കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതി തീവ്രമഴ സാധ്യതയാണുള്ളത്.
തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ 12 ജില്ലകളിലും റെഡ് അലർട്ടാണ്. മധ്യ‑തെക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ എല്ലാ ജില്ലകളിലും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഴയിൽ മൂന്നു മരണവും വ്യാപക നാശനഷ്ടവുമുണ്ടായി. പത്തനംതിട്ടയിൽ കാർ തോട്ടിൽ വീണ് അച്ഛനും രണ്ടു മക്കളും മരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി.
മണ്ണിടിഞ്ഞും റോഡിൽ വെള്ളം കയറിയും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് ഉരുൾ പൊട്ടിയ ഇരിമാപ്രയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്ന നിലയിലാണ്. ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
കൊല്ലം അഞ്ചൽ ഉപ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൊല്ലത്തെ തീരമേഖലയിൽ കനത്ത കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മന്ത്രി കെ രാജൻ. നാളെ വൈകിട്ട് വരെ തെക്കൻ, മധ്യ കേരളത്തിൽ അതിതീവ്ര മഴ പെയ്തേക്കും. വെള്ളിയാഴ്ച്ചക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. തീരദേശമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കാലവർഷം ശക്തിപ്രാപിച്ചതോടെ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചൂ. വിളിക്കേണ്ട നമ്പർ: 8078548538.
സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെന്ററിൽ ഏകോപിച്ച് പ്രവർത്തിക്കും.
ഇറിഗേഷൻ, കെഎസ്ഇബി, മോട്ടോർ വെഹിക്കിൾ, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ്, ഐഎംപിആർഡി, ഫിഷറീസ് വകുപ്പുകൾക്ക് പുറമെ സിവിൽ ഡിഫൻസ് സേനയും എമർജൻസി സെന്ററിന്റെ ഭാഗമാകും.
നിലവിലുള്ള എൻഡിആർഎഫിനെ കൂടാതെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകളെ നിയോഗിക്കും. ചെന്നൈയിലെ ആർക്കോണത്തുള്ള എൻഡിആർഎഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക. ജില്ലാ തല എമർജൻസി കേന്ദ്രങ്ങളും ജാഗ്രത പുലർത്തുന്നുണ്ട്.
അതേസമയം ശക്തമായ മഴ തുടരുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ രാവിലെ 11ന് ഉയർത്തും. ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.70 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്രമഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
English summary; Heavy rains in the state; Red alert in seven districts
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.