‘എവിടെ ശിരസ് സമുന്നതവും
എവിടെ മനസ് നിര്‍ഭയവും
എവിടെ അറിവ് സ്വതന്ത്രവും
എവിടെയാണോ ഇടുങ്ങിയ
ഹൃദയഭിത്തികളാല്‍ ലോകം
ശിഥിലമാക്കപ്പെടാതിരിക്കുന്നതും
അവിടെ സ്വാതന്ത്ര്യത്തിന്റെ
മഹാസ്വര്‍ഗത്തിലേക്ക് എന്റെ നാടുണരട്ടെ’
മഹാകവി രവീന്ദ്രനാഥ ടാഗോര്‍, ഇന്ത്യന്‍ മണ്ണിലേക്കും ഏഷ്യാ ഭൂഖണ്ഡത്തിലേക്കും പ്രഥമമായി നൊബേല്‍ സമ്മാനം കൊണ്ടുവന്ന ‘ഗീതാഞ്ജലി‘യിലൂടെ ഈ വിധം ഉദ്ഘോഷിച്ചു. 1947 ഓഗസ്റ്റ് 14 അര്‍ധരാത്രിയില്‍ നിന്ന്, പാരതന്ത്ര്യത്തിന്റെ ഇരുട്ടില്‍ നിന്ന്, ഓഗസ്റ്റ് 15ന്റെ സുപ്രഭാതത്തിന്റെ സ്വാതന്ത്ര്യവെളിച്ചത്തിലേക്ക് ഇന്ത്യ ഉണര്‍ന്നു. ടാഗോര്‍ സ്വപ്നം കണ്ട സ്വാതന്ത്ര്യത്തിന്റെ മഹാസ്വര്‍ഗത്തിലേക്കുള്ള ഉയര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്പും ഉണ്‍മയും ഉന്മേഷവും പടര്‍ന്നു പരിലസിച്ചു. ഗാന്ധിജി ഈ മഹാസ്വര്‍ഗത്തിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്പില്‍ മുട്ടന്‍ വടിയും പിടിച്ച് മുട്ടോളമെത്തുന്ന മുണ്ടുമായി മുന്‍നിര നായകനായി നിന്നു. പക്ഷേ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഗാന്ധിജി ഉണ്ടായിരുന്നില്ല, ഇന്ത്യാ വിഭജന കാലത്തെ വര്‍ഗീയ ലഹളകളുടെ ചോരപ്പുഴകള്‍ സൃഷ്ടിക്കപ്പെട്ട മണ്ണിലൂടെ ശാന്തിഗീതവുമായി നടക്കുകയായിരുന്നു.
ഒന്നര നൂറ്റാണ്ടിലേറെ നീണ്ടുനിന്ന പാരതന്ത്ര്യത്തിന്റെ കാരിരുമ്പു ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുവാന്‍ എത്രയെത്ര രക്തസാക്ഷിത്വങ്ങള്‍, എത്രയെത്ര വീരേതിഹാസ പോരാട്ടങ്ങള്‍. ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ലാറി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്ന് എഴുതിയ ഗ്രന്ഥം വായിച്ചാല്‍ ഇന്ത്യന്‍ ജനത സ്വാതന്ത്ര്യദാഹത്തോടെ നടത്തിയ ത്യാഗസുരഭിലമായ പോരാട്ടത്തിന്റെ ഉജ്വലമായ ഏടുകള്‍ കാണാം. വെടിയുണ്ടകളുടെയും കഴുമരങ്ങളുടെയും ചോരപ്പുഴകളുടെയും വര്‍ഗീയ ലഹളകളുടെയും ഗാന്ധിവധത്തിന്റെയും സംഘ്പരിവാര്‍ വഞ്ചനയുടെയും കറുത്ത അധ്യായങ്ങള്‍ കാണാം.
1857 അടിമത്വത്തിനെതിരായ ആദ്യകലഹം. ഝാന്‍സി റാണിയും താന്തിയാ തോപ്പിയും നാനാസാഹിബും ഉമാദത്ത് ശങ്കറും ബഹദൂര്‍ഷായുമെല്ലാം നേതൃത്വം നല്‍കിയ പോരാട്ടം. ഈ ഒന്നാം സ്വാതന്ത്ര്യസമരത്തെ ‘ശിപായി ലഹള’ എന്ന് വിളിച്ച് ബ്രിട്ടീഷുകാരും അവരുടെ കുഴലൂത്തുകാരും അധിക്ഷേപിച്ചു. ഝാന്‍സി റാണി പോരാട്ട ഭൂമിയില്‍ വീരമൃത്യു വരിച്ചു. താന്തിയാ തോപ്പിയും ഉമാദത്ത് ശങ്കറും കഴുമരത്തിലേറ്റപ്പെട്ടു. 1857ലെ സ്വാതന്ത്ര്യ പോരാട്ടകാലത്ത് മുഗള്‍ സാമ്രാജ്യത്തിലെ പോരാളികള്‍ മേയ് 11ന് ചുവപ്പുകോട്ടയില്‍ ഇരച്ചുകയറി. പ്രക്ഷോഭത്തിനായി ബഹദൂര്‍ഷാ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഒടുവില്‍ രാജ്യദ്രോഹം, ഗൂഢാലോചന, കൊലപാതകം, കലാപം എന്നീ കുറ്റങ്ങള്‍ ചുമത്തി സൈനിക കോടതി അദ്ദേഹത്തെ റങ്കൂണിലേക്ക് നാടുകടത്തുകയും ചെയ്തു. ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം അപ്രസക്തവും നിയമപരമായി സാധുതയുമില്ലാത്തതാണെന്ന് പില്‍ക്കാലത്ത് നിയമവിദഗ്ധരും ചരിത്രകാരന്‍മാരും വിലയിരുത്തിയിട്ടുണ്ട്.
രാമനും റഹീമും ഒന്നുതന്നെ എന്ന് ഉദ്ഘോഷിച്ച ‘സബ്കോ സന്‍മതി ദേ ഭഗവാന്‍’ എന്നു പാടി നടന്ന മഹാത്മാഗാന്ധി മതവിദ്വേഷത്തിനും വൈരത്തിനുമെതിരെ എഴുത്തിലൂടെയും മൃദുപ്രഭാഷണങ്ങളിലൂടെയും പൊരുതി. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ പുലരുമ്പോള്‍ ഗാന്ധിജി, വര്‍ഗീയ ലഹളകളാല്‍ ചോരപ്പുഴയൊഴുക്കപ്പെട്ട നവഖാലിയുടെ മണ്ണിലൂടെ ശാന്തിമന്ത്രവുമായി നടക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ ആ മണ്ണില്‍ പൊരുതിയ ഗാന്ധി, ഇന്ത്യന്‍ മണ്ണില്‍ സാമ്രാജ്യത്വ അധിനിവേശത്തിനും വര്‍ണ വംശ വിദ്വേഷത്തിനുമെതിരായി പട നയിച്ചു. ‘ദേശീയതയില്‍ വിദ്വേഷം അരുത്, അത് ദേശീയതയുടെ ആത്മാവിനെ നശിപ്പിക്കും’ എന്നെഴുതിയ ഗാന്ധിജി ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ആത്മകഥയിലൂടെ ഉല്‍ഫുല്ലമായ പോരാട്ടഗാഥയും ജീവിത കഥയുമാണ് നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നത്.
അമേരിക്കന്‍ ഗാന്ധി എന്ന് വിളിപ്പേരുള്ള മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, ഗാന്ധിജിയുടെ സ്വാധീനത്തെക്കുറിച്ച് പറഞ്ഞു: ‘വര്‍ണവെറിക്കും വംശവിദ്വേഷത്തിനുമെതിരായി പോരാടുവാനും അഹിംസയില്‍ ഉറച്ചുവിശ്വസിക്കുവാനും ഗാന്ധിജിയുടെ സന്ദേശത്തിലൂടെയും പ്രവര്‍ത്തന മാഹാത്മ്യത്തിലൂടെയും കഴിഞ്ഞു.’ ഇന്ന് വര്‍ണവെറിയും വംശവിദ്വേഷവും ആളിക്കത്തുന്ന ഇരുണ്ടകാലമാണ്.
ഗാന്ധിജിയുടെ ഹൃദയത്തിലേക്ക് 1948 ജനുവരി 30 സായാഹ്നത്തില്‍ വെടിയുണ്ടകള്‍ വര്‍ഷിച്ച നാഥുറാം വിനായക് ഗോഡ്സേ നിരന്തരം പുനരവതാരം ചെയ്യുകയാണ്. ഗാന്ധി വീണ്ടും വീണ്ടും വധിക്കപ്പെടുന്നു. ഭരണഘടനാശില്പിയായ ബി ആര്‍ അംബേദ്കര്‍ സംഘപരിവാര ഫാസിസ്റ്റ് സവര്‍ണ പൗരോഹിത്യ ശക്തികളാല്‍ അവഹേളിക്കപ്പെടുന്നു. പക്ഷേ ഗാന്ധിജിയും അംബേദ്കറും മുന്നോട്ടുവച്ച ആശയധാരകള്‍ ഇന്ത്യന്‍ ഹൃദയങ്ങള്‍ കൈവിടുകയില്ല.
വര്‍ഗീയ ലഹളകളില്‍ 84 ശതമാനത്തോളം വര്‍ധന സംഘപരിവാര ഫാസിസ്റ്റ് ഭരണകൂടത്തിന്‍കീഴില്‍ ഉണ്ടായെന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ശാന്തിഗീതം ഉയര്‍ത്തിയ ഗാന്ധിയെ നാം ഓര്‍മ്മിക്കുകയും മതനിരപേക്ഷ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയും വേണം. ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക’ എന്ന ഗാന്ധിജിയുടെ ആഹ്വാനം ഇക്കാലത്ത് ഏറ്റവും പ്രസക്തമാവുകയാണ്.
‘പങ്കിട്ടുതിന്നുന്ന ദൈവങ്ങള്‍ ഭക്തന്റെ
ചങ്കു കീറുന്നൊരു ഹിംസ കളങ്ങളില്‍
സ്നേഹം ചുവപ്പായ്പച്ചയായ് കാവിയായ്
മാതൃഗർഭങ്ങൾ പിളർക്കുന്നിടങ്ങളിൽ
ചുടുചോര നിലവിളിച്ചമരും നിലങ്ങളിൽ-
തനിയേ നടക്കുന്നു ഗാന്ധി…നിശ്വാസമായ്
തനിയേ വിതുമ്പുന്നു ഗാന്ധി.
എവിടെയുമുയിർക്കുന്നു ഗാന്ധി’ — വി മധുസൂദനന്‍ നായര്‍ ഗാന്ധിജിയെക്കുറിച്ച് എഴുതിയ വരികള്‍ വര്‍ഗീയ ഫാസിസത്തിന്റെ ഈ ദുരന്തകാലത്ത് പ്രസക്തമാണ്.
“ദുരാചാര മലിനതാ സംഗയാം ഗംഗേ
തപസ്തീർത്ഥ വചനം മറന്നൊരു സരസ്വതീ
വെടിയുപ്പു മരണമായ് തുപ്പുന്ന സിന്ധു
നിരാലംബ നയനം നിറച്ചോരു നർമ്മദേ
തുള്ളിനീർ കലഹം മറിച്ചിട്ട കാവേരീ
നിങ്ങളീ രക്ത സബർമതിക്കക-
മൂറി നിൽക്കുന്നൊരശ്രുനീരൊരുതുള്ളിയാചമിക്കൂ…
ആത്മശുദ്ധരായ് ഒന്നു ചേർന്നൊഴുകൂ.’
സബര്‍മതിയില്‍ ഗാന്ധിജി ഉയര്‍ത്തിയ മതനിരപേക്ഷ സന്ദേശവും സനാതന ഹിന്ദുത്വ മാതൃകയും വര്‍ത്തമാനകാല ഇന്ത്യക്ക് മാതൃകയാകുന്നു. ആ ഗാന്ധിയാണ്, ഇന്നത്തെ ഇന്ത്യയുടെ വര്‍ഗീയ ഫാസിസത്തിന്റെ വര്‍ത്തമാനകാലത്ത് എവിടെയോ കരയുന്ന ഗാന്ധിയാണ് നമുക്ക് ആശ്രയവും ആശ്വാസവും.
ദുരാചാരത്തിനെതിരെ ശബ്ദിച്ച ഗാന്ധിജിയാണ് നവീന ഇന്ത്യയുടെ മാര്‍ഗദര്‍ശി. വര്‍ഗീയ കലാപങ്ങള്‍ക്കും വംശഹത്യകള്‍ക്കും നേതൃത്വം നല്‍കുന്ന സംഘ്പരിവാറിന്റെ ഇരുണ്ട കരങ്ങള്‍ ആര്‍ത്തലയ്ക്കുമ്പോള്‍ ഗാന്ധിജിയുടെ മാര്‍ഗം നമ്മെ മുന്നോട്ടു നയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.