25 December 2024, Wednesday
KSFE Galaxy Chits Banner 2

കണ്ണുതുറപ്പിക്കണം എച്ച്ഇഐ റിപ്പോര്‍ട്ട്

സത്യന്‍ മൊകേരി
വിശകലനം
June 26, 2024 4:00 am

ലോക പരിസ്ഥിതി മേഖലകളില്‍ ഗവേഷണം നടത്തുന്ന ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (എച്ച്ഇഐ) പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് ലോകത്തെ ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയിലെ ബോസ്റ്റണ്‍‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് എച്ച്ഇഐ. വായുമലിനീകരണം മനുഷ്യജീവിതത്തെയും പ്രകൃതിയെയും ഏതുതരത്തിലാണ് പ്രതികൂലമായി ബാധിക്കുക എന്ന് വ്യക്തമാകുന്നതാണ് അവര്‍ പുറത്തുവിട്ട ഏറെ പഠനാര്‍ഹമായ ഗവേഷണ റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളില്‍ വിവിധ തലങ്ങളില്‍ റിപ്പോര്‍ട്ട് ഇതിനകം തന്നെ ഏറെ ഗൗരവപഠനത്തിനായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ലോകത്ത് മരണകാരണമാകുന്ന രണ്ടാമത്തെ ഘടകം വായുമലിനീകരണമെന്ന് എച്ച്ഇഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എച്ച്ഇഐ ഇതിനകം മുന്നൂറിലേറെ പ്രോജക്ടുകള്‍ ഏറ്റെടുത്ത് 260 ഗവേഷണ റിപ്പോര്‍ട്ടുകള്‍‍ പുറത്തുവിട്ടിട്ടുണ്ട്. 2500ലധികം ഗവേഷണ ലേഖനങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയും വിവിധ ലോകരാജ്യങ്ങളും എച്ച്ഇഐ റിപ്പോര്‍ട്ടുകള്‍ ആധികാരികമായ രേഖകളായാണ് പരിഗണിച്ചുവരുന്നത്. വായുമലിനീകരണത്തിന്റെ ഫലമായി 2021ല്‍ മാത്രം ലോകത്ത് 81 ലക്ഷത്തിലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണിത്. ഈ കാലയളവില്‍ ഇതേകാരണത്താല്‍ ഇന്ത്യയില്‍ 21 ലക്ഷം പേര്‍ മരിച്ചതായും വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ഞെട്ടിപ്പിക്കുന്നതാണ് ഈ കണക്ക്.
വായുമലിനീകരണത്താല്‍ ശ്വാസതടസമുണ്ടായി അഞ്ച് വയസില്‍ താഴെയുള്ള ഏഴ് ലക്ഷം കുട്ടികളാണ് ലോകത്താകെ മരിച്ചത്. ഇന്ത്യയില്‍ മരണപ്പെട്ട കുട്ടികള്‍ 1,60,000ലധികമാണ്. നൈജീരിയ 1,14,100, പാകിസ്ഥാന്‍ 68,100, എത്യോപ്യ 31,100, ബംഗ്ലാദേശ് 19,100 എന്നിങ്ങനെയാണ് മരണനിരക്ക്. ദരിദ്ര രാജ്യങ്ങളിലാണ് മലിനവായു മൂലമുള്ള കുട്ടികളുടെ മരണം വർധിക്കുന്നത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇത്തരം രാജ്യങ്ങളില്‍ മരണനിരക്ക് നൂറുമടങ്ങാണ്. ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരണ ജനങ്ങളും വ്യവസായ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരുമാണ് വായുമലിനീകരണത്തിന്റെ ഇരകളായി കൂട്ടത്തോടെ മരണത്തിനിരയാകുന്നത്.

പ്രകൃതിസമ്പത്ത് അമിതമായി ചൂഷണം ചെയ്യുന്ന വന്‍കിട കോര്‍പറേറ്റ് വ്യവസായങ്ങളാണ് വായുമലിനീകരണത്തിന് ഉത്തരവാദികള്‍. അമിതലാഭം ആഗ്രഹിക്കുന്ന വന്‍കിട ഉടമകള്‍ക്ക് മനുഷ്യജീവന്‍ ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു. ഭോപ്പാലിലെ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്നാണ് മധ്യപ്രദേശില്‍ മരണം വിതച്ചത്. 30,000 പേരെങ്കിലും മരിച്ചുവെന്നാണ് കണക്ക്. അഞ്ച് ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ച ദുരന്തം രണ്ടു ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. വലിയ കോലാഹലം രാജ്യത്ത് അന്നുണ്ടായെങ്കിലും ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളില്‍ ഇപ്പോഴും സഹായം ലഭിക്കാത്തവരുണ്ട്.
ഭോപ്പാല്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും വിവിധ മേഖലകളിലും വിഷം തുപ്പുന്ന നിരവധി ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നുണ്ട്. ഫാക്ടറികള്‍ പുറത്തുവിടുന്ന വിഷം കലര്‍ന്ന വായുശ്വസിച്ചാണ് പാവങ്ങള്‍ ഇഞ്ചിഞ്ചായി മരണപ്പെടുന്നത് എന്ന് ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം പഠനങ്ങളെല്ലാം പരിശോധിക്കാതെ, നടപടികള്‍ സ്വീകരിക്കാതെ ഭരണകര്‍ത്താക്കള്‍ മേശയ്ക്കകത്ത് പൂട്ടിവച്ചിരിക്കുകയാണ്.
ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങളും മരണകാരണങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെ പരിശോധിക്കാന്‍ തയ്യാറാകണം. വായുമലിനീകരണം തടയുന്നതിനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും നടപടികള്‍ വേണം. ലോകത്ത് ഏറ്റവും കൂടുതല്‍ ശ്വാസകോശരോഗികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ലക്ഷക്കണക്കിന് കുട്ടികള്‍ ശ്വാസകോശ രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നതിന്റെ കാരണം വായുമലിനീകരണമാണ്. ആസ്ത്മ ഉള്‍പ്പെടയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് അവര്‍ അടിമകളാണ്. ശ്വാസകോശ കാന്‍സര്‍ ബാധിക്കുന്നവരും അനവധിയാണ്. ഗുരുതരമായ അവസ്ഥയാണ് രാജ്യത്ത് വായുമലിനീകരണം സൃഷ്ടിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ലോകത്ത് ശക്തമായി ഉയര്‍ന്നുവരികയാണ്. വിവിധ രാജ്യങ്ങളില്‍ ഗ്രീന്‍ പാര്‍ട്ടികള്‍ രൂപീകരിക്കുന്നു. എല്ലാ വര്‍ഷവും ജൂണ്‍ അഞ്ച് പരിസ്ഥിതി സംരക്ഷണ ദിനം ആചാരമാക്കി സംഘടിപ്പിച്ചതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ കഴിയില്ല. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ മാത്രമെ പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാന്‍ കഴിയുകയുള്ളു. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ത്യയിലുണ്ടാകുന്നത് എന്നതാണ് പഠന റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നത്.

വായു ഉള്‍പ്പെടെ പാരിസ്ഥിതിക മലിനീകരണങ്ങള്‍ തടയുന്നതിന് ഗൗരവത്തോടെ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ‍ വായുവിനോളം തന്നെ മനുഷ്യനും ജീവജാലങ്ങള്‍ക്കും നാശം വിതയ്ക്കുന്നതാണ് ജലമലിനീകരണം. ഫാക്ടറികളിലെ രാസമാലിന്യങ്ങള്‍ അടങ്ങിയ വെള്ളം പെരിയാറില്‍ ഒഴുക്കിയതിനെത്തുടര്‍ന്ന് മത്സ്യസമ്പത്ത് നഷ്ടപ്പെട്ടതും ജലം മലിനമായതും അവിടെയുള്ളവരുടെ ജീവിതം ദുഃസഹമായതും സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്തതാണ്. ലെഡ് സംയുക്തങ്ങൾ, മെർക്കുറി, കാഡ്മിയം, നിക്കൽ, കൊബാൾട്ട്, സിങ്ക് തുടങ്ങിയവ രാസമാലിന്യങ്ങളായി കുടിവെള്ളത്തിലുള്‍പ്പെടെ കലരുന്നു. കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ അഞ്ഞുറിലേറെ അന്തേവാസികള്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉണ്ടായത് കുടിവെള്ളത്തിലൂടെയാണെന്ന വാര്‍ത്ത പുറത്തുവന്നതും ഏതാനുംദിവസം മുമ്പാണ്. വായു-ജല മലിനീകരണം ഉള്‍പ്പെടെയുള്ളവ തടയുന്നതിന് മുന്നോട്ടുവരേണ്ട ഏജന്‍സികള്‍ അവരുടെ ജോലിയല്ല നിര്‍വഹിക്കുന്നത് എന്നത് ഖേദകരമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധനയ്ക്ക് വിധേയമാക്കേണ്ട സന്ദര്‍ഭമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.