ഉത്തർപ്രദേശിൽ ബലാത്സംഗക്കേസില്‍ പ്രതിയായ ദേരാ സച്ചാ സൗദ വിശ്വാസ സമൂഹത്തിന്റെ തലവൻ ഗുർമീത് റാം റഹിം സിങ് നടത്തിയ സത്സംഗിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവം ദ ബേസിക് ശിക്ഷാ അധികാരി അന്വേഷിക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സ്കൂൾ ഏതാണെന്ന് കണ്ടെത്താന്‍ ബ്ലോക്ക്തല വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സ്കൂൾ ജില്ലാ ഇൻസ്പെക്ടറുമായി ചർച്ച ചെയ്യുമെന്നും ശിക്ഷാ അധികാരി സുരേന്ദ്ര കുമാർ പറഞ്ഞു.
സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ബ്ലോക്ക് ഓഫീസര്‍ക്ക് നല്‍കിയ നിർദ്ദേശം. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും സംഭവത്തെ കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നും അധികാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 300ലധികം സ്കൂൾ കുട്ടികളെയായിരുന്നു ഓൺലൈനായി നടത്തിയ സത്സംഗിൽ പങ്കെടുപ്പിച്ചത്. യുപിയിലെ ഷാജഹാൻപൂർ ജില്ലയിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. സ്കൂൾ യൂണിഫോമിൽ തന്നെയായിരുന്നു വിദ്യാർത്ഥികൾ പരിപാടി കാണാനെത്തിയത്.
ഇക്കഴിഞ്ഞ 17നായിരുന്നു പരിപാടി. യുപിയിലെ റോസ പൊലീസ് സ്റ്റേഷൻ ഏരിയയിൽ വലിയ സ്ക്രീനിലായിരുന്നു പരിപാടി പ്രദർശിപ്പിച്ചിരുന്നത്. ഇത് കാണുന്നതിന് വേണ്ടി സമീപ ജില്ലകളായ ലഖിംപൂർ ഖേരി, ഫറൂഖാബാദ് എന്നിവിടങ്ങളിൽ നിന്നും 2000ലധികം പേരെ ബസിൽ സ്ഥലത്തെത്തിച്ചിരുന്നതായി ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ടിലും പറയുന്നു. ഷാജഹാൻപൂരിൽ നടന്ന പരിപാടിയിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചതറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ഇത് സംഘർഷത്തിന് വഴിവയ്ക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവങ്ങളില്‍ പരിപാടിയുടെ സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുത്തതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ബലാത്സംഗ, കൊലപാതകക്കേസുകളിൽ പ്രതിയായ റാം റഹിം പരോളിലിറങ്ങിയിരിക്കുകയാണ്.
English Sammury: organisers arrested on school students attending gurmeet ram rahim singh’s Satsang programme
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.