22 December 2024, Sunday
KSFE Galaxy Chits Banner 2

ഔഷധ മികവിന്റെ സുവർണ ജൂബിലി

ടി ജെ ആഞ്ചലോസ്
September 12, 2024 4:16 am

സംസ്ഥാനത്തെ പൊതുമേഖലയിലെ ആദ്യ മരുന്നുല്പാദന കമ്പനിയായ കെഎസ്ഡിപിക്ക് (കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്) ഇന്ന് 50 വയസ്. 1973ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനം 1974 സെപ്റ്റംബർ 12ന് വ്യവസായ മന്ത്രിയായിരുന്ന ടി വി തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ അടുക്കള എന്നാണ് ടിവി ഈ സ്ഥാപനത്തെ വിശേഷിപ്പിച്ചത്. വ്യാജമരുന്നുകൾ വിപണി വാഴുന്ന നാളുകളിൽ സാധാരണക്കാർക്ക് ഗുണനിലവാരമുള്ളതും താങ്ങാനാവുന്ന വിലയ്ക്കുമുള്ള മരുന്നുകൾ ലഭ്യമാക്കുക എന്നതായിരുന്നു ടിവിയുടെ ലക്ഷ്യം. പരമ്പരാഗത വ്യവസായമായ കയറിന്റെ നാട്ടിൽ ആധുനിക വ്യവസായങ്ങളും ഉയർന്നുവരണമെന്ന് ടിവി ആഗ്രഹിച്ചു. ഓട്ടോ കാസ്റ്റ്, കേരളാ സ്പിന്നേഴ്സ്, സ്കൂട്ടേഴ്സ് കേരള, കയർ കോർപറേഷൻ, എക്സൽ ഗ്ലാസസ്, മണല്‍ ഇഷ്ടിക ഫാക്ടറി, കയർ കോർപറേഷൻ, ഫോം മാറ്റിങ്സ്, കയർ ഫെഡ്, പ്രഭുറാം മിൽസ് എന്നിങ്ങനെ ടിവി വിഭാവനം ചെയ്ത പദ്ധതികൾ ഏറെയുണ്ടായിരുന്നു ആലപ്പുഴയിൽ. 

വിവര സാങ്കേതികവിദ്യ ഇന്നത്തെ ലോകത്തെ നയിക്കുമ്പോൾ 50 വർഷങ്ങൾക്കപ്പുറം ടിവി അതേക്കുറിച്ച് ചിന്തിച്ചു. അതിൽ നിന്നാണ് കെൽട്രോൺ രൂപംകൊണ്ടത്. ഇന്നത്തെ കണ്ണൂർ, കാസർകോട് ജില്ലകളിലെ ബീഡിത്തൊഴിലാളികളെ പട്ടിണിയിലാക്കി, മുതലാളി മംഗലാപുരത്തേക്ക് പോയപ്പോൾ അവിടെ ക്യാമ്പ് ചെയ്ത് വാശിയോടെ ദിനേശ് ബീഡിയെന്ന സംരംഭത്തിന് ടിവി രൂപം നൽകി. ആറ്റിങ്ങലിലെ നാളികേര വികസന കോംപ്ലക്സ്, കശുവണ്ടി വികസന കോർപറേഷൻ, മലബാർ സിമന്റ്സ്, ചവറ ടൈറ്റാനിയം, ടെക്സ്റ്റൈൽ കോർപറേഷൻ ബാംബു കോർപറേഷൻ തുടങ്ങി ടിവി സ്ഥാപിച്ച വ്യവസായ സ്ഥാപനങ്ങൾ ഏറെയാണ്. ചെറുകിട വ്യവസായങ്ങളുടെ ഭാവി ലക്ഷ്യമാക്കിയാണ് ഓരോ പഞ്ചായത്തുകളിലും മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിച്ചത്.
കേരളത്തിനനുയോജ്യമായ ഒട്ടേറെ വ്യവസായങ്ങൾ തെക്ക് മുതൽ വടക്ക് വരെ സ്ഥാപിക്കുവാൻ ടിവിക്ക് കഴിഞ്ഞു. അതിന്റെ ഭാഗമായി ആലപ്പുഴയിൽ സ്ഥാപിച്ച കെഎസ്ഡിപിയുടെ കുതിപ്പിന്റെയും കിതപ്പിന്റെയും നാളുകളായിരുന്നു പിന്നിട്ട 50 വർഷം. സ്ഥാപനത്തെ സ്വകാര്യവൽക്കരിക്കുവാൻ യുഡിഎഫ് ഭരണത്തിൽ നടന്ന ഗൂഢനീക്കങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് എഐടിയുസി നയിച്ചത്. പ്രവർത്തന മൂലധനമില്ലാതെ സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ച നാളുകളുമുണ്ടായിരുന്നു. ദീർഘകാലം ഈ സ്ഥാപനത്തിലെ എഐടിയുസി യൂണിയനെ നയിച്ചത് സി കെ ചന്ദ്രപ്പനായിരുന്നു. സ്ഥാപനത്തെ സംരക്ഷിക്കുവാനുള്ള പ്രക്ഷോഭങ്ങൾ നയിച്ചതും അദ്ദേഹമായിരുന്നു. 

വൻതോതിൽ കമ്മിഷൻ നൽകി ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിതരണം ചെയ്ത് വിപണി കീഴടക്കുവാൻ വൻകിട കോർപറേറ്റുകൾ മത്സരിക്കുമ്പോൾ കെഎസ്ഡിപിക്ക് പിടിച്ചുനിൽക്കണമെങ്കിൽ സർക്കാർ ഇടപെടൽ എല്ലാ കാലഘട്ടത്തിലും ആവശ്യമാണ്. സംസ്ഥാനത്തിനാവശ്യമായ മരുന്നുകൾ സർക്കാർ സ്ഥാപനമായ കെഎസ്ഡിപിയിൽ നിന്നുതന്നെ വാങ്ങുമെന്ന് ഉറപ്പുവരുത്തണം. 84ലധികം മരുന്നുകൾ ഉല്പാദിപ്പിക്കുന്നുവെങ്കിലും 16 എണ്ണം മാത്രമാണ് സംസ്ഥാന മെഡിക്കൽ സർവീസ് കോർപറേഷൻ വാങ്ങുന്നത്. കഴിഞ്ഞ മാസവും മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് പ്രതിസന്ധി ഒഴിവായത്.
സ്വകാര്യ കമ്പനികളുടെ മരുന്നിന്റെ വില മാത്രം നോക്കി ടെന്‍ഡര്‍ ഉറപ്പിക്കരുത്. മരുന്നിന്റെ ഗുണനിലവാരവും നോക്കണം. സർക്കാർ ഇതിൽ ഉറച്ച നിലപാട് സ്വീകരിക്കണം. ജനങ്ങളുടെ ആരോഗ്യസംരക്ഷണമാകണം മുഖ്യലക്ഷ്യം. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ടി വി തോമസ് ആരോഗ്യ വകുപ്പിന്റെ അടുക്കള എന്ന് കെഎസ്ഡിപിയെ വിശേഷിപ്പിച്ചത്. 

കെഎസ്ഡിപി സ്ഥാപിക്കുമ്പോൾത്തന്നെ ഗവേഷണ വിഭാഗവും വേണമെന്ന ദീർഘകാല കാഴ്ചപ്പാട് ടിവിക്കുണ്ടായിരുന്നു. ഇതിനായി തൊട്ടടുത്തുതന്നെ ഭൂമി വാങ്ങുകയും ചെയ്തു. എന്നാൽ വാശിയോടെ ഇത് വിൽക്കണമെന്നതായിരുന്നു ചിലരുടെ ലക്ഷ്യം. അതിൽ അവർ വിജയിക്കുകയും ചെയ്തു.
വിപണിയിൽ മത്സരിക്കണമെങ്കിൽ ഗവേഷണ കേന്ദ്രം ഉണ്ടായേ മതിയാകൂ എന്നതാണ് ഇന്നത്തെ അവസ്ഥ. അതിനായി ഭൂമി കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് അധികൃതർ. ഗവേഷണ കേന്ദ്രത്തിനുള്ള ഭൂമി വില്പന നടത്തി കിട്ടിയതിനെക്കാൾ ഇരട്ടിവില നൽകിയാലേ ഇനി ഭൂമി കണ്ടെത്താനാകൂ. വിത്തെടുത്ത് കുത്തരുതെന്ന് അന്നേ എഐടിയുസി പറഞ്ഞതാണ്. കെഎസ്ഡിപിയെ കേവലം ഒരു വ്യവസായ സ്ഥാപനം എന്നതിനെക്കാൾ രാജ്യത്തെ ആരോഗ്യ മേഖലയുടെ സംരക്ഷണ കേന്ദ്രം എന്ന നിലയിൽ വികസിപ്പിക്കണം. ലാഭക്കണ്ണോടെ മനുഷ്യരുടെ ആരോഗ്യ വിഷയങ്ങളിൽ ഇടപെടുന്ന ആഗോള ഭീമന്മാർക്കെതിരെയുള്ള കേരളത്തിന്റെ പ്രതിരോധമായി ഇതിനെ വളർത്തിയെടുക്കണം. സുവർണ ജൂബിലി വർഷം അതിനുള്ളതാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.