വഖഫ് വിഷയത്തിൽ സമൂഹത്തിൽ മതപരവും വർഗീയവുമായ ധ്രുവീകരണമുണ്ടാക്കാനുള്ള മുസ്‌ലിം ലീഗിന്റെ നീക്കത്തിനെതിരെ പൊതുസമൂഹത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലി വർഗീയത ആളിക്കത്തിക്കാനുള്ള മുസ്‌ലിം ലീഗിന്റെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. വഖഫ് സംരക്ഷണമെന്ന പേരിലാണ് പരിപാടി നടത്തിയതെങ്കിലും വഖഫ് കയ്യേറ്റത്തെക്കുറിച്ചോ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ചോ പരിപാടിയിൽ കാര്യമായ പരാമർശവുമുണ്ടായില്ല. പള്ളികളെ പ്രക്ഷോഭ കേന്ദ്രമാക്കി വർഗീയ നീക്കത്തിലൂടെ സർക്കാരിനെ നേരിടാനായിരുന്നു ലീഗ് നേരത്തെ തന്ത്രം ആവിഷ്ക്കരിച്ചത്. എന്നാൽ സമസ്തയുടെ ഇടപെടലിലൂടെ ഈ നീക്കം പാളിപ്പോയതോടെ പൊതുവേദികളിൽ മതേതരത്വത്തെക്കുറിച്ച് വാചാലരാകുന്ന ലീഗ് നേതാക്കളുടെ മനസിലെ വർഗീയതയും താലിബാൻ മനോഭാവവും വംശീയതയും പുറത്തുവരികയായിരുന്നു.
കേരളത്തിന്റെ മതേതര സ്വഭാവത്തെയും നവോത്ഥാന പാരമ്പര്യത്തെയും അപഹസിക്കുന്നതും സമൂഹത്തിൽ വർഗീയത ആളിക്കത്തിക്കുന്നതുമായിരുന്നു പരിപാടിയിൽ ഉയർന്ന മുദ്രാവാക്യങ്ങളും നേതാക്കളുടെ പ്രസംഗങ്ങളും.വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് സമാനമായിരുന്നു മുസ്‌ലിം ലീഗിന്റെ പരിപാടി. മുസ്‌ലിം ലീഗ് വിട്ടുപോകുന്നവർ ദീനുമായി അകലുകയാണെന്നും മതം വിട്ടുപോവുകയാണെന്നും പറഞ്ഞ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മതത്തെ ചേർത്തുവച്ച് സംസാരം ആരംഭിച്ചു. വഖഫിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനെ ഉൾപ്പെടെ അദ്ദേഹം എതിർത്തു. ലീഗിൽ നിന്നും പോകുന്നത് മതം വിട്ടുപോകുന്നതിന് തുല്യമാണെന്ന് വ്യാഖാനിച്ചതിലൂടെ കെ എം ഷാജി മതത്തെ തന്നെയാണ് അവഹേളിച്ചതെന്നാണ് സമസ്ത പ്രവർത്തകർ ഉൾപ്പെടെ വ്യക്തമാക്കുന്നത്.
കെ എം ഷാജിക്ക് പിന്നാലെയാണ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായി രംഗത്തെത്തിയത്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. തുടർന്നങ്ങോട്ട് ഭിന്നലിംഗക്കാരെയും മിശ്രവിവാഹിതരെയുമെല്ലാം അവഹേളിച്ചുകൊണ്ട് ഏറെ പ്രാകൃതവും മനുഷ്യത്വവിരുദ്ധവുമായ പരാമർശങ്ങളായിരുന്നു അബ്ദുറഹ്‌മാൻ കല്ലായിയുടേത്.
പള്ളി കേന്ദ്രീകരിച്ച് ഒരു പ്രക്ഷോഭത്തിനുമില്ലെന്ന സമസ്തയുടെ തീരുമാനത്തിൽ വർഗീയരാഷ്ട്രീയ നീക്കം തകർന്നതോടെ മുഖം രക്ഷിക്കാൻ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പരിപാടി വലിയ തിരിച്ചടി തന്നെയാണ് പാർട്ടിക്ക് സമ്മാനിക്കുന്നത്. വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനത്തിൽ മുഖ്യമന്ത്രിയുമായി സമസ്ത പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെടുമെന്നായിരുന്നു ലീഗ് കരുതിയിരുന്നത്. എന്നാൽ ചർച്ചയിൽ സമസ്ത നേതാക്കൾ തൃപ്തി അറിയിച്ചതോടെയാണ് മതത്തെ ഉപയോഗപ്പെടുത്തി പരിപാടി സംഘടിപ്പിക്കാൻ ലീഗ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങളിൽ ആളുകളെയെത്തിച്ച് പരിപാടി സംഘടിപ്പിച്ച് സമസ്തയ്ക്ക് മറുപടി നൽകാൻ കൂടിയായിരുന്നു ലീഗ് ഉദ്ദേശിച്ചത്. പരിപാടിയിൽ പ്രമുഖരായ പല നേതാക്കളെയും പ്രസംഗിക്കാൻ വിളിക്കാതെ അബ്ദുറഹ്‌മാൻ കല്ലായിയെ പ്രസംഗിക്കാൻ വിളിച്ചത് ബോധപൂർവമായിരുന്നു. സമസ്തയുടെ നേതാവു കൂടിയായ ഇദ്ദേഹം കുറച്ചുനാളായി സമസ്തയോട് ഇടഞ്ഞു നിൽക്കുകയാണ്. ഇദ്ദേഹത്തിന് സമസ്തയിൽ നിന്ന് താക്കീതും കിട്ടിയിരുന്നു. കണ്ണൂർ ആസ്ഥാനമായുള്ള വ്യവസായ സംരംഭത്തിന്റെ ചെയർമാനായ അബ്ദുറഹ്‌മാൻ കല്ലായി കോഴിക്കോടും കണ്ണൂരും നിരവധി സ്ഥാപനങ്ങളുള്ള വ്യപാരി കൂടിയാണ്. പ്രസംഗം വിവാദമായതോടെ ഖേദപ്രകടനവുമായി ഇദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.
english summary; Harsh communal remarks at a league rally
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.