
ഗാന്ധിജി എന്ന ആശയം ഇന്ത്യയിൽ എന്നും ചലനാത്മകമായ ഒരു സത്യമാണെന്ന് വിളിച്ചോതിക്കൊണ്ട് ‘ഗാന്ധി’ നാടകം നിറഞ്ഞ സദസിൽ അരങ്ങേറി. പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിലുള്ള തിയേറ്റർ ഇന്ത്യയുടെ മൂന്നാമത് നാടകമാണ് ഗാന്ധി. ‘ഗാന്ധി’യുടെ ഔപചാരിക ഉദ്ഘാടനവും നാടക അവതരണവും കിഴക്കേക്കോട്ട കാർത്തിക തിരുന്നാൾ തിയേറ്ററിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സ്വാതന്ത്ര്യസമരം, ഗാന്ധിജിയുടെ ജീവിതത്തിലെ അപൂർവ മുഹൂർത്തങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന നാടകം പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തത പുലർത്തി. ഗാന്ധിയുടെ ജീവിതവും സ്വാതന്ത്ര്യസമര ചരിത്രവും സംസാരിക്കുന്ന നാടകം നിലവിൽ നിലനിൽക്കുന്ന ചില ഗാന്ധിയൻ ആശയങ്ങളിന്മേലുള്ള സംശയങ്ങളെയും വിശദമായി തന്നെ ചർച്ച ചെയ്യുന്നു.
നാടകത്തിന് രംഗപടം ഒരുക്കുന്നതിലൂടെ പ്രശസ്തനായ ആർട്ടിസ്റ്റ് സുജാതനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഫ്രാൻസിസ് ടി മാവേലിക്കര, പുനലൂർ സോമരാജൻ, മീനമ്പലം സന്തോഷ് എന്നിവരാണ് ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെയും ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെയും ആഭിമുഖ്യത്തിൽ ഗാന്ധി നാടകം അണിയിച്ചൊരുക്കിയത്. നാടകത്തിന്റെ സമർപ്പണം ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് നിർവഹിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.