11 May 2024, Saturday

Related news

May 8, 2024
April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023

ഗുജറാത്ത് മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ ലംഘനം: ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
August 23, 2021 7:33 pm

ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം പ്രഥമ ദൃഷ്ട്യാ തന്നെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് ഗുജറാത്ത് ഹൈക്കോടതി. മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കുക എന്ന ലക്ഷ്യത്തോടെ ‘ലവ് ജിഹാദ് നിരോധന നിയമം’ എന്ന പേരില്‍ ഗുജറാത്ത് സർക്കാർ കൊണ്ടുവന്ന ഗുജറാത്ത് ഫ്രീഡം ഓഫ് റിലിജിയൻ ആക്ട് ( അമൻഡ്മെന്റ് )ആക്ട് 2021 വ്യക്തികളുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെയും സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തെയും സങ്കീര്‍ണമാക്കുന്നതായും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് ബിരേണ്‍ വൈഷ്ണവ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

ഓഗസ്റ്റ് 19 ന് ഉത്തരവ് പ്രഖ്യാപിച്ചെങ്കിലും പിന്നീടാണ് അത് അപ്‌ലോഡ് ചെയ്തതെന്ന് ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിലൂടെയുള്ള എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമായി കണക്കാക്കുന്ന വ്യവസ്ഥകളെക്കുറിച്ച് കോടതി ഉത്തരവില്‍ ആശങ്ക പ്രകടിപ്പിച്ചു. മിശ്ര വിവാഹിതരായ ദമ്പതികള്‍ തെളിവ് ഹാജരാക്കേണ്ടി വരുന്ന ദുരവസ്ഥ നിയമം ക്ഷണിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി.

ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ മതപരിവര്‍ത്തനം നിരോധിക്കാനാണ് ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമം 2003 കൊണ്ടുവന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2021 ലെ ഭേദഗതി, വിവാഹം മൂലമുണ്ടാകുന്ന മതപരിവര്‍ത്തനങ്ങളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു.
മിശ്ര വിവാഹത്തിനുശേഷം, പ്രലോഭനം, ബലപ്രയോഗം അല്ലെങ്കില്‍ വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള പരിവര്‍ത്തനങ്ങള്‍ മാത്രമാണ് ഈ നിയമം കൈകാര്യം ചെയ്യുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയെങ്കിലും ഇത് സാധാരണക്കാര്‍ക്ക് മനസ്സിലാകണമെന്നില്ലെന്ന് കോടതി പറഞ്ഞു.

ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹാദിയ കേസിലെ സുപ്രധാനമായ സുപ്രീംകോടതി വിധി ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം.

Eng­lish sum­ma­ry; Gujarat Pro­hi­bi­tion of Con­ver­sion Act Vio­la­tion of Con­sti­tu­tion: High Court

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.