23 January 2026, Friday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

സംസ്ഥാനത്ത് ഹരിത ഓണം; നിരോധിത പ്ലാസ്റ്റിക് ഉപയോഗം പൂർണമായി ഒഴിവാക്കാൻ നിർദേശം

ഹരിത ഓണം ആഘോഷിക്കുന്നവർക്ക് പുരസ്കാരം 
Janayugom Webdesk
തിരുവനന്തപുരം
August 7, 2025 10:19 pm

ഇക്കുറി ഓണാഘോഷം പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് ഉറപ്പാക്കാൻ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്കും മറ്റ് ഏജൻസികൾക്കും നിർദേശം നല്‍കി. പൂക്കളങ്ങൾക്കും കൊടിതോരണങ്ങൾക്കും മറ്റും പ്ലാസ്റ്റിക് ഉപയോഗിക്കരുത്. സ്ഥാപനങ്ങളിലും ഓഫിസുകളിലും ഓണാഘോഷം സംഘടിപ്പിക്കുമ്പോൾ പ്ലാസ്റ്റിക് ഇല, പ്ലേറ്റ്, കപ്പുകൾ എന്നിവ ഒഴിവാക്കണം. വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ആരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളോ കപ്പുകളോ പ്ലേറ്റുകളോ, സാധനങ്ങളും ആഹാരപദാർത്ഥങ്ങളും നല്‍കാനായി ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ഇക്കാര്യങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും സർക്കുലറിൽ തദ്ദേശഭരണവകുപ്പ് നിർദേശിച്ചു. 

പൊതുവിടങ്ങൾ പരമാവധി വൃത്തിയായി സൂക്ഷിക്കണം. എല്ലായിടത്തും ആവശ്യത്തിന് മാലിന്യ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ‘മഹാബലി വൃത്തിയുടെ ചക്രവർത്തി’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ സർക്കാർ ഓണത്തിന് ഒരുങ്ങുന്നത്. ഓണത്തിന് മുന്നോടിയായി ശുചീകരണയജ്ഞം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റിലെ മൂന്നാം ശനിയാഴ്ച എല്ലാ പൊതുവിടങ്ങളും വൃത്തിയാക്കാൻ ജനകീയ യജ്ഞം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സംസ്ഥാനത്തൊട്ടാകെ പൊതുജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കും. 

ഹരിത ചട്ടങ്ങൾ പാലിച്ച് ഓണാഘോഷം സംഘടിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ, കലാ, കായിക ക്ലബുകൾ എന്നിവയ്ക്ക് തദ്ദേശ അടിസ്ഥാനത്തിൽ പുരസ്കാരം നൽകാനും തീരുമാനമായിട്ടുണ്ട്. മികച്ച ക്ലബുകൾക്ക്, ഹെൽത്ത് ഇൻസ്പെക്ടർ നേതൃത്വം നൽകുന്ന എൻഫോഴ്സ്മെന്റ് സമിതിയുടെ ശുപാർശ പ്രകാരം ഹരിത സർട്ടിഫിക്കറ്റും നൽകും. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച പഞ്ചായത്തിനും നഗരസഭയ്ക്കും പ്രത്യേകം പുരസ്കാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി മാലിന്യങ്ങൾ പരമാവധി കുറയ്ക്കണമെന്നും നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾക്കുപകരം പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യുവി ജോസ് അഭ്യർഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.