പ്രാദേശിക ഭാഷകള്‍ക്കൊപ്പം ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന സംസ്ഥാനങ്ങള്‍ ഹിന്ദി ഭാഷ പകരം സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ പ്രസ്താവനയുണ്ടായിരിക്കുന്നു. പ്രാദേശിക ഭാഷകള്‍ക്ക് ഒപ്പം ഹിന്ദിയെ ഏകീകൃത ഭാഷയായി സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ യോഗത്തില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ മാധ്യമമായി ഔദ്യോഗിക ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നുവെന്നും ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുമെന്നുമാണ് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വാക്കുകളായി മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലുള്ളത്. ഔദ്യോഗിക ഭാഷ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണമെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ട്. മന്ത്രിസഭാ കുറിപ്പുകളിലെ 70 ശതമാനവും തയാറാക്കുന്നത് ഹിന്ദി ഭാഷയിലാണ്. മറ്റു പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ കൂടി സ്വീകരിച്ച് ഹിന്ദിയെ വഴക്കമുള്ള ഭാഷയാക്കിയില്ലെങ്കില്‍ അതിന്റെ പ്രചാരമുണ്ടാകില്ലെന്നും പറയുകയുണ്ടായി. കേള്‍ക്കുമ്പോള്‍ ലളിതമെന്നു തോന്നാമെങ്കിലും വളരെ അപകടം പിടിച്ച ഒരു അജണ്ട ഇതിനു പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഭയക്കണം.
ബഹുമത — ബഹു സംസ്കാരമെന്നതുപോലെ തന്നെ ഇന്ത്യ ബഹുഭാഷാ രാജ്യം കൂടിയാണ്. 2011 ലെ കാനേഷുമാരിയെ തുടര്‍ന്ന് നടന്ന വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ 19569 ഭാഷകളോ ഉപഭാഷകളോ വിനിമയത്തിന് ഉപയോഗിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. പതിനായിരത്തിലധികം പേര്‍ വിനിമയത്തിനുപയോഗിക്കുന്നതിനായി തന്നെ 121 ഭാഷകളാണുള്ളത്. യുക്തിസഹമായി കരുതാവുന്ന 1,369 മാതൃഭാഷകളും വര്‍ഗീകരിക്കപ്പെടാത്തതായി 1,474 ഭാഷകളുമുണ്ടെന്നാണ് കാനേഷുമാരി വിശകലനത്തിലുള്ളത്. അതേസമയം മരണാസന്നമായ 13 ഭാഷകള്‍ രാജ്യത്തുണ്ടെന്ന മറ്റൊരു പഠനവും ഉണ്ടായിട്ടുണ്ട്. ഹിന്ദി ഉള്‍പ്പെടെയുള്ള 22 ഭാഷകളാണ് ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതിന് പുറമേ ഇംഗ്ലീഷിനെയും ഔദ്യോഗിക — വ്യവഹാര ഭാഷയായി അംഗീകരിച്ചിട്ടുണ്ട്. ഭാഷാടിസ്ഥാനത്തിലാണ് 1956 നവംബര്‍ ഒന്നിന് സംസ്ഥാന പുനഃസംഘടന നടന്നതെങ്കിലും പല സംസ്ഥാനങ്ങളിലും അതാതിടങ്ങളിലെ ഭാഷയ്ക്ക് പ്രാദേശികാടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങളുണ്ട്. കേരളത്തില്‍ തന്നെ സപ്തഭാഷ സംസാരിക്കുന്ന പ്രദേശമായാണ് വടക്കേ അറ്റത്തെ ചില കേന്ദ്രങ്ങള്‍ അറിയപ്പെടുന്നത്. ലിപികളില്ലാത്ത ഭാഷയും രാജ്യത്തുണ്ട്. അങ്ങനെ ഭാഷാ വൈജാത്യം നിലനില്ക്കുന്നൊരു രാജ്യത്താണ് ഹിന്ദി സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിനിമയഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ യോഗത്തില്‍ നിര്‍ദേശിക്കുന്നത്.
ഹിന്ദിയെ പൊതുഭാഷയായി അംഗീകരിക്കുമ്പോഴും അത് അടിച്ചേല്പിക്കുന്നത് അംഗീകരിക്കാത്ത സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ മനോഭാവം പ്രസിദ്ധമാണ്. ദ്രവീഡിയന്‍ ഭാഷയായ തമിഴിനോട് ഉത്തരേന്ത്യന്‍ വരേണ്യവിഭാഗങ്ങള്‍ കാട്ടിയ തൊട്ടുകൂടായ്മയുടെ പൂര്‍വകാലത്തിന്റെ കൂടി ഓര്‍മ്മകളില്‍ നിന്നാണ് അവിടെ അത്തരമൊരു വിരുദ്ധമനോഭാവം രൂപംകൊണ്ടത്. അതിപ്പോഴും നിലനില്ക്കുന്നുമുണ്ട്, എന്നുമാത്രമല്ല പല സംസ്ഥാനങ്ങളിലും അതാതിടങ്ങളിലെ മാതൃഭാഷയ്ക്കൊപ്പം ഹിന്ദി പഠന ഭാഷയാണെങ്കിലും അതിന് തുല്യമോ കൂടുതലോ ആയ പരിഗണന ഇംഗ്ലീഷിന് നല്കിപ്പോരുന്നുമുണ്ട്. മനുഷ്യവിഭവശേഷി കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതര രാജ്യങ്ങളിലേക്കുള്ള തൊഴില്‍ സാധ്യതകള്‍കൂടി അത്തരം പരിഗണനയ്ക്കു കാരണമാകുന്നുണ്ട്. ഇംഗ്ലീഷ് ലോകഭാഷയായി പരിഗണിക്കപ്പെടുന്നുണ്ട് എന്നതാണ് അതിന്റെ കാരണം. ഇതെല്ലാംകൊണ്ടുതന്നെ ഹിന്ദി ഇംഗ്ലീഷിന് പകരം പ്രതിഷ്ഠിക്കണമെന്ന നിര്‍ദേശം അപ്രായോഗികവും അനവസരത്തിലുള്ളതുമാകുന്നു. ഹിന്ദിക്ക് പ്രാധാന്യം വേണ്ടെന്നല്ല അതിന്റെ അര്‍ത്ഥം. ഭാഷയുടെ പേരിലുള്ള ഏകീകരണം എന്നൊക്കെ പഞ്ചസാര പുരട്ടിയുള്ള ഇങ്ങനെയൊരു നിര്‍ദേശം ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ ഭയത്തോടെ കാണേണ്ടതുണ്ട് എന്നതുകൊണ്ടുകൂടിയാണ്. പ്രമുഖ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന പല സംസ്ഥാനങ്ങളിലും ബിജെപിക്ക് പച്ചതൊടാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. അത്തരം സംസ്ഥാനങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുകയും ഹിന്ദി ഭാഷയുടെ പേരിലുള്ള ധ്രുവീകരണം സാധ്യമാക്കുകയുമെന്ന അജണ്ട ഇപ്പോഴത്തെ നീക്കത്തിനുപിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള ധ്രുവീകരണ ശ്രമങ്ങളുടെ കൂടെ ഭാഷയെയും ഉപകരണമാക്കുവാനുള്ള നീക്കമാണ് ബിജെപി തുടങ്ങിവയ്ക്കുന്നതെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഹിന്ദിയുടെ പേരിലുള്ള പുതിയ വിവാദനീക്കങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.