23 January 2026, Friday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 1, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025

മലയാള സിനിമയിലെ പീഡനം; സ്‌ത്രീകൾ തുറന്നു പറയാൻ ധൈര്യം കാണിച്ചതിൽ സന്തോഷമെന്ന് സുമലത

Janayugom Webdesk
ബെംഗളൂരു
September 6, 2024 4:29 pm

മലയാള സിനിമയിലെ മോശം അനുഭവങ്ങൾ സ്‌ത്രീകൾ തുറന്നു പറയാൻ ധൈര്യം കാണിച്ചതിൽ സന്തോഷമുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. ഇതിന് മുൻകൈയെടുത്ത ഡബ്ല്യുസിസിക്ക് അഭിവാദ്യങ്ങൾ പല സ്ത്രീകൾക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഈ മേഖലയിലെ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. ആരും ഇതൊന്നും തുറന്നു പറയാൻ ധൈര്യം കാണിച്ചിരുന്നില്ല. മോശം അനുഭവങ്ങൾ പലരും എന്നോട് പങ്കുവച്ചിട്ടുണ്ട്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. അന്നൊക്കെ തുറന്നു പറയാൻ സ്ത്രീകൾക്ക് പേടിയായിരുന്നു. തുറന്നു പറയുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന കാലമായിരുന്നു അന്നെന്നും സുമലത പറഞ്ഞു. 

മലയാള സിനിമാ മേഖലയിൽ മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള സിനിമാ മേഖലയിൽ, സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു ചരിത്രനീക്കമാണിതെന്നും നടി അഭിപ്രായപ്പെട്ടു. കാരവനിൽ ഒളിക്യാമറകൾ വച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുന്ന സംഭവങ്ങൾക്ക് ഞാൻ സാക്ഷിയല്ലെങ്കിലും ഇക്കാര്യം ഞെട്ടിക്കുന്നതാണ്. ഞാൻ കണ്ടിട്ടില്ല എന്നതുകൊണ്ട് ഇതൊന്നും നടന്നിട്ടില്ലെന്ന് പറയാൻ ഞാനാളല്ല. മലയാളത്തിൽ മുൻപ് കേട്ടിട്ടുള്ള കഥകൾ പലതും പേടിപ്പെടുത്തുന്നതാണ്. ഞാൻ ജോലി ചെയ്ത പല സെറ്റുകൾ കുടുംബം പോലെയായിരുന്നു. അതല്ലാത്ത കഥകളും ഞാൻ കേട്ടിട്ടുണ്ട്. ഹോട്ടൽ റൂമുകളിൽ പോലും ഒറ്റയ്ക്കാണെങ്കിൽ സുരക്ഷിതരല്ലെന്ന് കേട്ടിട്ടുണ്ട്. ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുന്ന നടിമാരുടെ കതകിൽ മുട്ടുന്ന സംഭവമൊക്കെ താൻ മുമ്പും കേട്ടിട്ടുള്ളതാണെന്ന് സുമലത പറഞ്ഞു. 

മലയാളത്തിലെന്നല്ല, ഏത് സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സെറ്റുകളിലെ സ്ത്രീസുരക്ഷയ്ക്കായി കൃത്യം നിയമങ്ങൾ കൊണ്ട് വരിക മാത്രമാണ് പോംവഴി. അത് തെറ്റിക്കുന്നവർക്ക് കർശനശിക്ഷ ഉറപ്പാക്കണം. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.