21 January 2026, Wednesday

Related news

January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 14, 2026
January 14, 2026
January 11, 2026
January 7, 2026
January 3, 2026

മാനവികതയുടെ കൈത്താങ്ങ്; അനീഷയ്ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാൻ അനുമതി

Janayugom Webdesk
തിരുവനന്തപുരം
November 6, 2025 9:36 pm

മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച തൃശൂർ തളിക്കുളത്തെ അനീഷ അഷ്റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതുന്നതിന് പ്രത്യേക അനുമതി നൽകി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രത്യേക കേസായി പരിഗണിച്ചാണ് ഈ അനുമതി നൽകിയതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പേശികൾ ക്രമേണ നശിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച വ്യക്തിയാണ് 32 വയസുള്ള അനീഷ അഷ്റഫ്. എട്ടാം വയസിൽ രോഗം പിടിപെടുകയും 11 വയസായപ്പോഴേക്കും നടക്കാൻ കഴിയാതെ പഠനം ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു. നിലവിൽ കസേരയിൽ ഇരിക്കാൻ പോലും പ്രയാസമുള്ള അവസ്ഥയിലാണ്. 2023ൽ അനീഷ അഷ്റഫിന് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരതാമിഷൻ പ്രത്യേക അനുമതി നൽകുകയും അവർ വിജയിക്കുകയും ചെയ്തിരുന്നു. 2021ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ ‘ഉണർവ്’ എന്ന ഓൺലൈൻ മത്സരത്തിൽ അവർ എഴുതിയ കഥയ്ക്ക് തൃശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. കൂടാതെ, 2023ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാ വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡും അവർക്ക് ലഭിച്ചു.

പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിക്കണമെന്ന അനീഷ അഷ്റഫിന്റെ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫിസറുടെ റിപ്പോർട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മിഷണറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ സർക്കാർ വിശദമായി പരിശോധിച്ചാണ് തീരുമാനമെടുത്തത്. പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. പരീക്ഷാർത്ഥിയുടെ സൗകര്യത്തിനായി വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കണം. പ്രസ്തുത മുറിയിൽ വിദ്യാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടാവുകയുള്ളു. പരീക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കി പരീക്ഷാ പേപ്പർ ഉൾപ്പെടെയുള്ളവ അധികാരികളെ ഏല്പിക്കേണ്ട ഉത്തരവാദിത്തം ഇൻവിജിലേറ്റർക്കായിരിക്കും. പരീക്ഷാ നടപടികൾ പൂർത്തിയാകുന്നതുവരെ പരീക്ഷയുടെ രഹസ്യ സ്വഭാവം കർശനമായി പാലിക്കണം. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പരീക്ഷാഭവൻ സെക്രട്ടറി ഏർപ്പെടുത്തേണ്ടതും വിവരം വിദ്യാർത്ഥിയെ അറിയിക്കേണ്ടതുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരായവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അനീഷ അഷ്റഫിന്റെ ഇച്ഛാശക്തി മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.