22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 15, 2024
September 17, 2024
September 12, 2024
August 11, 2024
August 10, 2024
July 21, 2024
July 2, 2024
June 29, 2024
June 28, 2024
June 24, 2024

വിദ്യാർത്ഥികളിലെ മാനസികസമ്മര്‍ദ്ദം പരിഹരിക്കാന്‍ നടപടി

Janayugom Webdesk
ന്യൂഡല്‍ഹി:
September 11, 2022 9:44 pm

വിദ്യാർത്ഥികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം സമയബന്ധിതമായി തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്ന് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍ൿി എന്‍സിഇആര്‍ടി. സ്കൂളുകള്‍ കേന്ദ്രീകരിച്ച് മാനസികാരോഗ്യ ഉപദേശക സമിതി രൂപീകരിക്കുന്നതുള്‍പ്പെടെ മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥികളും ഉത്കണ്ഠയും മാനസിക സംഘര്‍ഷവും നേരിടുന്നതായി സര്‍വേയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. വിദ്യാർത്ഥികളുടെ മാനസിക ക്ഷേമം ഉറപ്പാക്കുന്നതിന് സ്കൂൾ കേന്ദ്രീകരിച്ച് മാനസികാരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കണമെന്നും എൻസിഇആർടി നിര്‍ദ്ദേശിച്ചു.

സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും എല്ലാ കുട്ടികളുടെയും സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കേണ്ടത് സ്കൂളിന്റെ ഉത്തരവാദിത്തമാണെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പരീക്ഷകളും പഠനവും കുട്ടികളിലെ ഉത്കണ്ഠയ്ക്ക് പ്രധാന കാരണമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മനോദർപൺ സെല്‍ രാജ്യവ്യാപകമായി നടത്തിയ ആദ്യത്തെ മാനസികാരോഗ്യ സർവേയിലെ പ്രധാന കണ്ടെത്തല്‍. 81 ശതമാനം സ്‌കൂൾ വിദ്യാർത്ഥികളിലും പഠനവും പരീക്ഷയുടെ ഫലങ്ങളും ഉത്കണ്ഠയ്ക്ക് കാരണമാകുന്നു. ഉയർന്ന ക്ലാസുകളിലേക്ക് പോകുന്തോറും ഇതിന്റെ വ്യാപ്തി കൂടുമെന്നും പഠനത്തില്‍ പറയുന്നു.

3.79 ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സർവേയില്‍ 73 ശതമാനം വിദ്യാർത്ഥികള്‍ അവരുടെ സ്കൂൾ ജീവിതത്തിൽ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 45 ശതമാനത്തിലധികം വിദ്യാർത്ഥികൾ അവരുടെ ശാരീരിക രൂപത്തിൽ തൃപ്തരല്ലെന്നും സര്‍വേ പറയുന്നു. എല്ലാ മാനസികാരോഗ്യ അവസ്ഥകളുടെയും പകുതി വ്യക്തികളില്‍ 14 വയസിനുള്ളില്‍ രൂപപ്പെടുന്നുണ്ട്. 25 വയസ് ആകുമ്പോഴേക്കും മാനസിക വളര്‍ച്ചയുടെ മുക്കാൽ ഭാഗവും കൈവരിക്കുകയും ചെയ്യുന്നു. കുട്ടികള്‍ ഒരു ദിവസത്തിന്റെ മൂന്നിലൊരു ഭാഗം ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ കുട്ടികള്‍ ചെലവഴിക്കുന്ന സമയം വര്‍ധിക്കുന്നു. കുടുംബത്തിനും രക്ഷിതാക്കള്‍ക്കും പുറമെ അധ്യാപകര്‍ക്കും കുട്ടികളുടെ വ്യക്തിത്വ വികാസത്തില്‍ ഏറെ പ്രധാനമായ പങ്ക് വഹിക്കാന്‍ സാധിക്കും. ഇക്കാരണത്താല്‍ സ്കൂളുകളില്‍ ഒരു മാനസികാരോഗ്യ വളര്‍ച്ചാ പദ്ധതി അനിവാര്യമാണെന്നും എന്‍സിഇആര്‍ടി ചൂണ്ടിക്കാട്ടുന്നു.

     വാർഷിക സ്കൂൾ മാനസികാരോഗ്യ പദ്ധതി

  • പ്രിൻസിപ്പൽ അധ്യക്ഷനായി അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും അംഗങ്ങളായ സമിതി രൂപീകരിക്കണം. സമിതിയുടെ നേതൃത്വത്തില്‍ വാർഷിക സ്കൂൾ മാനസികാരോഗ്യ പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.
  • കുട്ടികളുടെ പെരുമാറ്റം, ലഹരിവസ്തുക്കളുടെ ഉപയോഗം, സ്വയം ഉപദ്രവിക്കൽ, വിഷാദം, ഉത്കണ്ഠ എന്നിവ തിരിച്ചറിയുന്നതിനും വേണ്ട ഇടപെടലുകള്‍ നടത്തുന്നതിനും സംവിധാനമുണ്ടാക്കണം.
  • വേർപിരിയൽ ഉത്കണ്ഠ, ആശയവിനിമയ പ്രശ്നങ്ങൾ, പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അമിതമായ ഇന്റർനെറ്റ് ഉപയോഗം, ഹൈപ്പർ ആക്ടിവിറ്റി, ബൗദ്ധിക വൈകല്യം, പഠന വൈകല്യങ്ങൾ എന്നിവയുടെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയാൻ അധ്യാപകർക്ക് പരിശീലനം നൽകണം.
  • ലൈംഗിക പീഡന സംഭവങ്ങളെക്കുറിച്ചും സംഘം ചേര്‍ന്നുള്ള പരിഹാസത്തെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ച് ശാക്തീകരിക്കണം. ആശങ്കയുണ്ടാക്കുന്ന ഏത് സംഭവവും റിപ്പോർട്ട് ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കണം.

Eng­lish Sum­ma­ry: NCERT issues guide­lines for ear­ly iden­ti­fi­ca­tion of men­tal health prob­lems in students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.