരാമമിടുന്നത് സംബന്ധമായി അര്‍ത്ഥവത്തായ തീരുമാനങ്ങള്‍ രൂപപ്പെട്ടിട്ടില്ല. കാരണം ജി-20 യോഗത്തില്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നേരിട്ട് പങ്കെടുക്കുന്നതിനു പകരം റഷ്യന്‍ വിദേശകാര്യ മന്ത്രിയാണ് ഇതിന് നേതൃത്വം നല്കിയതെന്നതുതന്നെയാണ്. ഉക്രെയ്‌നിയന്‍ ഗോതമ്പ്, കരിങ്കടല്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ മുമ്പ് നിലവിലിരുന്ന ധാരണ പുതുക്കുന്ന വിഷയവും ഗൗരവമേറിയതുതന്നെയാണ്.
ബാലിയിലെ ജി-20 സമ്മേളനവും അടുത്ത അധ്യക്ഷ സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ ആരോഹണവും അതീവ പ്രാധാന്യമര്‍ഹിച്ചതിനു മറ്റൊരു സുപ്രധാനമായ സാഹചര്യം കൂടിയുണ്ട്. 2030 ആകുന്നതോടെ “സ്ഥായിയായ വികസനലക്ഷ്യങ്ങള്‍” (സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് ഗോള്‍സ്) യാഥാര്‍ത്ഥ്യമാക്കുന്നതിനനുസൃതമായി ആഗോള ഭക്ഷ്യ സംവിധാനങ്ങളെ പരുവപ്പെടുത്തിയെടുക്കുക എന്നതാണ്. ഇതിന് അവശ്യം ഒരുക്കേണ്ടത് അഞ്ച് സാഹചര്യങ്ങളാണ്. ഒന്ന്, സുരക്ഷിതവും പോഷകാഹാര ഗുണവുമുള്ള ഭക്ഷണം എല്ലാവര്‍ക്കും ഉറപ്പാക്കുക; രണ്ട്, സ്ഥായിയായ ഉപഭോഗമാതൃകകളിലേക്കുള്ള മാറ്റം സാധ്യമാക്കുക; മൂന്ന്, പ്രകൃതിയോട് ഇണങ്ങിപ്പോകുന്ന ഉല്പാദനമാതൃകകള്‍ സാര്‍വത്രികമാക്കുക; നാല്, തുല്യതയില്‍ ഊന്നിയുള്ള ജീവിത രീതികള്‍ പ്രയോഗത്തിലാക്കുക, അഞ്ച്, അപകടസാധ്യതകള്‍ക്കെതിരെ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെ അവയുടേതായ സമ്മര്‍ദ്ദങ്ങളും ഭീഷണികളും ചെറുത്തുതോല്പിക്കാനുള്ള ഊര്‍ജം സംഭരിക്കുക. ഇന്ത്യയില്‍ മാറിമാറി അധികാരത്തില്‍ വന്ന ഭരണകൂടങ്ങള്‍, കര്‍ഷകരില്‍ നിന്നും നേരിട്ട് ഉല്പന്നങ്ങള്‍ വാങ്ങാനും അവ കേടുകൂടാതെ സ്റ്റോക്ക് ചെയ്യാനും നിര്‍ണായകഘട്ടങ്ങളില്‍ അതെല്ലാം പൊതുവിതരണ ശൃംഖലകള്‍ വഴി ഉപഭോക്താക്കളിലേക്കെത്തിക്കാനും സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പൊതുവേ ശ്രദ്ധിക്കുക പതിവാണ്. ഉല്പാദകരെയും ഉപഭോക്താക്കളെയും വിപണികളിലെ ഏറ്റക്കുറച്ചിലുകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിട്ടുകൊടുക്കാതെ സംരക്ഷിക്കുകയാണ് പ്രധാനം. ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ വഴിയല്ലാതെ ഭക്ഷ്യസുരക്ഷ എന്നത് പൂര്‍ണതയിലെത്തിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംബന്ധിച്ചിടത്തോളം ദേശീയതലത്തിലുള്ള സങ്കീര്‍ണതയാര്‍ന്ന പ്രശ്നങ്ങള്‍ക്കുപുറമെ, ജി-20 രാജ്യ കൂട്ടായ്മയുടെ പുതിയ പ്രസിഡന്റ് എന്ന നിലയില്‍ മറ്റ് അംഗരാജ്യങ്ങളുടെ താല്പര്യങ്ങള്‍ കൂടി സംരക്ഷിച്ചുവേണം നയങ്ങള്‍ക്ക് രൂപം നല്കാന്‍. കൂടാതെ പുതിയ പദവിയിലെത്തുമ്പോള്‍ പ്രസക്തമാകുന്നത് ജി-20 യുടെ ആദ്യത്തെ മൂന്നു ഉന്നതതലങ്ങള്‍ നടന്നപ്പോള്‍ ആഗോളധനകാര്യ പ്രതിസന്ധിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരുന്നത് എന്നതുകൂടിയാണ്. ഇന്നത്തെ നിലയില്‍ കോവിഡാനന്തര കാലഘട്ടത്തിലെ ആഗോള പ്രശ്നങ്ങള്‍ കൂടി പരിഗണിക്കേണ്ടിവരുന്നു. മുന്‍കാലങ്ങളില്‍ “റിക്കവര്‍ ടുഗതര്‍”- അതായത് “ഒന്നിച്ചുനിന്ന് വീണ്ടെടുക്കുക” എന്നതായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ “റിക്കവര്‍ സ്ട്രോങ്ങര്‍”- അതായത് “കൂടുതല്‍ ശക്തിയോടെ വീണ്ടെടുക്കുക” എന്നായി ലക്ഷ്യം മാറിയിരിക്കുന്നു. ജി-20യുടെ മറ്റ് ലക്ഷ്യങ്ങള്‍ക്കു പുറമെ കോവിഡ് ദുരന്തത്തില്‍ നിന്നും മോചനം നേടുക എന്നത് കൂടി പുതിയ അധ്യക്ഷന്‍ എന്ന നിലയില്‍ മോഡിക്ക് ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണ്. ഇതിനെല്ലാം പുറമെ, ഇപ്പോള്‍ ഈജിപ്റ്റില്‍ നടന്നുവരുന്ന കോപ്-27 കാലാവസ്ഥാ സമ്മേളന തീരുമാനങ്ങള്‍ കൂടി കണക്കിലെടുത്തുവേണം നയരൂപീകരണത്തിന് തുടക്കം കുറിക്കാന്‍. ചുരുക്കത്തില്‍ ജി-20 കൂട്ടായ്മയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റിരിക്കുന്ന നരേന്ദ്രമോഡിക്ക് സമ്മേളന തീരുമാനങ്ങള്‍ പ്രായോഗികതലത്തില്‍ വിജയിപ്പിക്കാനുള്ള ഭാരിച്ച ബാധ്യതയാണുള്ളത്. അത് നടപ്പായില്ലെങ്കില്‍ ഈ കൂട്ടായ്മയുടെ പ്രസക്തിതന്നെ നഷ്ടമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.