18 May 2024, Saturday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

പലചരക്ക് സാധനങ്ങളുടെ വിലയിൽ പത്തുവര്‍ഷം കൊണ്ട് രാജ്യത്ത് 68 ശതമാനം വർധന

Janayugom Webdesk
തിരുവനന്തപുരം
May 11, 2022 9:48 pm

കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ സാധാരണജനങ്ങളുടെ ജീവിത ഭാരം ഇരട്ടിപ്പിച്ചുകൊണ്ട് പലചരക്ക് സാധനങ്ങളുടെ വിലയിൽ ഉണ്ടായത് 68 ശതമാനം വർധന. മൂന്ന് മുതൽ നാല് വരെ അംഗങ്ങളുള്ള ഒരു കുടുംബത്തിൽ ഈയിനത്തിൽ മാത്രം പ്രതിമാസം 2500 ലേറെ രൂപയുടെ വർധനയുണ്ടായി. സാധാരണ കുടുംബങ്ങള്‍ അരി, ഗോതമ്പ്, പാൽ, എണ്ണ, പയറുവർഗങ്ങൾ, പഴം, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ അത്യാവശ്യ സാധനങ്ങൾക്ക് മാത്രം 2012 ൽ 1012 രൂപ ചെലവാക്കിയിരുന്നത് 22 ൽ 1654 ആയി ഉയർന്നുവെന്ന് ‘ഇന്ത്യാസ്പെന്‍ഡ്’ റിപ്പോർട്ട് ചെയ്യുന്നു.

ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിപിഐ) റിപ്പോര്‍ട്ടിലും ഒരു സാധാരണ കുടുംബം ഉപയോഗിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിൽ സമാനമായ ഫലങ്ങളാണ് സൂചിപ്പിക്കുന്നത്. 2014 ജനുവരിക്കും 2022 മാർച്ചിനും ഇടയില്‍ വില 70 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. കാർഷിക ഉല്പന്നങ്ങളുടെ വിലക്കയറ്റം, ഊർജവില, പലിശ നിരക്ക് വർധന തുടങ്ങിയ ആഗോള ഘടകങ്ങൾ കാരണമാണ് പണപ്പെരുപ്പം ഉണ്ടായതെന്നും കോവിഡ് പോലുള്ളവയുണ്ടാക്കിയ വിതരണതടസങ്ങൾ ഇതിന് ആക്കം കൂട്ടിയെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആന്റ് പോളിസിയിലെ സാമ്പത്തിക വിദഗ്ധ ലേഖ ചക്രബർത്തി പറയുന്നു.

സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021 മാർച്ചിനെ അപേക്ഷിച്ച് 2022 മാർച്ചിൽ ഭക്ഷ്യവില 7.68 ശതമാനം വർധിച്ചു. 2020 നവംബറിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന ഭക്ഷ്യ പണപ്പെരുപ്പമാണിത്. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക(സിപിഐ)യാകട്ടെ 2019 ലെ ഇതേ കാലയളവിനേക്കാൾ 9.5 ശതമാനം കൂടുതലാണ്.

2014 ജനുവരിക്കും 2022 മാർച്ചിനുമിടയിൽ ഭക്ഷ്യവില പ്രതിമാസം ശരാശരി 4.483 ശതമാനം വർധിച്ചു. ഇതിനര്‍ത്ഥം 2013 ജനുവരിയിൽ 100 ​​രൂപ വിലയുള്ള ഒരു ഭക്ഷ്യോല്പന്നത്തിന്റെ വില ഇപ്പോൾ ഏതാണ്ട് 170 രൂപയാണെന്നാണ്.

റഷ്യ‑ഉക്രെയ്ൻ യുദ്ധം, ലോക്ഡൗൺ, വൈദ്യുതിക്കാവശ്യമായ കൽക്കരി ക്ഷാമം, വ്യവസായങ്ങൾക്കുള്ള അർദ്ധചാലക ചിപ്പുകളുടെ ദൗർലഭ്യം എന്നിവ അന്താരാഷ്ട്ര തലത്തിൽ ഭക്ഷണം, എണ്ണ, ഭക്ഷ്യ എണ്ണ, നിർമ്മാണ സാമഗ്രികൾ എന്നിവയുടെ ക്ഷാമത്തിന് കാരണമായതായി മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിലെ സാമ്പത്തിക വിദഗ്ധയായ രാജേശ്വരി സെൻഗുപ്ത പറഞ്ഞു.

Eng­lish Summary:Grocery prices in the coun­try have risen by 68 per cent in ten years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.