26 December 2024, Thursday
KSFE Galaxy Chits Banner 2

കനത്തമഴയില്‍ വീടുകള്‍ തകര്‍ന്നു, വ്യാപക നാശം

Janayugom Webdesk
ചാത്തന്നൂർ
April 8, 2022 9:43 pm

കനത്തകാറ്റിലും മഴയിലും കല്ലുവാതുക്കൽ, പാരിപ്പളളി പ്രദേശങ്ങളിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി. വൈകുന്നേരം മൂന്നുമണിയോടെ ആരംഭിച്ച മഴക്കെടുതിയിൽ മേവനകോണം, പുലികുഴി, പ്ലാവറകുന്ന്, ശാസ്ത്രിമുക്ക്, നടയ്ക്കൽ, എള്ളുവിള, ഏഴിപ്പുറം ഭാഗങ്ങളിൽ മരച്ചില്ലകൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിയതുൾപ്പെടെ പലമേഖലകളിലും വൈദ്യുതി ബന്ധം നിലച്ചു. രാത്രിയോടെയാണ് വൈദ്യുതി ബന്ധം പുനഃ സ്ഥാപിച്ചത്.
മിക്ക പ്രദേശങ്ങളിലിലും കാർഷിക വിളകൾക്ക് നാശം സംഭവിച്ചു. ദേശീയ പാതയിൽ പലയിടത്തും കനത്ത വെള്ളകെട്ടുമൂലം ഗതാഗതം സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നിർത്തിയിട്ടു. ദേശീയപാതയോരത്ത് കടകളിൽ വെള്ളം കയറി. ഇടിമിന്നലേറ്റു നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. മരങ്ങൾ വീണ് വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. കല്ലുവാതുക്കൽ നടയ്ക്കൽ സ്റ്റേഡിയത്തിന്റെ മതിൽ ഇടിഞ്ഞു വീണ് തൊട്ടടുത്ത വീട്ടിലെ കൃഷി നശിച്ചു. കാരംകോട് നടയിൽ കിഴക്കതിൽ രഘുവരന്റെ വീടിന് മുകളിൽ മരം വീണ് കേട് പാടുകൾ ഉണ്ടായി. ആദിച്ചനല്ലൂർ പഞ്ചായത്തിലെ കുമ്മല്ലൂരിൽ റബ്ബർ മരങ്ങൾ വൈദ്യുതി ലൈനിൽ വീണു വൈദ്യുതി കേബിളിന് തീപിടിച്ചു. ഫയർ ഫോഴ്സും വൈദ്യുതി വകുപ്പ് ജീവനക്കാരും എത്തി തീയണച്ചു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും മൈലം, നെടുവത്തൂർ പഞ്ചായത്തുകളിൽ വീടുകൾ തകർന്നു. മൈലത്ത് നാലു വീടുകളും നെടുവത്തൂരിൽ ഒരു വീടുമാണ് തകർന്നത്.
മൈലം മുട്ടമ്പലം ഭാഗത്താണ് വീടുകൾ തകർന്നത്. വീടുകളുടെ മേൽക്കൂരകൾ പുർണമായി തകർന്നിട്ടുണ്ട്. പുഷ്പ വിഷ്ണുഭവനം, സജി കാരണയിൽ സജീകുമാർ ബംഗ്ലാതറ, ദുർഗ ചരുവിള പുത്തൻവീട് എന്നിവരുടെ വീടുകളാണ് തകർന്നത്.
നെടുവത്തൂരിൽ വല്ലം തേക്കു വിള വീട്ടിൽ അജയന്റെ വീടാണ് തകർന്നത്. ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നു പോവുകയായിരുന്നു. ടി വി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരരണങ്ങളും വീട്ടുപകരണങ്ങളും നശിക്കുകയും ചെയ്തു. തകർന്ന വീടുകളിൽ റവന്യു ഉദ്യോഗസ്ഥരെത്തി വിവരശേഖരണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.