23 December 2024, Monday
KSFE Galaxy Chits Banner 2

ചരക്ക്-സേവന നികുതി വ്യവസ്ഥ പൊളിച്ചെഴുതണം

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 8, 2023 4:45 am

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതനുസരിച്ച് കേന്ദ്രസര്‍ക്കാരിനാണ് നികുതി ചുമത്തുന്നതിനും നികുതി പിടിച്ചെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരുകളെക്കാളേറെ അധികാരങ്ങളുള്ളത്. എന്നാല്‍, റവന്യുചെലവിന്റെ ഏറെയും ഏറ്റെടുക്കേണ്ടി വരുന്നത് സംസ്ഥാന സര്‍ക്കാരുകളായിരിക്കും. ഈ സംവിധാനത്തില്‍ മാറ്റം വേണമെന്ന ആവശ്യം ബലപ്പെടാന്‍ തുടങ്ങിയത് ചരക്കുസേവന നികുതി-ജിഎസ്‌ടി-വ്യവസ്ഥ നിലവില്‍ വന്നതോടെയാണ്. കേന്ദ്ര‑സംസ്ഥാന ധനവിനിയോഗങ്ങളിലെ താളംതെറ്റലുകള്‍ തിരുത്താനുള്ള ബാധ്യത ഭരണഘടന ഏല്പിച്ചിരുന്നത് അഞ്ച് വര്‍ഷം ഇടവിട്ട് നിയോഗിക്കുന്ന ധനകാര്യ കമ്മിഷനെ ആയിരുന്നെങ്കിലും, നാളിതുവരെ ഈ തിരുത്തല്‍ നടന്നിട്ടില്ല. ജിഎസ്‌ടിയോടെ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധനകാര്യ ബന്ധങ്ങളി‍ല്‍ നിലനില്ക്കേണ്ടിയിരുന്ന ‘വെര്‍ട്ടിക്കല്‍ ബാലന്‍സ്’-കുത്തനെയുള്ള സമതുലിതാവസ്ഥ തീര്‍ത്തും അപ്രത്യക്ഷമായിരിക്കുന്നു. ജിഎസ്‌ടി വ്യവസ്ഥയില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ഒരേസമയം 50 ശതമാനം വീതം നികുതി ചുമത്തുന്ന സംവിധാനം നിലവില്‍ വരികയാണ് ചെയ്തത്. ഇതിനുപുറമെ, അന്തര്‍ സംസ്ഥാന ജിഎസ്‌ടി(ഐഎസ്‌ടി)വ്യവസ്ഥയും ഉണ്ട്. ഈ നികുതിവരുമാനത്തില്‍ 50 ശതമാനം കേന്ദ്രം പിരിച്ചെടുക്കുകയും അത് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൃത്യമായി കെെമാറുകയും ചെയ്യാനാണ് ധാരണയായത്.

ഇതുവഴി രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുകയും കെെമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന മുഴുവന്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഒറ്റനികുതി മാത്രമാണ് ഉണ്ടായിരിക്കുക. സംസ്ഥാനങ്ങള്‍ക്ക് നികുതി നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ അധികാരമുണ്ടായിരിക്കില്ല. കേന്ദ്രസര്‍ക്കാരിനും ഈ പരിമിതിയുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക ജിഎസ്‌ടി കൗണ്‍സില്‍ യോഗം ചേര്‍ന്നായിരിക്കും. എന്നാല്‍, സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ ‘വീറ്റോ’ ചെയ്യാനോ, സ്വന്തം തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കാനോ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടായിരിക്കുകയും ചെയ്യും. വസ്തുതകളും സാഹചര്യങ്ങളും ഈ നിലയിലായിരിക്കെ കേരള സര്‍ക്കാര്‍ ജിഎസ്‌ടി വ്യവസ്ഥയെ തുടക്കത്തില്‍ത്തന്നെ സ്വാഗതം ചെയ്യുകയും ഇപ്പോള്‍ ഈ നികുതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ധനകാര്യ കമ്മിഷനുകളുടെ 2005-06 മുതല്‍ 2020–21 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് 47 ശതമാനം സംസ്ഥാന സര്‍ക്കാരുകളും റവന്യുചെലവുകള്‍ നടത്തിയിരുന്നത് തനത് റവന്യുവരുമാന സ്രോതസുകളിലൂടെ ആയിരുന്നു എന്നാണ്. ഇതിനര്‍ത്ഥം കേന്ദ്ര‑സംസ്ഥാന ധനകാര്യ ബാലന്‍സില്‍ പറയത്തക്ക കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ്. എന്നാല്‍ ഇതേ കാലയളവില്‍ത്തന്നെ പ്രധാനപ്പെട്ട നാല് മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഒന്ന്, കേന്ദ്രസര്‍ക്കാരിന്റെ ധനകാര്യ അടിത്തറ കൂടുതല്‍ വിപുലമായി. രണ്ട്, സംസ്ഥാനങ്ങളുടെ ധനക്കമ്മി നിയന്ത്രണ വിധേയമാക്കുക വഴി പാര്‍ലമെന്റ് പാസാക്കിയ ധനകാര്യ ഉത്തരവാദിത്ത ബജറ്റില്‍ മാനേജ്മെന്റ് നിയമം (എഫ്ആര്‍ബിഎംഎ) ഒരുവിധം തൃപ്തികരമായി പ്രാബല്യത്തിലാക്കാന്‍ കഴിഞ്ഞു.


ഇതുകൂടി വായിക്കൂ: വികസനവും ക്ഷേമവും വിഭവസമാഹരണവും


മൂന്ന്, സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് പ്രാതിനിധ്യവും അഭിപ്രായ പ്രകടന സ്വതന്ത്ര്യവും ഉണ്ടായിരുന്ന ആസൂത്രണ കമ്മിഷനും ദേശീയ വികസന സമിതിയും ഇല്ലാതാവുകയും ഒട്ടും ജനാധിപത്യ സ്വഭാവമില്ലാത്ത, വെറുമൊരു വകുപ്പിന്റെ പദവിയിലേക്ക് തരംതാഴ്ത്തപ്പെട്ട നിതി ആയോഗ് എന്ന സംവിധാനം പകരക്കാരനായി എത്തുകയും ചെയ്തു. കേന്ദ്ര‍ സര്‍ക്കാരില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് കിട്ടി വന്നിരുന്ന ഗ്രാന്റുകളും ഇല്ലാതായി. ഈ മാറ്റങ്ങളിലൂടെ കേന്ദ്രത്തിന്റെ ധനകാര്യ അധികാരം വര്‍ധിക്കുകയും സംസ്ഥാനങ്ങളുടേത് കുത്തനെ ഇടിയുകയുമാണ് ചെയ്തത്. നാല്, 2017ലാണ് ഒരു ഇടിത്തീപോലെ ജിഎസ്‌ടി പരിഷ്കാരം വന്നുപെടുന്നത്. മോണറ്റെെസേഷന്റെ ദുരന്തം വര്‍ധിപ്പിക്കുകയാണ് ജിഎസ്‍ടി ചെയ്തത്. ഇതിന്റെയെല്ലാം ആഘാതം കൂടുതല്‍ വന്നുപതിച്ചതോ, സംസ്ഥാനങ്ങളിലെ ഗ്രാമീണ‑അനൗപചാരിക മേഖലകളിലെ ചെറുകിട‑ഇടത്തരം സംരംഭങ്ങളുടെ തകര്‍ച്ചയിലും. തൊഴിലവസരങ്ങള്‍ കുത്തനെ ഇടിയുകയും വരുമാനം നിലയ്ക്കുകയും ചെയ്തു. ഇത് സംസ്ഥാന സര്‍ക്കാരുകളുടെ റവന്യുഘടനയെ അപ്പാടെ തകിടംമറിച്ചു. റവന്യുസമാഹരണത്തില്‍ സ്വന്തംനിലയില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഭിക്ഷയാചിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി ഗ്രാന്റുകള്‍ നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് 40 ശതമാനം റവന്യുചെലവുകളും സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ സമാഹരിക്കേണ്ടിയും വന്നിരിക്കുന്നു. കേന്ദ്രവും, സംസ്ഥാനങ്ങളും തമ്മിലുള്ള നികുതിപങ്കിടല്‍ ഘടനയില്‍ സമൂലവും സമഗ്രവുമായ മാറ്റം വരുത്തണം. പെട്രോളിയം ഉല്പന്നങ്ങള്‍ക്കുള്ള എക്സെെസ് തീരുവ ചുമത്തല്‍ അധികാരം പൂര്‍ണമായും കേന്ദ്രത്തിനാണെങ്കില്‍ മദ്യത്തിനുമേലുള്ള എക്സെെസ് തീരുവയും വില്പന നികുതിയും ചുമത്താനും പിരിച്ചെടുക്കാനുമുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. മറ്റ് മുഴുവന്‍ ചരക്കുകള്‍ക്കും ജിഎസ്‌ടി ബാധകമായിരിക്കുന്നു. ഇതിലാണ് മാറ്റം വരുത്തേണ്ടത്.

സിജിഎസ്‌ടിയും എക്സെെസ് ഡ്യൂട്ടിയും ചുമത്താനും കെെവശപ്പെടുത്താനും ഉള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെെമാറണം. മുഴുവന്‍ ജിഎസ്‌ടിയും സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകണം. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന മുഴുവന്‍ ചരക്കുകളും സേവനങ്ങളും പെട്രോളിയം ഉല്പന്നങ്ങളുള്‍പ്പെടെ ജിഎസ്‌ടിയുടെ ഭാഗമാക്കുക. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ പങ്കാളിത്തമുള്ള ഇന്റഗ്രേറ്റഡ് ജിഎസ്‌ടി (ഐജിഎസ്‌ടി)യുടെ ഒരു ഭാഗം മാത്രം കേന്ദ്രം പിരിച്ചെടുക്കുക. അങ്ങനെ ഒരു സംവിധാനം നിലവില്‍ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളിലെ നികുതിവ്യവസ്ഥയ്ക്ക് ഐകരൂപ്യം ഉറപ്പാക്കാന്‍ കഴിയും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് കുമാര്‍ മുഖര്‍ജി ഈ പുതിയ നികുതി നിര്‍ദേശം ഉന്നയിച്ചതും ഡോ. തോമസ് ഐസക്കിനെ പോലുള്ള സംസ്ഥാന ധനമന്ത്രിമാര്‍ ഇതിന് സമ്മതം മൂളിയതും. എന്നാല്‍, ഈവക കാര്യങ്ങളില്‍ അവസാനവാക്ക് ജിഎസ്‌ടി കൗണ്‍സിലിനായിരിക്കണം. ഇവിടെയും ഒരു ഉടക്ക് നിലനില്‍ക്കുന്നുണ്ട്. ജിഎസ്‌ടി കൗണ്‍സിലിന്റെ നിലവിലെ വ്യവസ്ഥയനുസരിച്ച് ഏതു തീരുമാനവും ‘വീറ്റോ’ ചെയ്യാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടായിരിക്കും. ഈ വ്യവസ്ഥ നീക്കം ചെയ്യപ്പെടുക തന്നെ വേണം. അതോടെ കേന്ദ്ര‑സംസ്ഥാന ധനകാര്യ ബന്ധങ്ങളില്‍ യോജിച്ച തീരുമാനങ്ങള്‍ക്കുള്ള അന്തരീക്ഷം നിലവില്‍ വരികയും ജിഎസ്‌ടി കൗണ്‍സില്‍ ഒരു ജനാധിപത്യ സംരക്ഷണ വേദിയായി മാറുകയും ചെയ്യും. നികുതി വിഷയത്തില്‍ സമവായം യാഥാര്‍ത്ഥ്യമാക്കാനും സഹകരണ ഫെഡറലിസം പ്രയോഗത്തിലാക്കാനും വഴിയൊരുക്കുകയും ചെയ്തേക്കാം. അതോടെ ചരക്കു, സേവന നികുതി എന്നത് സ്റ്റേറ്റിന്റെ അവകാശ മേഖലയായി മാറുകയും ചെയ്യും. പെട്രോളിയം ഉല്പന്നങ്ങള്‍ക്കുള്ള എക്സെെസ് തീരുവകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെെമാറുന്നതോടെ ജിഎസ്‌ടിയുമായുള്ള ഇവയുടെ വിളക്കിചേര്‍ക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്തുക മാത്രമല്ല, നിലവില്‍ ഗുരുതരമായി അനുഭവപ്പെടുന്ന ഇന്ധന വിലവര്‍ധന എന്ന പ്രശ്നത്തിനുകൂടി പരിഹാരമാവുകയും ചെയ്യും.


ഇതുകൂടി വായിക്കൂ: യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞ ബജറ്റ്


സംസ്ഥാനങ്ങളുടെ ധനശേഷി മെച്ചപ്പെടാനും ഇതു വഴിവയ്ക്കും. ധനപരമായ വരുമാനം കെെകാര്യം ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത മെച്ചപ്പെടുത്താന്‍ സഹായകമാവുകയും ചെയ്തേക്കാം. എന്തിനും ഏതിനും കേന്ദ്രസര്‍ക്കാരിനെ ആശ്രയിക്കേണ്ടി വരുന്ന ഇന്നത്തെ സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം, സ്വന്തം പിടിപ്പുകേടിന് കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ പഴിക്കാനുള്ള പ്രവണതയ്ക്ക് വിരാമമിടാനും സഹായകമാകാം. ഡോ. കെ എന്‍‍ രാജ് അഭിപ്രായപ്പെട്ടതുപോലെ ‘വികസനത്തിന്റെ രാഷ്ട്രീയത്തിനായിരിക്കും രാഷ്ട്രീയത്തിന്റെ വികസനത്തെക്കാള്‍ മുന്‍ഗണനയും പ്രാധാന്യവും’ ലഭിക്കുക. ഉപഭോഗ നിലവാരം വിവിധ സംസ്ഥാനങ്ങളില്‍ സമാന നിലവാരം പുലര്‍ത്തുന്നില്ല എന്ന പ്രശ്നം തുടര്‍ന്നും നിലനില്‍ക്കും. തൊഴിലവസരങ്ങളിലും വരുമാനത്തിലുമുള്ള ഗുരുതരമായ അന്തരങ്ങളാണിതിന് കാരണം. വരുമാന അന്തരമനുസരിച്ച് ചെലവുകളിലും അന്തരം സ്വാഭാവികമാണ്. സമ്പദ്‌വ്യവസ്ഥയിലാകെ വ്യാപിച്ചുകിടക്കുന്ന അസന്തുലിതാവസ്ഥയും വരുമാന അസമത്വങ്ങളും നിശ്ശേഷം തുടച്ചുമാറ്റാനായില്ലെങ്കിലും അവയില്‍ കുറവ് വരുത്താന്‍ പരമാവധി ശ്രമിക്കണം. ഇതിന് അവശ്യം ചെയ്യേണ്ടത് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായ വിഹിത കെെമാറ്റം തുല്യതയെ അടിസ്ഥാനമാക്കിയും ആവശ്യാനുസരണവും ആണെന്ന് ഉറപ്പാക്കുകയാണ്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പും ശേഷവും തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് സഹകരണ ഫെഡറലിസം പ്രയോഗത്തിലാക്കും എന്നതാണല്ലൊ. ഇതിലേക്കായി മുന്‍കയ്യെടുക്കേണ്ടതും ത്യാഗം ചെയ്യേണ്ടതും കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്; സംസ്ഥാന പ്രാദേശിക ഭരണകൂടങ്ങളല്ല. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട ചുമതലകളെല്ലാം ജിഎസ്‌ടി‌ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെെമാറുന്ന കാര്യം ഗൗരവപൂര്‍വം പരിഗണിക്കേണ്ട ഘട്ടമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.