30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 12, 2025
February 25, 2025
February 10, 2025
January 14, 2025
January 1, 2025
December 3, 2024
November 17, 2024
October 22, 2024
October 8, 2024

സംസ്ഥാനത്തെ ഭൂഗര്‍ഭജലം വറ്റുന്നു

കെ രംഗനാഥ്
തിരുവനന്തപുരം
February 25, 2025 10:40 pm

സംസ്ഥാനത്തെ ഭൂഗര്‍ഭജലസമ്പത്ത് ആശങ്കജനകമാംവിധം ശോഷിക്കുന്നു. കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് കേരളത്തിലെ ഭൂഗര്‍ഭജലത്തില്‍ 56.68ശതമാനവും ഇതിനകം വിനിയോഗിച്ചുകഴിഞ്ഞു. ഏറ്റവുമധികം ജലക്ഷാമവും അനാവൃഷ്ടിയും അനുഭവിക്കുന്ന പാലക്കാട് ജില്ലയില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ 10,000ത്തില്‍പരം കിണറുകളാണ് ഉപയോഗശൂന്യമായത്. പാലക്കാട് അവശേഷിക്കുന്നത് 49.63ശതമാനം മാത്രം ഭൂഗര്‍ഭജലമെന്ന് ജില്ലാ ഭരണകൂടവും ജല അതോറിട്ടിയും ഹരിതമിഷനും പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ആശങ്കവളര്‍ത്തുന്ന ഭൂഗര്‍ഭജല ശോഷണത്തിന് പരിഹാരമായി മഴയിലൂടെ ജലം റീചാര്‍ജ് ചെയ്യാനുള്ള സാധ്യതകളും വിരളം. ഇക്കണക്കിന് പോയാല്‍ ഉപയോഗിക്കാനാവാത്തവിധം ഭൂഗര്‍ഭജലം അടിത്തട്ടിലേക്ക് ഒളിക്കാന്‍ ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം മാത്രം വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 

ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുന്ന കാസര്‍കോട് അവശേഷിക്കുന്നത് 40.83ശതമാനം മാത്രം. അതേസമയം വയനാട്ടില്‍ 27.7ശതമാനം ഭൂഗര്‍ഭജലം മാത്രമേ ഉപയോഗിക്കുന്നുള്ളു. മലപ്പുറത്ത് 71.5ശതമാനം, തിരുവനന്തപുരം 61.7ശതമാനം, കോഴിക്കോട് 61.94, തൃശൂര്‍ 59.7ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ്. ഈ ജില്ലകളിലെല്ലാം കാര്യമായ മഴ ലഭിക്കുന്നതിനാല്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയുന്നതുകൊണ്ടാണ് പിടിച്ചുനില്‍ക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ മഴനിഴല്‍പ്രദേശമായതിനാല്‍ പാലക്കാട്ടെ ചൂഷണം ചെയ്യപ്പെടുന്ന ജലം റീചാര്‍ജ് ചെയ്യപ്പെടുന്നില്ല. കൃഷിക്കും വ്യാവസായികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ആവശ്യം വര്‍ധിച്ചുവരുന്നതിനാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ജലക്ഷാമം രൂക്ഷമാകുമെന്നാണ് കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് നല്‍കുന്ന മുന്നറിയിപ്പ്. പാലക്കാടിന്റെ ദാഹശമനിയായ മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പും ആപല്‍ക്കരമായി താണുകൊണ്ടിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്തെ ഭൂഗര്‍ഭ ജലസമ്പത്തിനെ വര്‍ഷംതോറും ശുഷ്കമാക്കിക്കൊണ്ടിരിക്കുന്നത്. 10 വര്‍ഷം മുമ്പുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 70ലക്ഷത്തോളം കിണറുകളാണുണ്ടായിരുന്നത്. 

നഗരവല്‍ക്കരണത്തിന്റെ വേലിയേറ്റത്തില്‍ 30ലക്ഷത്തോളം കിണറുകള്‍ നികത്തിക്കഴിഞ്ഞു. അവശേഷിക്കുന്ന കിണറുകളില്‍ രണ്ട് മീറ്റര്‍ മുതല്‍ 5.28മീറ്റര്‍ വരെ ഭൂഗര്‍ഭ ജലം താണു. വെള്ളം കിട്ടാത്തതുമൂലം ലക്ഷക്കണക്കിന് കിണറുകളാണ് ഉപയോഗശൂന്യമായത്. മഴയിലൂടെയും മറ്റ് സ്രോതസുകളില്‍ നിന്നുമായി പ്രതിവര്‍ഷം 4,09,063ഹെക്ടര്‍ മീറ്റര്‍ ജലമാണ് സംസ്ഥാനത്തെ ഭൂഗര്‍ഭ ജലശേഖരത്തിലെത്തുന്നത്. എന്നാല്‍ ഭൂഗര്‍ഭ ജലനിരപ്പ് താണതിനാല്‍ 1.29ലക്ഷം ഹെക്ടര്‍ മീറ്റര്‍ ജലം മാത്രമേ ഓരോ വര്‍ഷവും റീചാര്‍ജ് ചെയ്യപ്പെടുന്നുള്ളു. ഭൂഗര്‍ഭജലം ഏറ്റവും ഭീതിജനകമായി താണുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായ കേരളത്തിന് ഒരതിജീവന പദ്ധതിതന്നെ അടിയന്തരമായി ആവിഷ്കരിക്കണമെന്നാണ് വിദഗ്ധരുടെ പക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.