22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 8, 2024
October 30, 2024
October 1, 2024
September 25, 2024
September 10, 2024
September 6, 2024
September 6, 2024
August 16, 2024
July 11, 2024

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കും: മുഖ്യമന്ത്രി

Janayugom Webdesk
July 6, 2022 8:43 am

സംസ്ഥാനത്ത്‌ മികവിന്റെ കേന്ദ്രങ്ങളാകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികളുടെ ഉദ്ഘാടനവും ഉന്നതവിദ്യാഭവന്റെ കല്ലിടലും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്താൻ ലക്ഷ്യമിട്ടത്‌ 30 ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെയാണ്‌. അഞ്ചോ ആറോ മാത്രമേ ഇതുവരെ ആ നിലയിലേക്ക്‌ ഉയർത്തപ്പെട്ടിട്ടുള്ളൂ. അടുത്ത വർഷങ്ങളിൽ 30 എന്ന ലക്ഷ്യം കൈവരിക്കും. ഇവിടങ്ങളിൽ ആധുനിക കാലത്ത്‌ വിദ്യാർഥികൾ ആഗ്രഹിക്കുന്ന കോഴ്‌സുകളും മുഴുവൻ സൗകര്യങ്ങളും ഒരുക്കും.

സർവകലാശാലകളിൽ തുടർന്നുപോരുന്ന പരമ്പരാഗത രീതികൾ ഈ സ്ഥാപനങ്ങളെ ബാധിക്കില്ല. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ നിലവിലുള്ള പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ മൂന്ന്‌ കമീഷനെയാണ്‌ നിയോഗിച്ചത്‌. ആ കമീഷൻ റിപ്പോർട്ടുകൾ നടപ്പാക്കാനുള്ളതാണ്‌.2016ന്‌ മുമ്പ്‌ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടുമെന്നു പറഞ്ഞാൽ ആരും വിശ്വസിക്കുമായിരുന്നില്ല. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കി വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റിയപ്പോൾ 10 ലക്ഷത്തിലധികം കുട്ടികളാണ്‌ പുതുതായി വന്നുചേർന്നത്‌. കേരളത്തെ ലോകത്തിന്റെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്നു പറഞ്ഞാൽ ഇപ്പോൾ ആർക്കും വിശ്വാസം വരില്ല. ആവശ്യമുള്ള പണം ഉന്നത വിദ്യാഭ്യാസമേഖലയിൽ ചെലവഴിച്ച്‌ മുഴുവൻ സ്ഥാപനങ്ങളെയും ശാക്തീകരിക്കും. കേരളത്തിനും രാജ്യത്തിനും പുറത്തുള്ള വിദ്യാർഥികൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ്‌ കേട്ട്‌ ഇവിടെ പഠിക്കാനായി ഒഴുകിയെത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികളുടെ സംസ്ഥാന ഉദ്‌ഘാടനവും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാനമന്ദിരമായ ഉന്നതവിദ്യാഭവന്റെ കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ- മന്ത്രി ആർ ബിന്ദു അധ്യക്ഷയായി.ഇ ജേണൽ കൺസോർഷ്യം, ബ്രെയിൻ ഗെയിൻ പദ്ധതി എന്നിവയുടെ ഉദ്‌ഘാടനവും അക്രെഡിറ്റഡ് കോളേജുകൾക്കുള്ള സ്റ്റേറ്റ് അസസ്‌മെന്റ്‌ ആൻഡ്‌ അക്രെഡിറ്റേഷൻ സെന്റർ (സാക്‌) സർട്ടിഫിക്കറ്റുകളുടെ വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു. ബ്രെയിൻ ഗെയിൻ പദ്ധതിയിൽ ആദ്യഘട്ടം പങ്കാളികളാകുന്ന എംജി സർവകലാശാല, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, വെറ്ററിനറി സർവകലാശാല എന്നിവയ്‌ക്ക്‌ സമ്മതപത്രവും നൽകി.

നിലവിൽ സാക്‌ അക്രെഡിറ്റേഷൻ നേടിയ മാവേലിക്കര ബിഷപ്മൂർ കോളേജ്, ഫറൂഖ് ട്രെയിനിങ്‌ കോളേജ് എന്നിവയുടെ പ്രതിനിധികൾ മുഖ്യമന്ത്രിയിൽനിന്ന്‌ സർട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങി.ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിൽ നിലവിലുള്ള കെട്ടിടത്തോടുചേർന്നാണ് ഉന്നതവിദ്യാഭവൻ നിർമിക്കുന്നത്. വി കെ പ്രശാന്ത് എംഎൽഎ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി രാജൻ വർഗീസ് എന്നിവർ സംസാരിച്ചു. കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, സംസ്ഥാനത്തെ വിസിമാർ, സിൻഡിക്കറ്റംഗങ്ങൾ, പ്രിൻസിപ്പൽമാർ തുടങ്ങിയവരും പങ്കെടുത്തു.

Eng­lish Sum­ma­ry: High­er edu­ca­tion insti­tu­tions will be ensured free­dom of action: Chief Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.