19 December 2024, Thursday
KSFE Galaxy Chits Banner 2

ആഗോളമാന്ദ്യ മുന്നറിയിപ്പും ആശങ്കകളും

ടി ഷാഹുല്‍ ഹമീദ്
January 14, 2023 4:30 am

പുതിയവർഷം ആരംഭിക്കുമ്പോൾ തന്നെ ലോകത്ത് വിവിധ രാഷ്ട്രീയ, സാമൂഹ്യ പ്രശ്നങ്ങൾക്കൊപ്പം സാമ്പത്തിക മാന്ദ്യത്തിന്റെ മുന്നറിയിപ്പുകളും ഉയർന്നു വന്നിരിക്കുകയാണ്. റഷ്യ‑ഉക്രെയ്‌ൻ യുദ്ധം പുതിയ തലത്തിലേക്ക് വളർന്ന് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെപ്പോലും തകിടംമറിക്കുന്ന രീതിയിൽ ആഗോള പ്രശ്നമായിട്ടും അത് പരിഹരിക്കുവാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത നേരിടുന്ന ഘട്ടത്തിലാണ് പുതിയ വർഷം ആരംഭിച്ചത്. കോവിഡ് 19 ലോക സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയ കയ്പേറിയ അനുഭവങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനിടെ പുതിയ വകഭേദം ചില രാജ്യങ്ങളിൽ കൂടി വരുന്നത് 2023ന്റെ നെഞ്ചിടിപ്പാണ്. യൂണിസെഫിന്റെ അഭിപ്രായത്തിൽ ലോകത്ത് 1.8 ട്രില്യൺ മണിക്കൂർ വിദ്യാഭ്യാസമാണ് കോവിഡ് നഷ്ടപ്പെടുത്തിയത്. അത് പരിഹരിച്ച് വിദ്യാഭ്യാസം സാധാരണ നിലയിലേക്കാകുമ്പോഴേക്കാണ് പുതിയ വകഭേദ ഭീഷണി 2023 ന്റെ വലിയ വെല്ലുവിളിയായി ഉയർന്നുവരുന്നത്.
2022ൽ 95 ദശലക്ഷം പേർ അതിദാരിദ്ര്യത്തിലേക്ക് പുതുതായി കടന്നുവന്നു എന്ന സാഹചര്യം 2023ലും തുടരുമെന്നാണ് വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുമ്പോൾ മനസിലാകുന്നത്. വ്യക്തികളുടെയും രാജ്യങ്ങളുടെയും കടം വർധിക്കുന്നു.


ഇതുകൂടി വായിക്കൂ: ലൈഫ് ഇൻഷുറൻസ് കോർപറേഷനും സ്വകാര്യമേഖലയ്ക്ക്


കോർപറേറ്റുകളുടെ കടം രാജ്യങ്ങൾ ഏറ്റെടുക്കുമ്പോൾ സാധാരണ വ്യക്തികൾ കൂടുതൽ കടക്കയത്തില്‍ അകപ്പെടുന്നു. ലോകത്ത് 483 ദശലക്ഷം യുഎസ് ഡോളറിന്റെ നികുതിവെട്ടിപ്പുകൾ കോർപറേറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്നു എന്നാണ് റിപ്പോർട്ട്. നികുതിവെട്ടിപ്പുകൾ തടയണമെന്നും കോർപറേറ്റുകളിൽ നിന്നും കൂടുതല്‍ നികുതി (സോളിഡാരിറ്റി ടാക്സ്) ഈടാക്കി പ്രയാസം അനുഭവിക്കുന്ന ജനതയെ സഹായിക്കണമെന്ന പുതിയ ആവശ്യം ശക്തമായി ഉയർന്നുവരാൻ സാധ്യതയുണ്ട്. കാരണം ലോകത്തിലെ 70 ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള അസമത്വം നേരിടുന്നവരാണ്. 274 ദശലക്ഷം പേർക്ക് അടിയന്തര മാനുഷിക പരിഗണന ലഭിക്കേണ്ടതായിട്ടുമുണ്ട്. ഇതിന് 141 ബില്യൺ യുഎസ് ഡോളർ ആവശ്യമാണ്. ഇത് കണ്ടെത്താനുള്ള എളുപ്പ മാർഗമാണ് സമ്പത്ത് കൂടുതൽ ഉള്ളവരിൽ കൂടുതൽ നികുതി ചുമത്തുക എന്നത്. ഇന്ത്യയിൽ മാത്രം കഴിഞ്ഞ ആറു വർഷത്തിനിടയിൽ 11.18 ലക്ഷം കോടിയുടെ കോർപറേറ്റ് വായ്പകളാണ് എഴുതിത്തള്ളിയത്. 2022ൽ മാത്രം ഒരു ലക്ഷം കോടി എഴുതിത്തള്ളി എന്നാണ് പാർലമെന്റ് രേഖകൾ വ്യക്തമാക്കുന്നത്.
രാജ്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരങ്ങൾ ജനങ്ങളെ പലയിടങ്ങളിലും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു. 2021ൽ ലോകത്താകമാനം 3,330 സാമൂഹിക സുരക്ഷാ പദ്ധതികൾ ഉണ്ടായെങ്കിലും അത് ജനസംഖ്യയിലെ തൊഴിലെടുക്കുന്ന വിഭാഗങ്ങളിലെ 30.6 ശതമാനത്തിന് മാത്രമേ സുരക്ഷിതത്വം നല്കുന്നുള്ളൂ. 2022ൽ 53 രാജ്യങ്ങളിലായി 19.3 കോടി ജനങ്ങൾ ഭക്ഷ്യപ്രതിസന്ധി നേരിട്ടു എന്നത് 2023ലും തുടരും എന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇതുകൂടി വായിക്കൂ:  കോർപറേറ്റുകൾക്കായി കേന്ദ്രം ജനങ്ങളെ ശിക്ഷിക്കുന്നു


ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷ(ഐഎൽഒ)ന്റെ അഭിപ്രായത്തിൽ 52 ദശ ലക്ഷം പേർ നിലവിലുള്ള തൊഴിലിടങ്ങളിൽ നിന്നും അപ്രത്യക്ഷമാകും. എന്നാല്‍ പാരിസ് ഉടമ്പടി പ്രകാരം ലോകത്തിന്റെ താപനില രണ്ടുഡിഗ്രി സെൽഷ്യസിൽ താഴെയാക്കുന്നതിന് വേണ്ടി വിവിധ രാജ്യങ്ങളിൽ 18 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ ഈ വർഷം ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം 187 രാജ്യങ്ങളിൽ 90 ശതമാനം തൊഴിലാളികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള മിനിമം കൂലി ലഭിക്കുന്നില്ല.
ആഗോള ആഭ്യന്തര ഉല്പാദനത്തിന്റെ വളർച്ച നിലവിലുള്ള 3.2 ശതമാനത്തിൽ നിന്നും 2023ൽ 2.7 ആയി കുറയുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ലോകത്തെ മൂന്ന് വലിയ സാമ്പത്തിക ശക്തികളായ അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന എന്നിവ വലിയ പ്രതിസന്ധി 2023ൽ നേരിടുമെന്ന് ഉറപ്പാണ്. ചൈനയുടെ അപ്രമാദിത്വം പല മേഖലകളിലും കുറയുമെന്നും പ്രവചിക്കപ്പെടുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ആഭ്യന്തര ഉല്പാദനത്തിന്റെ 50 ശതമാനവും പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ജൈവവൈവിധ്യ സമ്പത്ത് പൂർണമായി സംരക്ഷിക്കുന്നതിന് ഉല്പന്നങ്ങൾ കൂടുതൽ പ്രകൃതി സൗഹൃദമാകേണ്ടതായിട്ടുണ്ട്. ലോകത്ത് 840 ദശലക്ഷം പേർക്ക് വൈദ്യുതി ലഭിക്കുന്നില്ല.


ഇതുകൂടി വായിക്കൂ:  റബ്ബർ കൃഷിയിലും കുത്തകവൽക്കരണം


വിദ്യാഭ്യാസവും നൈപുണ്യവും തമ്മിലുള്ള വിടവ് കുറയ്ക്കുക എന്നത് ഈ ഘട്ടത്തിൽ ലോകരാജ്യങ്ങൾ ലക്ഷ്യമിടുന്ന ഒരു പ്രധാന പ്രവർത്തനമാണ്. നിലവിലുള്ള വിദ്യാഭ്യാസ രീതിയിൽ നിന്ന് മാറിയാൽ 2025 ആകുമ്പോഴേക്കും 41 ശതമാനം പുതിയ തൊഴിലവസരങ്ങൾ ഈ മേഖലയിൽ ഉണ്ടാകും എന്ന് കണക്കാക്കപ്പെടുന്നു. വളർന്നുവരുന്ന തലമുറയ്ക്ക് നൈപുണ്യ ശേഷി വർധിപ്പിക്കാൻ 400 ബില്യൺ യുഎസ് ഡോളർ വേണ്ടിവരും. ഇത് എങ്ങനെ സംഘടിപ്പിക്കുമെന്നത് ലോകരാജ്യങ്ങളെ അലട്ടുന്ന വലിയ പ്രശ്നമാണ്. കൃത്രിമ ബുദ്ധി അടക്കമുള്ള എല്ലാ പുതിയ സാങ്കേതികവിദ്യകളുടെയും വിവരങ്ങൾ ഇംഗ്ലീഷിലാണ് രേഖപ്പെടുത്തുന്നത്. ഇത് ഇംഗ്ലീഷ് അറിയാത്തവർക്ക് ഉണ്ടാക്കുന്ന അങ്കലാപ്പ് 2023ലും ആവർത്തിക്കപ്പെടും. പ്രതിദിനം 400 കോടി പേര്‍ ഇന്റർനെറ്റിലൂടെ കലാകായിക മത്സരങ്ങളും, മറ്റു വിനോദ സംവിധാനങ്ങളും കാണുന്നതും ഈ വര്‍ഷം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ ലോകകപ്പ് ഉദ്ഘാടനം ലോകത്തെ 450 കോടി ജനങ്ങൾ കണ്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.
ഓൺലൈൻ വഴിയുള്ള ഗിഗ് സമ്പദ്‌വ്യവസ്ഥ വളർച്ച തുടരാനിടയുണ്ട്. സ്ഥിരമായി ജോലി എന്നതിന് പകരം പീസ് വർക്ക് ആയി ജോലി ചെയ്യുന്ന പ്രവണതയാണ് ലോകത്ത് ആകമാനം തുടരുന്നത്. ആഗോള മാന്ദ്യത്തിനൊപ്പം ആണവായുധ ഭീഷണി, ഉയര്‍ന്ന പലിശ നിരക്ക്, ജീവിത ച്ചെലവ് വർധന, തൊഴിലില്ലായ്മ, അസമത്വം, പട്ടിണി, കൂട്ടപ്പലായനം, ആരോഗ്യ രംഗത്തുള്ള വെല്ലുവിളികൾ, തൊഴിലില്ലായ്മ, ലൈംഗികാതിക്രമം, അഴിമതി, ഭീകരത തുടങ്ങിയവ കൂടിയാകുമ്പോൾ വലിയ വെല്ലുവിളികളാണ് ലോകത്തിന് മുന്നിലെന്ന് വ്യക്തമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.