2 May 2024, Thursday

Related news

April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 21, 2024

രണ്ടുദിവസത്തെ ജി20 ഉച്ചകോടി ചെലവ് 4100 കോടി

2017 ല്‍ ജര്‍മ്മനിക്ക് 641 കോടി
ധൂര്‍ത്തില്‍ ആറാടി മോഡി
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
September 9, 2023 8:29 pm

രാജ്യതലസ്ഥാനത്ത് കൊട്ടിഘോഷിച്ച് നടത്തുന്ന രണ്ടുദിവസത്തെ ജി 20 ഉച്ചകോടിയ്ക്ക് ചെലവഴിച്ച തുക 4,100 കോടി. എന്നാല്‍ ഇതേസമയം 2017 ല്‍ ജര്‍മ്മനി നടത്തിയ ജി 20 ഉച്ചകോടിയ്ക്ക് ചെലവഴിച്ച തുക കേവലം 641 കോടി രൂപയെന്നും കണക്കുകള്‍.

2016 ല്‍ ജി 20 രാഷ്ട്രങ്ങളുടെ അധ്യക്ഷ പദവി ഏറ്റെടുത്ത ജര്‍മ്മനി 2017 ലാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ഉച്ചകോടിയ്ക്ക് ആകെ 641 കോടി രൂപയാണ് ചെലവഴിച്ചതെന്ന് ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഔദ്യേഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന വേളയിലാണ് ഇതിന്റെ ഏഴ് മടങ്ങോളം തുക മോഡിയും കൂട്ടരും ഖജനാവില്‍ നിന്ന് പാഴാക്കിയത്. 2010 ല്‍ കാനഡ 72 കോടി കനേഡിയന്‍ ഡോളറും അര്‍ജന്റീന 2018 ല്‍ 11.2 കോടിയും ചെലവഴിച്ച സ്ഥാനത്താണ് ഇന്ത്യ 4,100 കോടി ചെലവഴിച്ചിരിക്കുന്നത്.

നഗരങ്ങളുടെ മോടി പിടിപ്പിക്കല്‍, റോഡുകളുടെ നവീകരണം, പ്രതിമ സ്ഥാപിക്കല്‍, പൂന്തോട്ട നിര്‍മ്മാണം, പെയിന്റിങ്, മോഡിയുടെ ദീര്‍ഘകായ ചിത്രങ്ങള്‍, സ്വര്‍ണം- വെളളി പൂശിയ പാത്രങ്ങള്‍, ഭാരത മണ്ഡപ നവീകരണം, ലൈറ്റിങ് തുടങ്ങി വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ പണം അനാവശ്യമായി ചെലവഴിച്ച മോഡിയും കൂട്ടരും ഇല്ലാത്ത പത്രാസ് കാട്ടാന്‍ ഉച്ചകോടിയെ മറയാക്കി.

ഉച്ചകോടിയ്ക്ക് മാത്രം 4,100 കോടി ചെലവഴിച്ച മോഡിയും കൂട്ടരും തലസ്ഥാനം മൂന്നു ദിവസം പൂര്‍ണമായി അടച്ചിട്ട് നടത്തിയ മേളയുടെ ഫലമായി സംഭവിച്ച സാമ്പത്തിക നഷ്ടം കണക്കാക്കിയിട്ടില്ല. പൊതുഗതാഗതം നിരോധിച്ചും ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം, കച്ചവട സ്ഥാപനങ്ങളുടെ അടച്ചിടല്‍ എന്നിവ വഴി ഉണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം ഇതിനു പുറമെയാണ് വരുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജി 20 സമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന വേളയില്‍ 2023–24 സാമ്പത്തിക വര്‍ഷം 990 കോടി രൂപയാണ് ബജറ്റില്‍ ഉച്ചകോടി ചെലവിനായി വകകൊള്ളിച്ചത്. തുടര്‍ന്ന് തുക 4,100 കോടി രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി എക്സില്‍ അറിയിച്ചു.

പണപ്പെരുപ്പവും കുതിച്ചുയരുന്ന ഭക്ഷ്യവിലയും കാരണം രാജ്യത്തെ പട്ടിണിപ്പാവങ്ങളും സാധാരണക്കാരും മുണ്ടു മുറുക്കിയുടുത്ത് ജീവിക്കുമ്പോഴാണ് മോഡിയും കേന്ദ്ര സര്‍ക്കാരും സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത്. ചേരികള്‍ കെട്ടിമറച്ചും ദയനീയ ഇന്ത്യയുടെ മുഖം മറച്ചും, ദാരിദ്ര്യവും പട്ടിണിയും നഗര ചത്വരത്തില്‍ നിന്ന് ആട്ടിപ്പായിച്ച് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ മുഖം മിനുക്കിയ മോഡിയും കൂട്ടരും രണ്ട് ദിവസം രാജാവായി വാണത് മാത്രമാണ് ജി 20 ഉച്ചകോടിയുടെ ബാക്കിപത്രം.

Eng­lish sum­ma­ry; 4100 crores for the two-day G20 summit

you may also this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.