23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 11, 2024
November 10, 2024
November 10, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024
November 1, 2024

അതിതീവ്രമഴ; വടക്കൻ ജില്ലകളിൽ ജനങ്ങൾ ജാഗരൂകരായിരിക്കണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 2, 2022 9:58 pm

വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി. 

മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2291 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃശൂരിലാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാംപുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാംപുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാംപുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ ഏഴു ക്യാംപുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാംപുകളിലായി 467 പേരും കഴിയുന്നു. പാലക്കാട് ഒരു ക്യാംപില്‍ 25 പേരും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാംപുകളിലായി 38 പേരും കണ്ണൂരില്‍ മൂന്നു ക്യാംപുകളിലായി 52 പേരും കഴിയുന്നുണ്ട്. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആള്‍ക്കാര്‍ എന്നിവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കി.

കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ നാളെ (03 ഓഗസ്റ്റ്) രാത്രി 11.30 വരെ മൂന്നു മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. 

അടുത്ത 3 ദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ എന്നീ ദുരന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും തുടരണം.

കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ് പ്രകാരം, പമ്പ(മാടമണ്‍), നെയ്യാര്‍(അരുവിപ്പുറം), മണിമല(പുലകയര്‍), മണിമല(കല്ലൂപ്പാറ) കരമന(വെള്ളകടവ് )എന്നി നദികളില്‍ ജലനിരപ്പ് അപകട നിരപ്പ് കടന്നിട്ടുണ്ട്. അച്ചന്‍കോവില്‍(തുമ്പമണ്‍), കാളിയാര്‍(കലമ്പുര്‍), തൊടുപുഴ(മണക്കാട്), മീനച്ചില്‍(കിടങ്ങൂര്‍) എന്നീ നദികളിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. നദികളുടെ കരകളിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും തുടരുന്നുണ്ട്. 

ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 

ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങള്‍ ഇടുക്കി, കോഴിക്കോട് വയനാട്, തൃശൂര്‍ , മലപ്പുറം,എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിഫെന്‍സ് സെക്യൂരിറ്റി കോർപ്സ്ന്‍റെ രണ്ടു യൂണിറ്റ് കണ്ണൂര്‍ പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട് . 

മഴയോടൊപ്പം ശക്തമായ കാറ്റിനുള്ള സാദ്ധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലുള്ള പോസ്റ്റുകള്‍, മരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ സുരക്ഷിതമാക്കി അപടമൊഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലയോര മേഖലയിലേക്കും ജലാശയങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരത്തിന കര്‍ശന നിയന്ത്രണമുണ്ട്. അപകട സാധ്യതയുള്ള മലയോര മേഖലയിലെ രാത്രി ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Heavy rain Peo­ple should be vig­i­lant in north­ern dis­tricts: Chief Minister

You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.