ചരക്കു സേവന നികുതി (ജിഎസ്‌ടി) കേന്ദ്ര സർക്കാർ ഇരട്ടിയായി വർധിപ്പിച്ചതോടെ കൈത്തറി മേഖല പ്രതിസന്ധിയിലായി. അഞ്ചു ശതമാനമായിരുന്ന നികുതി നിരക്ക് പത്തു ശതമാനമായാണ് കൂട്ടിയത്. ജിഎസ്‌ടി അഞ്ചു ശതമാനമായിരിക്കുമ്പോൾത്തന്നെ നെയ്ത്തു സംഘങ്ങൾ പ്രതിസന്ധിയിലായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ കൊള്ളയടി. ഇതിനു പുറമെ, വർഷത്തിൽ ഒരു കോടിയിലധികം വിറ്റുവരവുള്ള സംഘങ്ങൾ രണ്ടു ശതമാനം വരുമാന നികുതി കൂടി അടയ്ക്കണം എന്ന ശിക്ഷയുമുണ്ട്. വർഷങ്ങളായി നൽകി വന്ന റിബേറ്റ് ആനുകൂല്യവും വിപണന പ്രോത്സാഹന ഫണ്ടും ഒന്നിനു പിന്നാലെ ഒന്നായി കേന്ദ്രം നിർത്തലാക്കിയിരുന്നു.
നികുതി ഇരട്ടിക്കലും വരുമാന നികുതി ഈടാക്കലും മൂലം കേരളത്തിലെ മുഴുവൻ കൈത്തറി നെയ്ത്തു സംഘങ്ങൾക്കും ഹാൻവീവ്, ഹാൻടെക്സ് എന്നീ സ്ഥാപനങ്ങൾക്കും താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണുണ്ടാവുക. വലിയ പലിശയ്ക്ക് വായ്പയെടുത്തു പ്രവർത്തിക്കുന്ന സംഘങ്ങൾക്കു പിടിച്ചു നിൽക്കാനാവില്ല. കേരളത്തിൽ 200‑ലേറെ നെയ്ത്തു സംഘങ്ങളിലായി തൊഴിലാളികളും മറ്റുമായി 30, 000 ‑ലേറെപ്പേർ പണിയെടുക്കുന്നുണ്ട്. അവർക്കു കൂലിയും ആനുകൂല്യങ്ങളുമായി നൽകേണ്ട പണമാണ് കേന്ദ്ര സർക്കാർ കൊള്ളയടിക്കുന്നത്.
തോന്നിയതു പോലുള്ള നികുതി വർധന ജീവിതത്തിന്റെ വിവിധ തുറകളിൽ വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നത്.
ബേക്കറി വ്യവസായത്തിലെ ജിഎസ്‌ടി വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. ഭക്ഷ്യയോഗ്യമായ മിക്ക ഉല്പന്നങ്ങൾക്കും അഞ്ചു ശതമാനം നികുതിയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നതെങ്കിലും ബേക്കറി വ്യവസായത്തിൽ ജിഎസ്‌ടി സർവത്ര അവ്യക്തത നിറഞ്ഞതാണ്. ചില ഭക്ഷ്യ വസ്തുക്കൾ കവറിലാക്കി ബ്രാന്റ് നാമം ചേർത്ത് വില്പന നടത്തുമ്പോൾ നികുതി അഞ്ചു ശതമാനത്തിൽ നിന്നു 12 ശതമാനമാകും. ഇതറിയാതെ കച്ചവടം നടത്തുന്നവർ വില്പനയുടെ അടിസ്ഥാനത്തിൽ നികുതി നൽകുകയും വേണം. കൊക്കോ ചേർത്തുള്ള ചോക്ലേറ്റ് ഉല്പന്നങ്ങൾക്കും കൊക്കോ ചേർത്തതോ അല്ലാത്തതോ ആയ ഐസ്ക്രീം പോലുള്ള ഉല്പന്നങ്ങൾക്കും 18 ശതമാനമാണ് നികുതി. നാടൻ പലഹാരങ്ങൾക്കും 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്.
English Summary:GST doubled; Handloom sector in crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.