23 December 2024, Monday
KSFE Galaxy Chits Banner 2

‘തെക്ക്-വടക്ക്’ ആഖ്യാനം ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം

Janayugom Webdesk
February 9, 2024 5:00 am

കേരളം, കർണാടകം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയുമടക്കം തങ്ങൾക്ക് അർഹമായ നികുതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെ റവന്യു വരുമാനത്തിന്റെയും വിഹിതത്തിനുവേണ്ടി ശബ്ദമുയർത്തുമ്പോഴും, അത് അവഗണിക്കപ്പെടുമ്പോൾ പരസ്യ പ്രതികരണങ്ങൾക്ക് നിർബന്ധിതമാകുമ്പോഴും, പ്രശ്നപരിഹാരത്തിന് മുതിരാതെ അത് ‘തെക്ക്-വടക്ക്’ ഭിന്നതയായി ചിത്രീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും നടത്തുന്ന ശ്രമങ്ങൾ ദുരുപദിഷ്ടവും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയതുമാണ്. ചരിത്രപരവും വ്യക്തവുമായ കണക്കുകൾ നിരത്തി ഉന്നയിക്കുന്ന ആവശ്യങ്ങളോട് പ്രതികരിക്കാതെ ലഭ്യമായ വിഭവങ്ങൾക്കുവേണ്ടി പരസ്പരം പോരാടുകയാണെന്ന ആഖ്യാനം സൃഷ്ടിച്ച് സംസ്ഥാനങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തി ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുടിലവും വിനാശകരവുമായ പതിവ് തന്ത്രമാണ് മോഡിയും ബിജെപിയും പ്രയോഗിക്കാൻ ശ്രമിക്കുന്നത്. ബിജെപിയും ആർഎസ്എസ് അടക്കം അതിന്റെ പൂർവ അവതാരങ്ങളും പ്രയോഗിച്ചുപോന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് സംസ്ഥാനങ്ങളെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ ഭിന്നിപ്പിക്കാനും അവയ്ക്കിടയിൽ രാഷ്ട്രീയശത്രുത വളർത്താനുമുള്ള ശ്രമം. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളിലധികമായി രാജ്യവും ഇന്ത്യൻ ജനതയും കൈവരിച്ച രാഷ്ട്രീയ ഉദ്ഗ്രഥനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും കടയ്ക്കൽ കത്തിവയ്ക്കുകയാണ് അധികാരദുരമൂത്ത ഇവർ ചെയ്യുന്നത്. 10 വർഷത്തെ മോഡിഭരണം കൊണ്ട് കൈവരിക്കാനാകാത്ത നേട്ടം ഈ വിധ്വംസക പ്രവർത്തനംകൊണ്ട് നേടിയെടുക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നതിനും മത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നതിലും അവരെ നിരന്തരമായ ഭയത്തിന്റെയും ആശങ്കയുടെയും നിഴലിലാക്കുന്നതിനും മോഡിയും ബിജെപിയും സംഘ്പരിവാറും ഒരുപരിധിവരെ വിജയിച്ചിട്ടുണ്ടാവാം. അതുമാത്രംകൊണ്ട് എക്കാലത്തും അധികാരം ഉറപ്പിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം തകർക്കാനുള്ള ഇപ്പോഴത്തെ ആത്മഹത്യാപരമായ നീക്കം.


ഇതുകൂടി വായിക്കൂ;  ബിജെപിയുടെ പതനത്തിന് ആക്കംകൂട്ടുമോ ഉത്തരാഖണ്ഡ്


സാർവത്രിക വിദ്യാഭ്യാസം, ഭൂപരിഷ്കരണം, ജനസംഖ്യാ നിയന്ത്രണം, സാമൂഹിക നവോത്ഥാനവും പുരോഗതിയും, സമ്പത്തിന്റെയും വിഭവങ്ങളുടെയും നീതിപൂർവമായ വിതരണം, ലിംഗനീതി, മെച്ചപ്പെട്ട ജീവിതനിലവാരം, ആയുർദൈർഘ്യം തുടങ്ങിയ രംഗങ്ങളിൽ ഏറ്റക്കുറച്ചിലുകളോടെയെങ്കിലും വളർച്ചയും പുരോഗതിയും കൈവരിച്ച സംസ്ഥാനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ നികുതി, റവന്യു വരുമാന വിഹിത ലഭ്യതയിൽ കടുത്ത വിവേചനം നേരിടുന്നത്. ഈ രംഗങ്ങളിൽ പിന്നാക്കാവസ്ഥ നേരിടുന്ന സംസ്ഥാനങ്ങൾക്ക് അർഹമായ പരിഗണയും നീതിയും ലഭ്യമാകണം. അത് രാഷ്ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിൽ ആവരുത്. ഇവിടെ സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടികളുടെയും മുന്നണികളുടെയും, കേന്ദ്രഭരണം നടത്തുന്ന പാർട്ടിക്ക് വിവിധ സംസ്ഥാനങ്ങളിൽനിന്നും ലഭിക്കുന്ന വോട്ടിന്റെയും രാഷ്ട്രീയ പിന്തുണയുടെയും അടിസ്ഥാനത്തിലുമാണ് വിഭവങ്ങളുടെ വീതംവയ്പ് നടക്കുന്നതെന്നുവന്നാൽ, അത് നീതിരഹിതവും രാഷ്ട്രീയ പ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവുമല്ലാതെ മറ്റെന്താണ്? സംസ്ഥാനങ്ങൾക്ക് യൂണിയൻ ഗവണ്‍മെന്റിന്റെ നികുതി, റവന്യു വരുമാനങ്ങളിൽ നിന്നുള്ള വിഹിതത്തിന്റെ കണക്കുകൾ പൊതുമണ്ഡലത്തിൽ ലഭ്യമാണ്. തികച്ചും അസന്തുലിതമായ ഈ വീതംവയ്പിന് ആവശ്യമായ വരുമാനത്തിന്റെ ഗണ്യമായ പങ്ക് സംസ്ഥാനങ്ങളിൽനിന്നും യൂണിയൻ സമാഹരിക്കുന്നതും, അവയുമായി പങ്കുവയ്ക്കേണ്ടാത്ത സെസ്, സർചാർജുകൾ എന്നിവയിൽനിന്ന് കൂടിയുള്ളതുമാണ്. ജിഎസ്‌ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങൾക്കുണ്ടായ ഭീമമായ നഷ്ടത്തിന് പുറമെയാണ് സെസ്, സർചാർജ് എന്നിവയുടെ പേരിലുള്ള കൊള്ള. ഈ സവിശേഷ സാഹചര്യമാണ് തങ്ങൾക്ക് അർഹവും അവകാശപ്പെട്ടതുമായ വിഹിതത്തിനുവേണ്ടിയും അവയുടെ ശാസ്ത്രീയവും യുക്തിഭദ്രവും നീതിപൂർവവുമായ വിതരണത്തിനുവേണ്ടിയും ശബ്ദമുയർത്താൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നിർബന്ധിതമാകുന്നത്.


ഇതുകൂടി വായിക്കൂ;  ഇന്ത്യ എന്ന സമൂര്‍ത്ത ആശയം


ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും ദേശീയ രാഷ്ട്രീയപാർട്ടി നേതാക്കളും നേരിട്ട് പങ്കെടുക്കുകയും വിവിധ മേഖലകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ആർജിക്കുകയും ചെയ്ത ജന്തർ മന്ദറിലെ കേരളത്തിന്റെ പ്രക്ഷോഭവും സംസ്ഥാനത്തുടനീളം നടന്ന ജനകീയ സദസുകളും പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ആരോപണങ്ങളുടെ പൊള്ളത്തരവും അതിന്റെ സങ്കുചിത ലക്ഷ്യവും തുറന്നുകാട്ടി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനതയുടെ ഐക്യത്തിനും എക്കാലത്തും തുരങ്കംവയ്ക്കുകയും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളെ വഞ്ചിക്കുകയുംചെയ്ത പാരമ്പര്യവും ചരിത്രവും മാത്രമുള്ളവരാണ് ഇപ്പോൾ ജനാധിപത്യ, മതനിരപേക്ഷ, ദേശാഭിമാന ശക്തികൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. സ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്തിന്റെയും ജനതയുടെയും ഐക്യവും നീതിപൂർവമായ ഒരു സമൂഹത്തിൽ മാത്രമേ പുലരുകയുള്ളു. കേരളത്തിന്റെ സമരം അത്തരം ഒരു നീതിപൂർവമായ സമൂഹത്തിനുവേണ്ടി, രാഷ്ട്രത്തിനുവേണ്ടി ഉള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.