മില്ലുകളുടെ നിസഹകരണത്തെ തുടര്‍ന്ന് മുടങ്ങിയ നെല്ല്സംഭരണം കുട്ടനാട്ടിൽ പുനരാരംഭിച്ചു. ഇതോടെ കർഷകർ ആശ്വാസത്തിൽ. ഇന്നലെ മുതൽ സപ്ലൈക്കോയുമായി കരാറിലേർപ്പെട്ട മില്ലുകാർ നെല്ല് ഏറ്റെടുത്ത് തുടങ്ങി. നിലവിൽ 57 മില്ലുകാരാണ് ജില്ലയിൽ സപ്ലൈക്കോയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ 52 പേർ ആദ്യ ദിനം എത്തിയിരുന്നു. ആകെ 637 പാടശേഖരങ്ങളിലാണ് ഇക്കുറി പുഞ്ചകൊയ്ത്ത് നടക്കുന്നത്. ഇതിൽ 297 പാടശേഖരങ്ങളുടെ കൊയ്ത്ത് പൂർത്തിയായി. മില്ലുകാരുടെ നിസഹകരണം കൊയ്ത്തിനെയും ബാധിച്ചു. ഇത് സംഭവിച്ചില്ലായിരുന്നെങ്കിൽ വേനൽ മഴയ്ക്ക് മുൻപ് കൊയ്ത്തും സംഭരണവും പൂർത്തിയാക്കാൻ കഴിയുമായിരുന്നു. എന്നാൽ അപ്രതീക്ഷിത പ്രതിസന്ധി കാരണം നെല്ല് സംഭരണം നീളുകയായിരുന്നു. വലിയ പാടശേഖരങ്ങൾ ആദ്യം കൊയ്തശേഷം പിന്നീട് ചെറിയപാടശേഖരങ്ങൾ കൊയ്തെടുക്കാനാണ് കർഷകർ മുൻഗണന നൽകുന്നത്. വേനൽമഴ മുൻനിർത്തിയാണ് ഈ പാടശേഖര സമതികളുടെ ഈ തീരുമാനം. നിലവിൽ 27,163 മെട്രിക്ട് ടൺ നെല്ലാണ് ഇതുവരെ സപ്ലൈക്കോ സംഭരിച്ചത്. 1,28,357 മെട്രിക്ടൺ നെല്ല് സംഭരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കിലോയ്ക്ക് 28.32 രൂപ നിരക്കിലാണ് സംഭരിക്കുന്നത്.
പ്രധാനമായും നെല്ലിന്റെ കിഴിവ് സംബന്ധിച്ചുള്ള തർക്കമാണ് മില്ലുടമകളെ നിസഹകരണത്തിലേക്ക് എത്തിച്ചത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ ഒഴിവാക്കുന്നതിന് മില്ലുടമകളുമായി അടിയന്തര യോഗം ചേർന്ന് പ്രശ്നം ചർച്ച ചെയ്തിരുന്നു. നെല്ല് താമസം കൂടാതെയും തടസമില്ലാതെയും സംഭരിക്കുമെന്ന് മില്ല് ഉടമകളുടെ പ്രതിനിധികൾ യോഗത്തിൽ ഉറപ്പ് നകിയതോടെയാണ് സംഭരണ നടപടികൾ വേഗത്തിലായത്. നൂറ് കൃഷിക്കാരുള്ള പാടശേഖരത്തിന് ഒന്ന് എന്ന നിലയിൽ കർഷകരും പാഡി മാർക്കറ്റിങ് ഓഫിസര്‍മാരും (പിഎംഒ) കൃഷിവകുപ്പ് ഉദ്യോഗസ്ഥരും നിശ്ചയിക്കുന്ന പാടശേഖരത്തിലെ നെല്ല് ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയായിരിക്കും ആവശ്യമെങ്കിൽ കിഴിവ് നിശ്ചയിക്കുക. തർക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ കൃഷിക്കാരെയും മില്ലുകാരെയും മുഖവിലക്ക് എടുത്ത് നെല്ല് സംഭരണത്തിന് അനുയോജ്യമായ തീരുമാനമെടുക്കുന്നതിന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പിഎംഒമാരും പൂർണ സഹകരണ നൽകാനും യോഗം തീരുമാനിക്കുകയും ചെയ്തു.
നെല്ലിന് കിഴിവ് നൽകുന്നത് സംബന്ധിച്ച് സ്ലാബ് നിശ്ചയിച്ച് ഒരു മാസത്തിനകം സംസ്ഥാന സർക്കാരിന്റെ പരിഗണനക്ക് നൽകുമെന്ന് കളക്ടർ ഉറപ്പ് നൽകുകയും ചെയ്തു. കൃഷി മന്ത്രി പി പ്രസാദ്, ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മില്ല് ഉടമകളുമായി പ്രത്യേക യോഗം ചേർന്നത്. മേയ് അവസാനത്തോടെ സംഭരണ നടപടികൾ പൂർത്തിയാക്കാനാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നതെന്ന് പാഡി മാർക്കറ്റിങ് ഓഫിസര്‍ അഞ്ജു ജോർജ് വ്യക്തമാക്കി. എടത്വ, കൈനകരി, നീലംപേരുർ, പുളിങ്കുന്ന്, തകഴി, പുലിയൂർ, മുട്ടാർ, ചമ്പക്കുളം, പാണ്ടനാട്, രാമങ്കരി, വീയപുരം, വെളിയനാട് എന്നിവിടങ്ങളിലാണ് ഇനി കൊയ്ത്തും സംഭരണവും അവശേഷിക്കുന്നത്. കൊയ്ത്തിന് ആവശ്യമായ യന്ത്രങ്ങളും കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൊയ്ത്തിനിടെ യന്ത്രങ്ങൾ തകരാറിലാകുന്ന സാഹചര്യത്തില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പാടശേഖരങ്ങളിൽ ഉപയോഗിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.