വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ ജോഡികളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമാ ആക്ഷൻ ചിത്രമാണ് ” ഗട്ടാ ഗുസ്തി “. നേരത്തെ വിഷ്ണു വിശാലിനെ നായകനാക്കി ” സിലുക്കുവാർപെട്ടി സിങ്കം ” എന്ന ഹിറ്റ് സിനിമ സമ്മാനിച്ച സംവിധായകനാണ് ചെല്ലാ അയ്യാവു എന്നതും ശ്രദ്ധേയമാണ്. തെലുങ്ക് താരം രവി തേജ, വിഷ്ണു വിശാൽ, എന്നിവർ ചേർന്നാണ് ആർ ടി ടീം വർക്സിൻ്റെയും വി വി സ്റ്റുഡിയോസിൻ്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോൾ പുതിയ സ്റ്റില്ലുകളും പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.
ഗുസ്തിയും തല്ലും ബഹളവുമായി നടക്കുന്ന യുവാവ് ആണ് വീര. പക്ഷേ, താൻ കല്യാണം കഴിക്കുന്ന കുട്ടി അടക്കവും ഒതുക്കവും ഉള്ള പാവമായിരിക്കണമെന്നാണ് വീരയുടെ ഏക ആഗ്രഹം.നാട്ടിൽ വഴക്കാളിയായതു കൊണ്ട് സ്വന്തം നാട്ടിൽ നിന്നാരും തന്നെ വീരയ്ക്ക് പെണ്ണിനെ നല്‍കില്ല. അവസാനം കേരളത്തിൽ നിന്നും കീർത്തി എന്ന പെൺകുട്ടിയെ വീര വിവാഹം കഴിക്കുന്നു.മൂക്കത്ത് ദേഷ്യമുള്ള, ഒന്നു പറഞ്ഞ് രണ്ടാമത് തല്ലിനിറങ്ങുന്ന പരാക്രമിയായ പെൺകുട്ടിയാണ് കീർത്തി. കല്യാണത്തെ തുടർന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പ്രയാണം. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും തിളങ്ങുകയാണ് ഐശ്വര്യ ലക്ഷ്‍മി.മണിരത്‍നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൽ സെൽവനിൽ പൂങ്കുഴലി എന്ന ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ച് താരം കൈയ്യടി നേടിയിരുന്നു.
” ഗട്ടാ ഗുസ്തി“യും താരത്തിനു മറ്റൊരു വഴിത്തിരിവായി ഭവിക്കും എന്നാണു പ്രതീക്ഷ. അത്രയും വ്യത്യസ്തതയുള്ള ശക്തമായ നായികാ കഥാപാത്രത്തെയാണത്രെ ഈ സിനിമയിൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, കരുണാസ്, മുനീഷ് കാന്ത്, കിംഗ്സ്ലി, ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും , റിച്ചാർഡ് എം നാഥൻ ഛായ ഗ്രഹണവും നിർവഹിക്കുന്നു. ഡിസംബർ 2ന് മാജിക് ഫ്രെയിംസ് ” ഗട്ടാ ഗുസ്തി” കേരളത്തിൽ റിലീസ് ചെയ്യും.
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.