23 January 2026, Friday

തകര്‍ന്നടിഞ്ഞ് ഗാസ; ആശുപത്രികളിലും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും വ്യോമാക്രമണം

*ഇസ്രയേല്‍ കരസേന ഗാസയ്ക്കുള്ളില്‍
Janayugom Webdesk
ജറുസലേം
October 29, 2023 9:34 pm

ഗാസയില്‍ ആശുപത്രികളിലും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലുമടക്കം ബോംബ് വര്‍ഷം ശക്തമാക്കി ഇസ്രയേല്‍. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8,000 കടന്നു. ഇതില്‍ 3595 കുട്ടികളാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19,734 പേര്‍ക്ക് പരിക്കേറ്റു. കരയുദ്ധം ആരംഭിച്ചതോടെ പ്രദേശത്തെ ഇന്റർനെറ്റ്, ആശയവിനിമയ സേവനങ്ങൾ പാടെ തകർന്നു. പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട ഗാസയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. 

വടക്കൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലേക്കും ഇസ്രയേല്‍ കരസേന ആക്രമണം നടത്തി. ഇതിനൊപ്പം വ്യോമാക്രമണവും കൂടിയായപ്പോള്‍ ഗാസ സിറ്റിയടക്കം പല ഭാഗങ്ങളും തകര്‍ന്നടിഞ്ഞു. ഇസ്രയേല്‍ കരസേന ഗാസയ്ക്കുള്ളിലാണ് ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഹമാസിന്റെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടു നീങ്ങുന്ന കരസേനയ്ക്കൊപ്പം അവരുടെ എൻജിനീയറിങ് വിഭാഗവുമുണ്ട്. 

ദക്ഷിണ ഗാസയിലേക്ക് ജനങ്ങളെയും വഹിച്ചുകൊണ്ടുള്ള ബസിനു നേരെ ഇസ്രയേല്‍ റോക്കറ്റ് ആക്രമണം നടത്തി. ദക്ഷിണ മേഖലയിലേക്ക് മാറാൻ ഗാസയിലെ ജനങ്ങളോട് ഇസ്രയേല്‍ തന്നെ ആവശ്യപ്പെട്ടതാണ്. അതേസമയം കരയുദ്ധം വ്യാപിപ്പിക്കാൻ വാര്‍ ക്യാബിനറ്റ് ഐകകണ്ഠ്യേന അനുമതി നല്‍കിയതായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇപ്പോള്‍ യുദ്ധത്തിന്റെ തുടക്കം മാത്രമാണെന്നും ഗാസയിലുള്ള ആക്രമണം കഠിനവും ദൈര്‍ഘ്യമേറിയതുമായിരിക്കുമെന്നും രാജ്യം അതിന് തയ്യാറാവുന്നതായും നെതന്യാഹു പറഞ്ഞു. ബന്ദികളെ പരസ്പരം കൈമാറാനുള്ള പലസ്തീന്റെ നിര്‍ദേശം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്നും നെതന്യാഹു പ്രതികരിച്ചു. 

നിരാലംബരായ പലസ്തീന്‍ ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കാന്‍ മേഖലയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎൻ പൊതുസഭ പാസാക്കിയിരുന്നു. എന്നാല്‍ ഇസ്രയേല്‍ പ്രമേയം തള്ളി. യുഎൻ സുരക്ഷാസമിതി ഇന്ന് വീണ്ടും യോഗം ചേരും. വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് സുരക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയങ്ങളൊന്നും പാസായിരുന്നില്ല. 

Eng­lish Sum­ma­ry: Gaza in ruins; Air strikes on hos­pi­tals and refugee centers
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.