കശുമാങ്ങനീരിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാൻ സർക്കാരിന്റെ അനുമതി തേടി വീണ്ടും പ്ലാൻറേഷൻ കോർപറേഷൻ. ഗോവൻ മാതൃകയിലുള്ള ഫെനി ഉല്പാദനമാണ് പ്ലാന്റേഷൻ കോർപറേഷൻ ലക്ഷ്യമിടുന്നത്. കശുമാങ്ങനീരിൽനിന്ന് മദ്യം (ഫെനി) നിർമിക്കാൻ പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അടുത്തിടെ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്ലാന്റേഷൻ കോർപറേഷൻ വീണ്ടും സർക്കാരിനെ സമീപിക്കുന്നതെന്ന് കോർപറേഷൻ ചെയർമാൻ ഒ പി എ സലാം പറഞ്ഞു.
നേരത്തേ ഫെനി ഉല്പാദിപ്പിക്കാൻ അനുമതിതേടി കോർപറേഷൻ സർക്കാരിനെ സമീപിക്കുകയും പദ്ധതി സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിൽ സർക്കാർ തുടർനടപടി സ്വീകരിച്ചിരുന്നില്ല. എക്സൈസ് ചട്ടങ്ങളിൽ ദേഭഗതി വരുത്തണമെന്നും സർക്കാർ അറിയിച്ചിരുന്നു. നിലവിൽ കശുമാങ്ങയിൽ നിന്നും ശീതളപാനീയം ഓസിയാന എന്ന പേരിൽ പ്ലാന്റേഷൻ കോര്പറേഷന് വിപണിയിലെത്തിക്കുന്നുണ്ട്. വിപണിയിൽ ഏറെ പ്രിയമുള്ള പാനീയത്തിന് പുറമെയാണ് പുതിയ പദ്ധതി കൂടി കോർപറേഷൻ ലക്ഷ്യമിടുന്നത്.
അടുത്തിടെ, പഴവർഗങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാൻ അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് വൈൻ ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് സർക്കാർ ലൈസൻസ് നൽകും. ഇതിനുവേണ്ടി അബ്കാരി നിയമങ്ങളിൽ ഭേദഗതി വരുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി പുതിയ മദ്യനയത്തിന്റെ കരട് ചട്ടത്തിന്റെ പ്രാഥമിക രൂപരേഖയിൽ കാനറികൾക്ക് ലൈസൻസ് നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിവറേജസ് കോർപറേഷനാകും സംഭരണവിതരണ അവകാശമെന്നും കരടിൽ പറയുന്നു.
പഴങ്ങളിൽനിന്നുള്ള വൈനിനെക്കുറിച്ച് അബ്കാരി നിയമത്തിലോ എക്സൈസ് ചട്ടത്തിലോ പറയുന്നില്ല. ഈ സാഹചര്യത്തിലാണ് ‘ഫ്രൂട്ട് വൈൻ’ പുതിയ കരടിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അനുമതി നൽകിയത്. എക്സൈസിന്റെ അനുമതികൂടി ലഭിച്ചാലേ ഇവർക്ക് ഉല്പാദനം ആരംഭിക്കാൻ കഴിയൂ.
നിലവിൽ 6000 ഹെക്ടറിലാണ് കോർപറേഷന്റെ കശുമാവ് കൃഷി. ഫെനി ഉല്പാദന പദ്ധതി വിജയിച്ചാൽ കശുമാവിൻ കൃഷി വിപുലമാക്കാനും കോർപറേഷൻ ആലോചിക്കുന്നുണ്ട്. മുമ്പ് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിന് ആവശ്യമായ പദ്ധതി സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സമർപ്പിച്ച പദ്ധതിക്ക് ഇക്കഴിഞ്ഞ ഏഴിന് ബോർഡ് അംഗീകാരം നൽകുകയും ചെയ്തു.
English Summary: Goan-style alcohol from cashews: Produced by Plantation Corporation
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.