23 December 2024, Monday
KSFE Galaxy Chits Banner 2

ഇടതുപക്ഷത്ത് കൊളംബിയ

*ചരിത്രംകുറിച്ച് ഗുസ്താവോ പെട്രോ പ്രസിഡന്റ്
*രണ്ട് നൂറ്റാണ്ടുകാലത്തെ തീവ്രവലതുപക്ഷ ഭരണത്തിന് അന്ത്യം
Janayugom Webdesk
June 20, 2022 9:53 pm

212 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് കൊളംബിയ ഇടത്തേയ്ക്ക്. ഇടതുപക്ഷ സ്ഥാനാർഥി ഗുസ്താവോ പെട്രോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
മുൻ ഗറില്ല പോരാളി കൂടിയായ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥി ഗുസ്താവോ തൊഴില്‍, സാമ്പത്തിക അസമത്വം എന്നിവയിലുള്‍പ്പെടെ മാറ്റങ്ങൾ വാഗ്ദാനം ചെയ്തതാണ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ഫ്രാന്‍സിയ മാര്‍ക്വേസ് വൈസ് പ്രസിഡന്റാകുന്നതോടെ പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയാകും.
പതിറ്റാണ്ടുകളായി തീവ്രവലതുപക്ഷം ഭരണം നടത്തുന്ന രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ മുന്നേറ്റമാണ് പ്രകടമായത്. ക്യൂബ, വെനസ്വേല, അർജന്റീന, ചിലി, ബൊളീവിയ, നിക്കരാഗ്വ, പെറു, ഹോണ്ടുറാസ്‌ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ചരിത്രത്തില്‍ കൊളംബിയയും പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ്.
മേയ്‌ 29ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 62കാരനായ ഗുസ്താവോ 40.3 ശതമാനത്തിലധികം വോട്ടുമായി മുന്നിലെത്തിയിരുന്നു. ആരും 50 ശതമാനത്തിലധികം വോട്ട്‌ നേടാത്തതിനാല്‍ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. 19ന് നടന്ന രണ്ടാംഘട്ട വോട്ടെുപ്പിൽ 90 ശതമാനം വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ പെട്രോ 50.4 ശതമാനം വോട്ട് സ്വന്തമാക്കി. എതിര്‍സ്ഥാനാര്‍ത്ഥിയായ റോഡോൾഫോ ഹെർണാണ്ടസിന്‌ 47.3 ശതമാനം വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. ആദ്യഘട്ടത്തിൽ റൊഡോൾഫോ ഹെർണാണ്ടസിന്‌ 28.2 ശതമാനവും ഫെഡറികോ ഗുട്ടിറെസിന്‌ 23.9 ശതമാനവും വോട്ട് ലഭിച്ചിരുന്നു.
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയുടെ മേയര്‍, സെനറ്റര്‍ സ്ഥാനങ്ങളില്‍ പ്രവർത്തിച്ച ഗുസ്താവോ 2018ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇവാൻ ഡ്യൂക്കിനോട് പരാജയപ്പെട്ടതിന് ശേഷവും ജനങ്ങള്‍ക്കിടയില്‍ സജീവമായിരുന്നു. സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിലൂടെയാണ്‌ പെട്രോ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. കാർഷികപരിഷ്കരണം, അടിസ്ഥാനസൗകര്യ വികസനം, പൊതു വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും നിക്ഷേപം, നികുതിപരിഷ്കരണം, ആരോഗ്യസംവിധാനം ശക്തിപ്പെടുത്തൽ, പട്ടിണി നേരിടാൻ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ, സ്ത്രീകളുടെ അവകാശസംരക്ഷണം എന്നീ ജനപ്രിയ പ്രഖ്യാപനങ്ങള്‍ വലതുപക്ഷത്തിനെതിരായ തേരോട്ടത്തില്‍ ഗുസ്താവോയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തു.

eng­lish sum­ma­ry; Gus­ta­vo Petro and Fran­cia Márquez: A new era for Colombia

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.