
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ നിലപാട് പറയാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പ സംഗമത്തെ യുഡിഎഫ് എതിർക്കുന്നുവെന്നും സംഗമത്തിൽ പങ്കെടുക്കില്ല എന്നുമായിരുന്നു യുഡിഎഫിന്റെ മുൻ നിലപാട്. എന്നാൽ സംഗമം ബഹിഷ്കരിക്കില്ലെന്നാണ് നിലവിൽ മാധ്യമങ്ങളോട് സതീശൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സംഗമവുമായി യുഡിഎഫ് സഹകരിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞു.
ചില ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും ഉത്തരം കിട്ടിയാൽ സംഗമത്തിൽ പങ്കെടുക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സമുദയ സംഘടനകളുടെ നിലപാട് സംബന്ധിച്ച ചോദ്യങ്ങൾക്കും അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. അതിലൊന്നും ഇടപെടില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു. ശബരിമല വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം എന്ത് ചെയ്തുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയാല്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താമെന്നുമാണ് വി ഡി സതീശന്‍ പറയുന്നത്.
സെപ്‌തംബർ 20ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ശബരിമലയുടെ ഭാവി വികസന പദ്ധതികളും വേദിയില്‍ ചർച്ചയാകും. ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. ഇന്ത്യയിലേയും വിദേശത്തെയും 3000 പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.