20 December 2024, Friday
KSFE Galaxy Chits Banner 2

ഹാൻ കാങ്ങ്; സ്വാതന്ത്ര്യത്തിന്റെ സങ്കീര്‍ത്തനങ്ങള്‍

പി ജെ ജെ ആന്റണി
October 20, 2024 7:00 am

മുറാകാമിയുടെ രചനാലോകവുമായി പരിചയത്തിലായതിന് ശേഷം ഓരോ തവണ നോബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോഴും അദ്ദേഹത്തിന്റെ പേർ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഈ തവണയും നിരശനായി. 2024ൽ വെജിറ്റേറിയൻ എന്ന നോവലിന്റെ പേരിൽ സമ്മാനിതയായത് ഹാൻ കാങ്ങ് എന്ന കൊറിയൻ എഴുത്തുകാരിയാണ്. സാധാരണയായി സാഹിത്യസംഭാവനകളെ മൊത്തത്തിൽ പരിഗണിച്ചാണ് സമ്മാനം നൽകുന്നത്. ഹാൻ കാങ്ങിന്റെ കാര്യത്തിൽ അവരുടെ ഒരൊറ്റ നോവലിനെ സവിശേഷമായി പരിഗണിച്ചാണ് പുരസ്കാര സമിതി അതിന്റെ അന്തിമനിർണയത്തിലെത്തിയത്. തീർച്ചയായു വെജിറ്റേറിയൻ മികച്ച നോവൽ തന്നെയാണ്. നോവൽ വായിച്ചവർക്കാർക്കും അതിൽ സംശയമുണ്ടാവില്ല. പലവിധ പരിഗണനകളിൽ വേറിട്ട ഗുണമേന്മയുള്ള നോവൽ തന്നെയാണിത്. മുറാകാമിയുടെ കാഫ്ക്ക ഓൺ ദ് ഷോർ എന്ന നോവലിലെന്നപോലെ സ്വപ്നസമാനമായ ഒരനുഭവമാണ് വെജിറ്റേറിയൻ എന്ന നോവലിലും ആഖ്യാനത്തിന്റെ കാഞ്ചി വലിക്കുന്നത്. കേന്ദ്ര കഥാപാത്രമായ യോങ് ഹയ് എന്ന വനിതാകാഥാപാത്രം തുടർച്ചയായി കാണുന്ന അസ്വസ്ഥജനകമായ ചില സ്വപ്നങ്ങളാണ് നോവലിനെ കുതിപ്പിക്കുന്നത്. വൈയക്തിക തലങ്ങളിൽ തീഷ്ണമായി അനുഭവപ്പെടുന്ന അപമാനം, അഭിലാഷം, ലോകത്തെ മനസിലാക്കാനുള്ള വിഫല പരിശ്രമങ്ങൾ തുടങ്ങിയ പ്രമേയ പരിസരങ്ങളിലാണ് ഹാൻ കാങ്ങിന്റെ സമ്മാനിതമായ നോവലിന്റെ ആഖ്യാനം തളിരിടുന്നത്. 

2007ലാണ് കൊറിയൻ ഭാഷയിൽ ഈ നോവൽ പ്രകാശിതമാകുന്നത്. അന്ന് കൊറിയൻ സാഹിത്യം പൊതുവേ ലോക സാഹിത്യത്തിന്റെ ഗൗരവപൂർണമായ ശ്രദ്ധയിലേക്ക് കടന്നുനിന്നിരുന്നില്ല. പരമ്പരാഗതമായി കൊറിയൻ സാഹിത്യം കർഷകരുടെ ജീവിതത്തെയും ജപ്പാന്റെ അധിനിവേശഭരണത്തെയും ആഭ്യന്തരയുദ്ധത്തെയും പ്രമേയ വൽക്കരിക്കുന്നവയായിരുന്നു. പൊതുവേ ഇതിന്റെയെല്ലാം പശ്ചാത്തലമായത് ദാരിദ്ര്യവും ഗ്രാമീണ ജീവിതവുമായിരുന്നു. ഇവയിൽ പലയിടങ്ങളിലും ജപ്പാനോടുള്ള വിരോധം വ്യക്തമായിത്തന്നെ വായിക്കാമായിരുന്നു. രണ്ടാം മഹായുദ്ധത്തിന് ശേഷം ജപ്പാൻ/കൊറിയൻ വിരോധം വർധിച്ചുവന്നു. ഈ പ്രമേയവഴികളിൽ നിന്നും കൊറിയൻ സാഹിത്യത്തെ സ്വതന്ത്രമാക്കിയെന്നത് സമകാല കൊറിയൻ എഴുത്തിന്റെ സവിശേഷതയാണ്. 

ജപ്പാൻ, കൊറിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യർ മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കഠിനഹൃദയരായി മുൻ കാലങ്ങളിൽ അറിയപ്പെട്ടിരുന്നുവെങ്കിലും രണ്ടാം ലോകയുദ്ധത്തിന് ശേഷം കെ-പോപ്പ് എന്നപേരിൽ ജനപ്രീതിയിലേക്കുയർന്ന കൊറിയൻ യുവസംഗീതത്തിന്റെ സ്വാധീനം ഈസ്ഥിതിക്ക് വലിയ മാറ്റം ഉണ്ടാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ കൊറിയൻ സംഗീതവും സിനിമയും യുവജനങ്ങൾക്കിടയിൽ നേടിയെടുത്ത താരപദവി അഭൂതപൂർവമായിരുന്നു. നാഗാലാണ്ട്, ത്രിപുര, ആസാം, മണിപ്പൂർ, മിസോറാം, അരുണാചൽ പ്രദേശ്, മേഘാലയ എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോറിയൻ സിനിമയും സംഗീതവും ജനപ്രിയ ഹിറ്റുകളായി. ഇവയ്ക്ക് വിധ്വംസക സ്വഭാവം ഉണ്ടെന്ന ആരോപണങ്ങൾ ഉണ്ടായി. ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടായപ്പോൾ ഇതിൽ കഴമ്പുണ്ടെന്നും എനിക്ക് തോന്നിയിരുന്നു. ഇന്ത്യൻ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയും സാഹിത്യവും ഉൾപ്പെടെയുള്ള കലാരൂപങ്ങൾക്ക് ജനപ്രിയത കുറവായിരുന്നു പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ ഇന്നത് ഇന്ത്യയുടെ മറ്റിടങ്ങളിലേക്കും പടർന്നിരിക്കുന്നു. ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങിനെ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി (അമേരിക്കയുടെയും ചൈനയുടെയും പിന്തുണയോടെ) വിഭജിക്കപ്പെട്ടത് ഈ വിഷയത്തെ കൂടുതൽ സങ്കീർണമാക്കിയിരുന്നു. 

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ ആധുനിക സോൾ നഗരത്തിലാണ് ഹാൻ കാങ്ങിന്റെ നോവൽ സംഭവിക്കുന്നത്. പരിചിതമായ കൊറിയൻ ഫിക്ഷൻ പശ്ചാത്തലങ്ങളിലൂടെയല്ല ഈ നോവൽ വികസിക്കുന്നത്; പ്രമേയവും ആഖ്യാനവും പരിചരിക്കപ്പെടുന്നതും വേറിട്ട രചനാസങ്കേതങ്ങളിലൂടെയാണ്. 1997ൽ ഹാൻ കാങ്ങ് എഴുതിയ ‘എന്റെ പെണ്ണിന്റെ കനി’ (ദ് ഫ്രൂട്ട് ഒഫ് മൈ വുമൺ) എന്ന ചെറുകഥയാണ് 2007ൽ മൂന്ന് ഭാഗങ്ങളുള്ള നോവലായി വികസിക്കുന്നത്. ഒരു സാധാരണ കൊറിയൻ വീട്ടമ്മയായ യോങ് ഹി എന്ന സ്ത്രീയുടെ അസാധാരണമായ ജീവിതമാണ് ഈ നോവൽ നമ്മോട് പറയുന്നത്. ‘യാതൊരുവിധ പ്രത്യേകതകളും ഇല്ലാത്ത ഒരു സ്ത്രീ’ എന്നാണ് അവരെക്കുറിച്ച് ഭർത്താവായ ചിയോങ് പറയുന്നത്. വർഷങ്ങൾ അവർ ഒരുമിച്ച് ജീവിച്ചു. രണ്ട് മക്കളുണ്ടായി. ഒരു രാത്രി അയാൾ പെട്ടെന്ന് ഉണരുമ്പോൾ ഭാര്യ ഫ്രിഡ്ജിൽ നിന്നും സസ്യേതര ഭക്ഷണങ്ങളെല്ലാം നീക്കം ചെയ്യുകൊണ്ടിരിക്കുന്നതായി കാണുന്നു. അതേക്കുറിച്ച് ചോദിക്കുമ്പോൾ, തനിക്കൊരു സ്വപ്നമുണ്ടായെന്നും അത് കാരണമായി സസ്യേതര ഭക്ഷണം ഇനിമേൽ കഴിക്കുന്നില്ലെന്ന് തീരുമാനിച്ചുവെന്നും യോങ് അയാളോട് പറയുന്നു. അക്രമസ്വഭാവത്തോടെ ഒരു മൃഗത്തെ കൊന്ന് തൊലിയുരിച്ച് അതിന്റെ മാംസം സ്വയം ഭക്ഷിക്കുന്നതായാണ് യോങ് കണ്ട സ്വപ്നം. സമാനമായ സ്വപ്നങ്ങൾ ആവർത്തിക്കുന്നു. 

കൊറിയക്കാർ പൊതുവെ സസ്യേതരഭക്ഷണ പ്രിയരാണെന്നത് മനസിലാക്കുമ്പോഴാണ് യോങിന്റെ തീരുമാനത്തിന്റെ ഉള്ളടക്കവും അത് ഉൾക്കൊള്ളുന്ന മറുതലിപ്പിന്റെ സ്വഭാവവുമെല്ലാം നമ്മൾ മനസിലാക്കുന്നത്. ഭാര്യയുടെ തീരുമാനത്തോട് ചിയോങ് വിയോജിക്കുന്നു. യോങ് തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. മൃഗങ്ങളെ കാരുണ്യരഹിതമായി കൊന്നു തിന്നുന്നതിലെ അധാർമ്മികതയും ദയാരാഹിത്യവും താൻ സ്വപ്നങ്ങളിലൂടെ മനസിലാക്കിയെന്നും അതിനാൽ പൂർണമായി സസ്യഭുക്കാകാനാണ് തന്റെ തീരുമാനമെന്നും യോങ് അറിയിക്കുന്നു. തുടർന്നുള്ള മൂന്നുനാല് മാസങ്ങൾ ഭാര്യയുടെ തീരുമാനത്തിലെ യുക്തിരാഹിത്യം അവരെ മനസിലാകാനുള്ള ചിയോങിന്റെ പരിശ്രമങ്ങളാണ്. അത് അവരിക്കിടയിൽ അകൽച്ചയുടെ ഗർത്തങ്ങളെ കൊണ്ടുവരുന്നു. കൊറിയയുടെ പരമ്പരാഗത ഭക്ഷണശീലങ്ങൾക്കും ദേശീയ സ്വഭാവത്തിനും വിരുദ്ധമായ യുക്തിരഹിതമായ തീരുമാനമാണ് യോങിന്റെതെന്ന് അവളെ ബോധ്യപ്പെടുത്താൻ അയാൾ ശ്രമിക്കുന്നു. 

ഒരു ദിവസം ഭാര്യയുടെ അച്ഛനമ്മമാരെയും സഹോദരി ഇൻഹെയെയും സഹോദരനെയും വീട്ടിലേക്ക് ക്ഷണിക്കുന്നു. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത കർശനക്കാരനായ ഒരു മുൻ സൈനികനാണ് യോങ്ങിന്റെ അച്ഛൻ. സഹോദരീ ഭർത്താവ് ഒരു ചിത്രകാരനും. അത്താഴമേശയിൽ വച്ച് അവരെല്ലാവരും ചേർന്ന് യോങ്ങിനെ ഉപദേശിക്കുന്നു. അവരുടെ കൂട്ടായ ഉപദേശങ്ങളൊന്നും യോങ് സ്വീകരിക്കുന്നില്ല. വീട്ടിൽ മാംസം പാകം ചെയ്യാൻ പോലും അവർ തയ്യാറാകുന്നില്ല. ദമ്പതികളുടെ ബന്ധം കൂടുതൽ വഷളാകുന്നു. യോങ് അയാളുമായി ലൈംഗികബന്ധത്തിന് വിസമ്മതിക്കുന്നു. വീട്ടിൽ ബ്രാ ഉപയോഗിക്കുവാനും തയ്യാറാകുന്നില്ല. ഭർത്താവിന് പച്ചമാംസത്തിൻറ മണമാണെന്നും അതിനാലാണ് തനിക്ക് ലൈംഗികത സാധ്യമാകാത്തതെന്നും യോങ് പറയുന്നു. ഇതിനെ തുടർന്ന് ഭർത്താവ് പലതവണ വീട്ടിൽ വച്ച് അവരെ ബലാത്സംഗം ചെയ്യുന്നു. ഏകപക്ഷീയമായ പുരുഷാധികാരത്തിന്റെ ഹിംസാത്മകത പ്രകടിതമാകുന്ന രീതിയിലാണ് ഈ ഭാഗങ്ങൾ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്.
യോങ് ഹോയുടെ കുടുംബം രമ്യത പുനസ്ഥാപിക്കാനായി സന്ദർശനത്തിനെത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം ചെയ്യുന്നില്ല. യോങ്ങിന്റെ പെരുമാറ്റവും ഭർത്താവിനോടുള്ള വിധേയത്വമില്ലായ്മയും അവരെയും അസ്വസ്ഥരാക്കുന്നുണ്ട്. അവർക്കാർക്കും മാംസം കഴിക്കില്ലെന്ന തീരുമാനത്തിൽ നിന്നും യോങ്ങിനെ പിന്തിരിപ്പിക്കാനാവുന്നില്ല. വീട്ടിൽ തനിയെയാവുമ്പോൾ യോങ് വസ്ത്രങ്ങൾ ഉപേക്ഷിച്ച് നഗ്നയായിരിക്കാൻ പ്രിയപ്പെടുന്നു. എന്തുകൊണ്ടാണെന്ന് ഭർത്താവ് ചോദിച്ചപ്പോൾ, ചുട് കാരണമാണെന്ന് അവർ പ്രതികരിക്കുന്നു. അടുക്കളയിൽ നഗ്നയായിനിന്ന് പച്ചക്കറികൾ പാചകം ചെയ്യാൻ യോങ് ഇഷടപ്പെടുന്നു. ഭർത്താവിന് അവളെ മനസിലാക്കാനേ കഴിയുന്നില്ല. കിരാതസ്വപ്നങ്ങൾ യോങ്ങിനെ തുടരെ ക്ലേശിപ്പിക്കുന്നു. സ്വപ്നങ്ങളിൽ അവർ മ്യഗങ്ങളോട് കൂടുതൽ അക്രാമകത കാണിക്കുകയും ആർത്തിയോടെ അവയെ ഭക്ഷിക്കുകയും ചെയ്യുന്നവളായി പ്രത്യക്ഷപ്പെടുന്നു. മാംസഭക്ഷണം അവർക്ക് വെറുപ്പിന്റെയും ക്രൗര്യത്തിന്റെയും അടയാളമായി മാറുന്നു. ഭക്ഷണം കഴിക്കാതെ യോങ് ക്ഷീണിതയും ദുർബലയും ആവുന്നു. അവരുടെ ആരോഗ്യം ക്ഷയിക്കുന്നു. 

ഒരിക്കൽ ഭാര്യയുടെ കുടുംബവുമായി ഒരത്താഴവേളയിൽ എല്ലാവരും ഒരുമിച്ചുകൂടുന്നു. അവർ സ്നേഹത്തോടെ യോങ്ങിനെ ഉപദേശിക്കുന്നു. അവൾ പിന്തുടരുന്ന പാത സ്നേഹരാഹിത്യത്തിനും കുടുംബത്തിന്റെ തകർച്ചയ്ക്കും കാരണമാകുന്നത് ചൂണ്ടിക്കാണിക്കുന്നു. യോങ് അതെല്ലാം നിരാകരിക്കുന്നു. അതോടെ ക്ഷുഭിതനായ അച്ഛൻ യോങ്ങിനെ മുഖത്തടിക്കുന്നു. മറ്റുള്ളവരുടെ സഹായത്തോടെ കൈകാലുകൾ ബന്ധനസ്ഥമാക്കി ബലപ്രയോഗത്തിലൂടെ യോങ്ങിനെ പന്നിമാംസം പാകം ചെയ്തത് കഴിപ്പിക്കാൻ അച്ഛൻ ശ്രമിക്കുന്നു. യോങ് വഴങ്ങാതെ അതെല്ലാം ഛർദ്ദിക്കുന്നു. കോലാഹലങ്ങൾക്കിടയിൽ യോങ് കത്തിയെടുത്ത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ചോരയൊഴുക്കുന്നു. ഭയന്ന വീട്ടുകാർ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അതോടെ യോങ് മാനസികരോഗബാധിതയാണെന്ന് കുടുംബം നിശ്ചയിക്കുന്നു. യോങ് ഹോസ്പിറ്റലിൽ നിന്നും രക്ഷപെടുന്നു. മാംസഭക്ഷണം താൻ കഴിക്കുകയില്ലെന്ന തീരുമാനത്തിൽ അസ്വാഭാവികമായി യാതൊന്നും യോങ് കാണുന്നില്ല. അവർ കണ്ടെത്തപ്പെടുമ്പോൾ ‘ഞാൻ തെറ്റായി എന്തെങ്കിലും ചെയ്യോ?’ എന്നാണ് അവർ നിഷ്കളങ്കമായി ചുറ്റുമുള്ളവരോട് ചോദിക്കുന്നത്. അന്നേരം അവരുടെ പക്കൽ മുറിവേറ്റ ഒരു പക്ഷി ഉണ്ടായിരുന്നു. ഇര, വേട്ട തുടങ്ങിയ പ്രതീകങ്ങൾ വായനയിലേക്ക് കടക്കുന്നത് ഇങ്ങനെയാണ്. 

ഹിംസയും ചോര ഒലിക്കുന്ന മൃഗഹത്യകളും യോങിന്റെ സ്വപ്നങ്ങളിൽ നിറയുന്നുണ്ട്. മാംസാഹാരിയായ തന്നെ അവൾ വെറുക്കുന്നു. അതിനുള്ള പ്രതിവിധിയായിട്ടാണ് യോങ് സസ്യാഹാരിയായി മാറുന്നതും മനുഷ്യർ വൃക്ഷങ്ങൾ ആയിരിക്കുന്ന അവസ്ഥയെ മോഹിക്കുകയും ചെയ്യുന്നത്. അവൾക്കുള്ളിൽ ഒരു സംഘർഷം നടക്കുന്നു. യോങ് തന്നിലെ മാംസാഹാരിയെ വെറുക്കുകയും സസ്യാഹാരിയെ പ്രിയപ്പെടുകയും ചെയ്യുന്നു. ഈ ദ്വന്ദവ്യക്തിത്വം സംഘർഷങ്ങൾ നിറഞ്ഞതാണ്. മാംസാഹാരപ്രിയതയും പിതൃകേന്ദ്രീകൃത അധികാരഘടനയും പുരുഷമേധാവിത്വവുമെല്ലാം കലർന്ന പരമ്പരാഗത കൊറിയൻ സാമൂഹിക വ്യവസ്ഥയെ ഈ നോവൽ നിരാകരിക്കുന്നു. അതുവരെ നിലനിർത്തിപ്പോന്ന സ്വന്തം ആന്തരികവ്യക്തിത്വത്തെയും നശിപ്പിക്കാൻ ഒരുമ്പെടുന്ന നായികയാണ് നോവലിലെ കേന്ദ്രകഥാപാത്രമായ യോങ് ഹി. സ്വയം തകരുകയും നശിക്കുകയും ചെയ്തുകൊണ്ട് തന്നെത്തന്നെ ഗുണാത്മകമായി വീണ്ടെടുക്കാനാണ് അവൾ പരിശ്രമിക്കുന്നത്. ക്രിസ്തുവിന്റെ നിഴൽ വീണ കഥാപാത്രമാണിത്. 

ഒരു കൊറിയൻ പ്രമേയമായി ആരംഭിക്കുന്ന ഇതിവൃത്തം ക്രമേണ പ്രാപഞ്ചിക മാനങ്ങൾ ഉൾക്കൊള്ളുന്ന ഒന്നായി പരിണാമപ്പെടുന്നുണ്ട്. സ്വത്വബോധം, പ്രകൃതി, അക്രമം, ലിംഗനീതി, ദാമ്പത്യം, സ്വാതന്ത്യം തുടങ്ങിയ സാർവലൗകിക പ്രമേയങ്ങൾ ഗുപ്തമായ ഒരു രചനയായി ഹാൻ കാങ്ങിന്റെ നോവൽ പരിണാമപ്പെടുന്നതോടെ ഇത് കേവലം ഒരു കൊറിയൻ നോവൽ മാത്രമല്ലാതായിത്തീരുന്നു. മാംസാഹാരം തിരസ്കരിച്ചുകൊണ്ട് സസ്യാഹാരിയാകാനുള്ള യോങ്ങ് ഹോയുടെ തീരുമാനത്തെ പകപ്പോടെയാണ് ചുറ്റുമുള്ള സകലരും കാണുന്നത്. ‘നിനക്ക് ഭ്രാന്തായോ? ’ എന്നാണ് ഭർത്താവ് ചോദിച്ചത്. മാതാപിതാക്കളും സമൂഹവും അവളെ അനുഭാവത്തോടെ കാണാൻ വിസമ്മതിക്കുന്നു. ഇവർക്കിടയിലെ സംഘർഷമാണ് നോവലിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം ജീവിതത്തെ സ്വയം നിർണ്ണയിക്കാനുള്ള വ്യക്സിയുടെ അവകാശത്തെ അംഗീകരിക്കാൻ സമൂഹം തയ്യാറാകുന്നില്ല. മാംസാഹാരം ഉപേക്ഷിക്കുന്ന യോങ്ങിന്റെ നിശ്ചയത്തെ ഭ്രാന്തിന്റെ ലക്ഷണമായി കാണുന്ന ഭർത്താവിനോട് ചേർന്നു നിന്നുകൊണ്ട് ബലപ്രയോഗത്തിലൂടെ അവളെക്കൊണ്ട് മാംസം തീറ്റിക്കാനാണ് മാതാപിതാക്കളും ഒരുമ്പെടുന്നത്. സഹോദരീ ഭർത്താവ് തുടക്കത്തിൽ അനുഭാവം കാണിക്കുന്നുണ്ടെങ്കിലും പിന്നീട് അയാൾ യോങ്ങിനെ ലൈംഗീകമായി ചൂഷണം ചെയ്യുന്നുണ്ട്. സഹോദരി മാത്രമാണ് യോങ്ങിനെ മനസിലാക്കാൻ ശ്രമിക്കുന്നത്. അതിലവൾ വിജയിക്കുന്നില്ലെങ്കിലും തന്റെ സഹോദരിയുടെ സ്വാതന്ത്ര്യത്തെ മാനിക്കാനുള്ള സന്നദ്ധത അവളെ മറ്റുള്ളവരിൽ നിന്നും വേറിട്ട് അടയാളം ചെയ്യുന്നു. 

സസ്യാഹാരി ആകാനുള്ള തീരുമാനം സ്വീകരിക്കുന്നത് വരെ യോങ്ങ് ഹി സകലർക്കും അവഗണനീയയായിരുന്നു. ആരും അവളെ പരിഗണിച്ചിരുന്നില്ല. ലൈംഗിക വസ്തു എന്ന പരിഗണന പോലും നൽകാൻ ഭർത്താവ് വിസമ്മതിച്ചു. അതൊക്കെ തന്റെ അവകാശമാണെന്നും അതിന് വഴങ്ങാൻ യോങ്ങിന് ബാധ്യത ഉണ്ടെന്നുമായിരുന്നു അയാൾ കരുതിയിരുന്നത്. സസ്യാഹാരി ആകാനുള്ള തീരുമാനം യോങ്ങിന് വ്യക്തിത്വം പകരുന്നു. പിന്നീടുള്ള സകലവും അവളെ ചുറ്റിപ്പറ്റിയായി. വിവാഹബന്ധം തകർന്നശേഷം യോങ്ങ് അനിയത്തിക്കൊപ്പമാണ് കുറച്ചുകാലം പാർക്കുന്നത്. പിന്നീട് ഒറ്റയ്ക്ക് പാർക്കാൻ തുടങ്ങിക്കഴിഞ്ഞാണ് തന്റെ മോഡലാകാൻ സഹോദരീഭർത്താവ് അവളെ ക്ഷണിക്കുന്നത്. അവളെ നഗ്നയാക്കി ദേഹമാകെ അയാൾ പൂക്കളും ഇലകളും വരയ്ക്കുന്നു. അവളുമായി ലൈംഗീക വേഴ്ച ഇച്ഛിക്കുന്നു; അത് സാദ്ധ്യമാക്കുന്നു. ലൈംഗികത പിന്നീടും പലയിടങ്ങളിലും ആഖ്യാനത്തെ മുന്നോട്ട് നയിക്കുന്നുണ്ട്. 

ഇത് സസ്യഭുക്കുകളെക്കുറിച്ചുള്ള ഒരാഖ്യാനമല്ല. ആത്മഹത്യ ചെയ്യാനും മരണം വരിക്കാനും അഭിലഷിക്കുന്ന ഒരു വ്യക്തിയായി യോങ്ങ് തെറ്റിദ്ധരിക്കപ്പെട്ടേക്കാമെങ്കിലും അവളുടെ നിലപാടുകളും അഭിലാഷങ്ങളും അതിനപ്പുറത്തേക്ക് സഞ്ചരിക്കുന്നത് വായനക്കാർക്ക് കാണാതിരിക്കാനാവില്ല. ചുറ്റുമുള്ളവരെപ്പോലെ മനുഷ്യനായിരിക്കാൻ വിസമ്മതിക്കുകയാണ് യഥാർത്ഥത്തിൽ യോങ്ങ് ചെയ്യുന്നത്. നിലവിലെ അവസ്ഥയിൽ മാനവനായിരിക്കാനുള്ള ഇച്ഛ അവളിൽ നിന്നും നീങ്ങിപ്പോയിരിക്കുന്നു. ക്രൂരരും ആധിപത്യവാദികളും ഉപദ്രവകാരികളും കൊലപാതകികളും അസൂയാലുക്കളും അക്രമികളും മതവർഗീയവാദികളും ആർത്തിപ്പണ്ടാരങ്ങളും ആകാനുള്ള മാനവീയതയെയാണ് അവൾ തള്ളിക്കളയുന്നത്. അതിന് മാത്രം അവസരം നൽകുന്ന മനുഷ്യാവസ്ഥയിൽ നിന്നുമുള്ള മോചനമാണ് വസ്ത്രങ്ങൾ ഉരിഞ്ഞ് കളഞ്ഞും തീറ്റകളെ തള്ളിക്കളഞ്ഞും അവൾ പ്രഖ്യാപിക്കുന്നത്. മറുതലിപ്പിലാണ് മാനവന് വാഴ്ത്തുവെന്ന് അറിയുന്ന ഒരുവളുടെ സ്വാതന്ത്ര്യപ്രഖ്യാപനം. ഈ നോവൽ അങ്ങനെതന്നെയാണ് വായിക്കപ്പെടേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.