23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 10, 2024
July 12, 2024
June 6, 2024
May 5, 2024
January 23, 2024
October 2, 2023
July 30, 2023
June 15, 2023
May 27, 2023
April 5, 2023

ഗാന്ധി സവര്‍ക്കര്‍ പഠനത്തിലെ വൈരുദ്ധ്യങ്ങള്‍

നിലഞ്ജൻ മുഖോപാധ്യായ
November 25, 2022 6:00 am

ആരാധകര്‍ ചാര്‍ത്തിക്കൊടുത്ത വീര്‍ എന്ന വിശേഷണത്തിന് അര്‍ഹമായാണോ വിനാക് ദാമോദര്‍ സവര്‍ക്കര്‍ ജീവിച്ചത് എന്നതിലും അദ്ദേഹമൊരു ശക്തനായ ദേശീയവാദിയോ മാപ്പപേക്ഷിച്ച ദുര്‍ബലനോ ആയിരുന്നോ എന്നതിലും പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ആരോപണങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്.

ഇടതുപക്ഷക്കാര്‍ ഒഴികെയുള്ള നമ്മുടെ രാഷ്ട്രീയക്കാര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നുകൊണ്ട് കത്തെഴുതിയോ എന്നും അത് മഹാത്മാ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നോ അല്ലയോ എന്നതും സവര്‍ക്കറിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ചരിത്രവും മനസ്സിലാക്കാതെയുള്ളതും ഒരു രാഷ്ട്രീയ കുതന്ത്രവും വിമര്‍ശകരെ ഭിന്നിപ്പിക്കുന്നതും സവര്‍ക്കറിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്നതുമാണ്. ദേശീയ പ്രതിബദ്ധത ഇല്ലാത്തവരാണ് സവര്‍ക്കറെ രാജ്യത്തിന്റെ ബിബംമായി പ്രതിഷ്ഠിക്കാൻ തയ്യാറല്ലാത്തത് എന്ന് വാദിച്ച് അദ്ദേഹത്തെ ആ സ്ഥാനത്ത് എത്തിക്കാന്‍ നിലവിലെ രാഷ്ട്രീയ ഭരണകൂടത്തെ പ്രാപ്തരാക്കുന്നതിലേക്കും സവര്‍ക്കറെ സൂക്ഷ്മമായി പരിശോധിക്കാതിരിക്കുന്നതിലേക്കുമാണ് ഇത് നയിച്ചത്. 

സവര്‍ക്കറിന്റെ ദയാഹര്‍ജിയെക്കുറിച്ചും ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് അനുവദിച്ച പെൻഷനെക്കുറിച്ചും സമീപകാലത്ത് രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. അതോടൊപ്പം 1920ല്‍ സവര്‍ക്കര്‍ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് മാപ്പപേക്ഷ എഴുതിയതെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനയും ഇവിടെ പരിശോധിക്കാം.

വസ്തുതകള്‍ വളരെ ലളിതമാണ്. 1910ല്‍ വി.ഡി സവര്‍ക്കറിനെ ലണ്ടനില്‍ വച്ച് അറസ്റ്റ് ചെയ്യുകയും ഇന്ത്യയിലേക്ക് മടക്കിയയ്ക്കുകയും ചെയ്തു. ഒരു വര്‍ഷത്തിന് ഇരട്ടജീവപര്യന്ത ശിക്ഷ വിധിച്ച് ആൻഡമാനിലെ ഏകാന്ത തടവിനും അയച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ ഗണേഷ് ഡി സവര്‍ക്കറും 1909 മുതല്‍ ഇതേ കുറ്റത്തിന് അവിടെ തടവിലായിരുന്നു. 

ആൻഡമാൻ ജയിലില്‍ എത്തി 1911 മുതല്‍ ഒരു മികച്ച ദയാഹര്‍ജി എഴുത്തുകാരനായി അദ്ദേഹം മാറി. ആദ്യം 1911ലും പിന്നീട് 1912, 1914, 1916 എന്നീ വര്‍ഷങ്ങളിലും ഓരോ ന്ന് വീതവും 1920ല്‍ രണ്ട് കത്തുകളും സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ചു. “ഏത് നിലയിലും സര്‍ക്കാരിനെ സേവിക്കാൻ തയ്യാറാണ്”, “ധൂര്‍ത്തനായ പുത്രന് സര്‍ക്കാര്‍ എന്ന മാതാപിതാക്കളിലേക്ക് മടങ്ങിയെത്താനാകുമോ”, “അവസാന അവസരം” തുടങ്ങിയ ഗംഭീര പ്രയോഗങ്ങളാണ് തന്റെ കേസ് പരിഗണിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇക്കാലഘട്ടത്തില്‍ എഴുതിയ കത്തുകളില്‍ ഉണ്ടായിരുന്നത്. 

സവര്‍ക്കര്‍ തന്റെ ആദ്യ മൂന്ന് മാപ്പപേക്ഷകളും അയയ്ക്കുന്ന കാലത്ത് ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി വന്നിട്ട് പോലുമുണ്ടായിരുന്നില്ലെന്നത് പ്രധാനമാണ്. 1915 ജനുവരിയില്‍ അദ്ദേഹം നാട്ടിലെത്തിയതിന് ശേഷവും ഗാന്ധി സവര്‍ക്കറുമായി ഇടപെട്ടിരുന്നില്ല. എന്തിന് സവര്‍ക്കറുമായുള്ള കൂടിക്കാഴ്ചയോട് അദ്ദേഹത്തിന് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല.

1909ല്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ കുടിയേറ്റക്കാര്‍ക്ക് വേണ്ടി സംസാരിക്കാൻ ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് ഗാന്ധിയും സവര്‍ക്കറും തമ്മില്‍ ആദ്യമായി കാണുന്നത്. കഴ്സണ്‍ വില്ലിയെ വധിച്ച മദൻലാല്‍ ധിംഗ്രയുടെ വിചാരണയ്ക്ക് ശേഷമുണ്ടായ ആ കൂടിക്കാഴ്ച ഇരുവരും തമ്മിലുള്ള രൂക്ഷമായ അഭിപ്രായഭിന്നതയിലാണ് അവസാനിച്ചത്. 

ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയ ഗാന്ധി ഹിന്ദു സ്വരാജ് എന്ന പുസ്തകമെഴുതിയപ്പോള്‍ അതില്‍ പേര് വെളിപ്പെടുത്താത്ത ഒരു തീവ്രദേശീയവാദിയുമായി നടത്തിയ തര്‍ക്കത്തിന്റെ വിവരണം ഒരു പരമ്പര പോലെ ചേര്‍ത്തിരുന്നു. പലരും വിശ്വസിക്കുന്നത് അത് സവര്‍ക്കറുമായുള്ള തര്‍ക്കമായിരുന്നു എന്നാണ്. ധിംഗ്രയുടെ പ്രവര്‍ത്തിയിലൂടെ ഇന്ത്യ വിജയിച്ചുവെന്ന് വിശ്വസിക്കുന്നവര്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നതെന്നതില്‍ ഗാന്ധിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. അതേസമയം കൃഷ്ണന്റെ അവതാരവും ധിംഗ്രയുടെ യഥാര്‍ത്ഥ ഗുരുവുമായ സവര്‍ക്കര്‍ പ്രകോപനം ഉണ്ടാക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിരുന്ന വിവിഎസ് അയ്യര്‍ വെളിപ്പെടുത്തുകയും ചെയ്തു.

ഇതിനെല്ലാമുപരി ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ച ധിംഗ്രയും ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയും സവര്‍ക്കറുടെ അനുയായികള്‍ ആയിരുന്നു. 39 വര്‍ഷത്തിനിടെ നടന്ന ഈ രണ്ട് കുറ്റകൃത്യങ്ങളുടെയും പ്രേരണാശക്തി ഒരാളായിരുന്നു, സവര്‍ക്കര്‍.

ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗാന്ധി സവര്‍ക്കറുടെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും അക്രമമാണെന്ന് തിരിച്ചറിഞ്ഞു. ഇതിഹാസങ്ങളിലെയും മഹത് വ്യക്തികളുടെയും ഹിംസയുടെ കഥകള്‍ മനുഷ്യര്‍ക്കുള്ളില്‍ ആന്തരിക സംഘര്‍ഷങ്ങളുടെ ചിത്രീകരണമാണെന്നായിരുന്നു ഗാന്ധിയുടെ വീക്ഷണം. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ളിലെ ചെകുത്താനെ നിയന്ത്രിക്കാനാകില്ലെന്നും അദ്ദേഹം വിശ്വസിച്ചു. 

ഗാന്ധിയെ ഒരു മതവിശ്വാസിയായും സവര്‍ക്കറെ യുക്തിവാദിയും നിരീശ്വരവാദിയുമായാണ് അവതരിപ്പിക്കുന്നതെന്നതും പ്രധാനമാണ്. എന്നാല്‍ മതധാര്‍മ്മികതയില്‍ അധിഷ്ഠിതമാകണം രാഷ്ട്രീയമെന്ന് ഗാന്ധി ആഹ്വാനം ചെയ്തപ്പോള്‍ സവര്‍ക്കര്‍ രാഷ്ട്രീയ തീവ്രവാദം മതസത്വങ്ങളിലേക്ക് കുത്തിവയ്കുകയായിരുന്നു. 

രാജ്യം ഒട്ടനവധി സംഭവവികാസങ്ങള്‍ നേരിട്ട 1920ല്‍ ഗാന്ധിക്ക് സവര്‍ക്കറെ ഉപദേശിക്കാനുള്ള സാഹചര്യം ലഭിച്ചോയെന്നും പരിശോധിക്കണം. കാരണം, രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളുണ്ടായ റൗളട്ട് ആക്ട് അതിന് തൊട്ടുമുമ്പ് 1919ലാണ് പാസാക്കിയത്. സര്‍ക്കാരിന്റെ പരമാധികാരം ശക്തിപ്പെടുത്തുന്ന നിയമമായിരുന്നു അത്. ക്രൂരമായ ഈ നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ജാലിയന്‍വാലാബാഗില്‍ നടന്ന കൂട്ടക്കൊല രാജ്യത്തെ കൂടുതല്‍ വിള്ളലിലേക്ക് തള്ളഇവിടുകയും ചെയ്തു. കൊളോണിയല്‍ ഭരണാധികാരികള്‍ ഇതില്‍ പശ്ചാത്തപിച്ചില്ലെന്ന് മാത്രമല്ല, പഞ്ചാബില്‍ അടിച്ചമര്‍ത്തല്‍ തുടരുകയും ജനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഹണ്ടര്‍ കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ അതേപോലെ നടപ്പാക്കുകയും ചെയ്തു.

1919 ഡിസംബറില്‍ ഇതിനോടെല്ലാം പ്രതിഷേധിച്ച് കോണ്‍ഗ്രസ് അമൃതസറില്‍ വച്ച് പ്രഖ്യാപിച്ച നിസ്സഹകരണ പ്രസ്താനത്തിന് പലിയ പിന്തുണയും ലഭിച്ചു. സമുദായങ്ങള്‍ക്കും രാഷ്ട്രീയ സംഘടനകള്‍ക്കുമിടയില്‍ ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് ഗാന്ധി മുസ്ലിം നേതാക്കള്‍ ആവിഷ്കരിച്ച ഖിലാഫത്ത് പ്രസ്താനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആരംഭിച്ചു. ദേശീയ പ്രസ്ഥാനത്തിന് ഗാന്ധി ഒരു ബഹുജന സ്വഭാവം നല്‍കുി. വിവിധ ഗ്രൂപ്പുകളും സമുദായങ്ങളുമായി സഖ്യമുണ്ടാക്കി അടിത്തറ വികസിപ്പിക്കേണ്ടത് ഇവിടെ ആവശ്യമായിരുന്നു. 

ഈ സാഹചര്യത്തിലാണ് ഗാന്ധിക്ക് ജയിലില്‍ കഴിയുന്ന സഹോദരങ്ങളുടെ അനുജൻ നാരായണ്‍ ഡി സവര്‍ക്കറില്‍ നിന്ന് ഒരു കത്ത് ലഭിക്കുന്നത്. താങ്കളെ ഉപദേശിക്കാൻ തനിക്കാകില്ലെന്ന് ഗാന്ധി മറുപടി നല്‍കിയെങ്കിലും താങ്കളുടെ സഹോദരങ്ങള്‍ ചെയ്തത് രാഷ്ട്രീയ കുറ്റകൃത്യമാണെന്ന് വ്യക്തമാക്കുന്ന ഒരു നിവേദനം തയ്യാറാക്കാനും ആവശ്യപ്പെട്ടു. ഏതെങ്കിലും നല്ല ഇന്ത്യന്‍ ജയിലിലേക്ക് മാറ്റണമെന്ന് നാരായണ്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കിയ നിവേദനം സവര്‍ക്കറുടെ മാപ്പപേക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ കാണാതെ പോകുകയാണ് ചെയ്യുന്നത്. 1920 മെയില്‍ യംഗ് ഇന്ത്യയിലെ ഒരു ലേഖനത്തിലൂടെയാണ് ഗാന്ധി സവര്‍ക്കറുടെ മോചനത്തിനായി പിന്നീട് ഇടപെട്ടത്. 

നിയമം ലംഘിച്ച രാഷ്ട്രീയ തടവുകാര്‍ ഇനി അത് ആവര്‍ത്തിക്കില്ലെന്ന് പ്രതികജ്ഞയെടുക്കണമെന്ന 1919ലെ രാജകീയ വിളംബരമാണ് ഗാന്ധി ഈ ലേഖനത്തില്‍ ഉദ്ദരിച്ചത്. രാഷ്ട്രീയ തടവുകാരില്‍ സവര്‍ക്കര്‍ സഹോദരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ ജയിലില്‍ തന്നെ തുടരുകയാണെന്നും ഗാന്ധി ഈ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രാജകീയ വിജ്ഞാപനം പ്രസിദ്ധീകരിച്ച് അഞ്ച് മാസം പിന്നിട്ടിരുന്നു. 

“ഈ രണ്ട് സഹോദരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രസ്വഭാവമുള്ള രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാമെന്ന് ഇരുവരും തീരുമാനിക്കണം. അതിലൂടെ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കണം.”- വി ഡി സവര്‍ക്കറെയും ജ്യേഷ്ഠൻ ഗണേഷിനെയും കുറിച്ചുള്ള തന്റെ കുറിപ്പില്‍ അദ്ദേഹം പറയുന്നു. അക്രമം താല്‍ക്കാലികമാണെന്നും ഭാവി ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദത്തില്‍ നിന്നും അക്രമരാഹിത്യത്തോടുള്ള ഗാന്ധിയുടെ പ്രതിബദ്ധത വ്യക്തമായിരുന്നു. 

സവര്‍ക്കര്‍ സഹോദരന്മാര്‍ ദയാഹര്‍ജ്ജി നല്‍കണമെന്ന ആഹ്വാനം ഗാന്ധിയുടെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ ഒരു വിജയമായിരുന്നു. കാരണം, ധിംഗ്രയുടെ രാഷ്ട്രീയ ഗുരുവായിരുന്ന വി.ഡി സവര്‍ക്കറെ അക്രമരാഹിത്യത്തിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു അത്. നാരായണ്‍ ഡി സവര്‍ക്കറിനോ തന്റെ മാസികയിലോ എഴുതിയതിലൊന്നും ഗാന്ധി സവര്‍ക്കറുടെ മുൻ മാപ്പപേക്ഷകളെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. കാരണം, 1920 സെപ്തംബറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിപ്പിച്ച ജനകീയ പ്രക്ഷേഭത്തിലേക്ക് മുഴുവന്‍ ദേശീയവാദികളെയും ചേര്‍ക്കുകയെന്നതിനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. സത്യത്തില്‍ ഈ ഭാഗങ്ങളിലെല്ലാം ഹൃദയവിശാലതയും രാഷ്ട്രീയ ഉള്‍ക്കാഴ്ചയുമാണ് പ്രകടനമാകുന്നത്. കാരണം, സവര്‍ക്കര്‍ സഹോദരന്മാര്‍ മാപ്പപേക്ഷ നല്‍കുന്നതിന് അദ്ദേഹം ഉപാധികളൊന്നും മുന്നോട്ട് വച്ചിരുന്നില്ല.

നേരെ മറിച്ച് വി.ഡി സവര്‍ക്കര്‍ ഏകാന്ത തടവില്‍ നിന്നും മഹാരാഷ്ട്രയിലെ ജയിലിലേക്ക് മാറിയ ശേഷം “ഹിന്ദുത്വ: ആരാണ് ഹിന്ദു?” എന്ന ഹിന്ദിത്വ തത്വശാസ്ത്രം എഴുതാൻ തുടങ്ങി. അതില്‍ ആകൃഷ്ടനായി കെബി ഹെഡ്ഗെവാര്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന് രൂപം നല്‍കുകയും ചെയ്തു. രത്നഗിരിയിലെ തുറന്ന ജയിലിലായിരുന്നപ്പോള്‍ സവര്‍ക്കര്‍ ധാരാളം എഴുതി. രാഷ്ട്രീയത്തെക്കുറിച്ച് എഴുതാന്‍ അനുവാദമില്ലാത്തതിനാല്‍ ലളിതമായ വാക്കുകളില്‍ രാഷ്ട്രീയം ഒളിപ്പിച്ചുവച്ചാണ് അദ്ദേഹം എഴുതിയത്. ഇതില്‍ ഭൂരിഭാഗവും അങ്ങേയറ്റം അക്രമ സ്വഭാവമുള്ളവയായിരുന്നുവെന്ന് മാത്രമല്ല, പകയും പ്രതികാരവുമായിരുന്നു അദ്ദേഹത്തിന്റെ രചനകളിലെ പ്രധാന വിഷയങ്ങള്‍. 

ഗാന്ധിയുടെ രാഷ്ട്രീയ ആശയമായിരുന്ന അക്രമരാഹിത്യത്തിന് വിരുദ്ധമായി ഹിന്ദുത്വ പൗരാവലിയില്‍ അക്രമം ഒരു സുപ്രധാന ഘടകമാണെന്ന് സവര്‍ക്കര്‍ വിശ്വസിച്ചിരുന്നു. സവര്‍ക്കറിന്റെ മാപ്പപേക്ഷയില്‍ നിന്നും മാറി അദ്ദേഹം എഴുതിയതിനെയും പ്രവര്‍ത്തിച്ചതിനെയും കുറിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിമര്‍ശകര്‍ ചര്‍ച്ച ചെയ്യേണ്ട കാലമായിരിക്കുന്നു. 1909ല്‍ 1857ലെ സംഭവങ്ങള്‍ വിവരിച്ചുകൊണ്ടെഴുതിയ പുസ്തകം കണക്കിലെടുക്കുമ്പോള്‍ ആൻഡമാനില്‍ പോകുന്നതിന് മുമ്പുള്ള സവര്‍ക്കര്‍ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന വ്യക്തിയായിരുന്നു. 

1909ല്‍ ഗാന്ധി കണ്ട സവര്‍ക്കര്‍ ധിംഗ്രയ്ക്ക് മാത്രമല്ല, കൊലയാളിയായ ഗോഡ്സെ ഉള്‍പ്പെടെയുള്ളവര്‍ക്കും പ്രചോദനം നല്‍കിയെന്ന് ഭാരതീയ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ ബിജെപിയുടെ വളര്‍ച്ച അക്രമത്തില്‍ അടിസ്ഥിതമാണെന്ന് 1980കളിലും 90കളിലും രാമജന്മഭൂമിക്കും പിന്നീട് ഗുജറാത്തിലും നടത്തിയ കലാപങ്ങളില്‍ നിന്ന് വ്യക്തമാണ്. ഹിന്ദുക്കള്‍ അക്രമം അംഗീകരിക്കില്ലെന്നും എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്നുമുള്ള വാദത്തിലൂടെയാണ് ഈ രണ്ട് സംഭവങ്ങളെയും അവര്‍ ന്യായീകരിക്കുന്നത്. അതുപോലെ 2002ലെ കലാപം ഗോധ്ര കൂട്ടക്കൊലയുടെ സ്വാഭാവിക പരിണിതഫലമായി ന്യായീകരിക്കപ്പെട്ടു. പ്രകോപനങ്ങളോട് പ്രതികരിക്കാതിരിക്കുകയെന്നത് അഹിന്ദുത്വമാണെന്ന സവര്‍ക്കറുടെ വാദത്തോട് ഈ രണ്ട് വാദത്തെയും ചേര്‍ത്ത് വായിക്കാം. ഇന്നത്തെ സാഹചര്യത്തില്‍ പെട്ടെന്ന് കണ്ടെത്താനായില്ലെങ്കിലും ആ അപമാനവും മാനക്കേടും ചരിത്രത്തില്‍ എല്ലായ്പ്പോഴും കാണാം. സവര്‍ക്കറെ ഏറ്റവും വലിയ ദേശീയവാദിയായി വിശദീകരിക്കേണ്ടത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് എത്രത്തോളം അത്യാവശ്യമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകും. 

സവര്‍ക്കറെ പുനരവലോകനം ചെയ്ത് വീര്‍ എന്ന വിശേഷണം ഒഴിവാക്കിയില്ലെങ്കില്‍ പ്രതിപക്ഷവും അദ്ദേഹത്തിന്റെ നിഴലില്‍ നിന്നും മോചിതരാകില്ല. രാമനെ ഒരു ഇതിഹാസ കഥാപാത്രം എന്നതിന് അപ്പുറം രാജ്യത്തെ പ്രതിനീധികരിക്കുന്ന വീര ദൈവമായി കണക്കാക്കുന്നത് പോലെ ദേശീയ അവബോധത്തിന്റെ പിതാവാക്കി പ്രതിഷ്ഠിച്ച് സവര്‍ക്കറെ ഗാന്ധിക്കൊപ്പമോ അല്ലെങ്കില്‍ അതിനും മുകളിലോ പ്രതിഷ്ഠിക്കാന്‍ ഇടയുണ്ട്.

Eng­lish Sum­mery: Gand­hi and Savarkar – A Study in Contrast
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.