22 December 2024, Sunday
KSFE Galaxy Chits Banner 2

ഗള്‍ഫ് കറന്‍സികളുടെ മൂല്യം റെക്കോഡില്‍

Janayugom Webdesk
റിയാദ്
September 23, 2022 10:38 pm

രൂപയുടെ ചരിത്രപരമായ ഇടിവില്‍ ഗള്‍ഫ് കറന്‍സികളുടെ മൂല്യം സര്‍വകാല റെക്കോഡിലേക്ക്. നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍. ഗള്‍ഫ് കറന്‍സികളുടെയെല്ലാം വിനിമയമൂല്യം ഉയര്‍ന്നിട്ടുണ്ട്. മാസാവസാനമായതിനാല്‍ നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് നിരക്കുവര്‍ധന അനുഗ്രഹമാവും.
ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. 2020 മാര്‍ച്ചിലാണ് രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായത്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഇത് 21 ലേക്കെത്തി. ഇന്നലെ ഖത്തര്‍ റിയാല്‍ 22.41 രൂപ വരെ രേഖപ്പെടുത്തി.
യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് അവരുടെ പലിശനിരക്ക് കൂട്ടിയതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിനിമയമൂല്യം ഇടിയാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും ഇതിനനുസരിച്ച് അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തി. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ മുക്കാല്‍ ശതമാനവും കുവൈറ്റ് കാല്‍ ശതമാനവുമാണ് വര്‍ധിപ്പിച്ചത്. വിനിമയനിരക്ക് ഉയര്‍ന്നതോടെ പിന്നാലെ എസ്എംഎസ് സന്ദേശം അയച്ചും മറ്റും പണവിനിമയ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളോട് അവസരം ഉപയോഗപ്പെടുത്താനും ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഒരു യുഎഇ ദിര്‍ഹത്തിന് 22 രൂപ എന്ന തലത്തിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. കഴിഞ്ഞദിവസം രാവിലെ യുഎഇ ദിര്‍ഹത്തിന് 21.92 രൂപ വരെ ലഭിച്ചു. 22.03 രൂപ എന്ന നിലയിലേക്കും ഇന്നലെ എത്തി. ഒരു സൗദി റിയാലിന് 21.49 രൂപയാണ് മൂല്യം. ഒരു ബഹ്‌റൈന്‍ ദിനാറിന് 214.52. കുവൈറ്റ് ദിനാറിന്റെ മൂല്യം 261 രൂപയ്ക്ക് മുകളില്‍ എത്തി.
ഒമാന്‍ റിയാല്‍ മൂല്യം 210 രൂപ കടന്നു. ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഇന്നലെ രാവിലെ റിയാലിന് 209.50 രൂപ എന്ന നിരക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. മേയ് അഞ്ചിന് റിയാലിന്റെ വിനിമയനിരക്ക് 197.20രൂപയായിരുന്നു. പിന്നീട് വിനിമയ നിരക്ക് ഉയരാന്‍ തുടങ്ങുകയും 200 രൂപയിലെത്തുകയുമായിരുന്നു. നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

Eng­lish Sum­ma­ry: Gulf cur­ren­cies at record value

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.