26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 17, 2024
July 6, 2024
July 2, 2024
June 22, 2024
June 19, 2024
June 16, 2024
May 23, 2024
May 9, 2024
April 24, 2024
March 19, 2024

മദ്യത്തിന് ജിഎസ്‌ടി ചുമത്താനുള്ള നീക്കം കൗണ്‍സില്‍ ഉപേക്ഷിച്ചു

സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പ്
റെജി കുര്യന്‍
ന്യൂഡല്‍ഹി
October 7, 2023 11:10 pm

മദ്യത്തിന് ജിഎസ്‌ടി ചുമത്താനുള്ള നീക്കത്തില്‍ നിന്നും ജിഎസ‌്ടി കൗണ്‍സില്‍ പിന്മാറി. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന 52-ാമത് യോഗം ഈ തീരുമാനമെടുത്തത്. തീരുമാനങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. മനുഷ്യോപയോഗത്തിനുള്ള മദ്യത്തിന്റെ നിര്‍മ്മാണത്തിലെ മുഖ്യഘടകമായ ഇഎന്‍എ (എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോള്‍) ജിഎസ്‌ടിയില്‍ നിന്നും ഒഴിവാക്കാനും തീരുമാനിച്ചു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളുടെയും മുഖ്യ വരുമാന മാര്‍ഗമായ മദ്യ നികുതിയില്‍ ജിഎസ‌്ടി ഏര്‍പ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇഎന്‍എയെ ജിഎ‌സ‌്ടി പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം. അതേസമയം വ്യവസായ ആവശ്യത്തിനുള്ള ഇഎന്‍എ ജിഎ‌സ‌്ടി പരിധിയില്‍ നിലനില്‍ക്കും. ഇതിനുള്ള നിയമ ഭേദഗതികള്‍ നിയമ കമ്മിറ്റി പരിശോധിക്കുമെന്ന് സീതാരാമന്‍ വ്യക്തമാക്കി.

കരിമ്പു കര്‍ഷകരെ സഹായിക്കാന്‍ ശര്‍ക്കരപാനി (മൊളാസസ്) യുടെ ജിഎസ്‌ടി 28ല്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറയ്ക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കരിമ്പു കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശിക വേഗത്തില്‍ ലഭിക്കാന്‍ പുതിയ തീരുമാനം ഗുണകരമാകുമെന്നാണ് നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടത്. കാലിത്തീറ്റ ഉല്പാദനത്തിലും ഉപയോഗിക്കുന്ന മൊളാസസിന്റെ നികുതി ഇളവ് കന്നുകാലി കര്‍ഷകര്‍ക്കും ഗുണകരമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ലേബലുള്ളതോ പായ്ക്കു ചെയ്തവയോ അല്ലാതെ തൂക്കി നല്‍കുന്ന ചെറുധാന്യങ്ങള്‍ 70 ശതമാനം വരെ അടങ്ങിയ പൊടികളെ ജിഎ‌സ‌്ടിയില്‍ നിന്നും ഒഴിവാക്കി. ലേബലും പാക്കുചെയ്തതുമായ ഇത്തരം പൊടികള്‍ക്ക് അഞ്ച് ശതമാനം ജിഎ‌സ‌്ടി ചുമത്താനാണ് യോഗം തീരുമാനമെടുത്തത്. ഓണ്‍ലൈന്‍ വിപണി സജീവമായിരിക്കുന്ന സാഹചര്യത്തില്‍ ഐജിഎസ‌്ടി വരുമാനം വീതം വയ്ക്കുന്നത് സംബന്ധിച്ച് കാലാനുസൃതമായ നിര്‍വചനങ്ങളും പഠനങ്ങളും വേണം. ഈ ആവശ്യം കേരളം യോഗത്തില്‍ ഉന്നയിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ കേരളാ ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാന്‍ ധാരണയായെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: The coun­cil dropped its move to impose GST on liquor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.