ഒരു പ്രത്യേകതരം ഘടനയാര്‍ന്നവയാണ് അത്. ഒരു ടറക്റ്റ് ക്ലോക്ക് ഉള്‍ക്കൊള്ളുന്ന ഇവ തിരുവിതാംകൂറിന്റെ പലഭാഗത്തും കണ്ടുവരുന്നു.
പല ക്ലോക്ക് ടവറുകളും പ്രത്യേകതരം ഘടനയുള്ളവയാണ്. അവ ഒരു കെട്ടിടത്തോട് ചേര്‍ന്ന് അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ സ്ഥിതിചെയ്യുന്നു.
ചരിത്രമുറങ്ങുന്ന ക്ലോക്ക് ടവറുകള്‍ ലോകത്തിന്റെ പലഭാഗത്തും സാധാരണ കാഴ്ചയാണ്. ലണ്ടനിലെ ബിഗ് ബെന്നും പത്മനാഭപുരം മണിമേടയും മേത്തന്‍മണിയും സെക്രട്ടേറിയറ്റിലെ ഘടികാരവും അതിനുദാഹരണമാണ്. തിരുവിതാംകൂറിലെ നാഴികമണികളെക്കുറിച്ച്.….
കേരളീയ തനതു വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമാണ് പത്മനാഭപുരം കൊട്ടാരം. കേരളസര്‍ക്കാരിന്റെ പുരാവസ്തുവകുപ്പാണ് കൊട്ടാരത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കി നടത്തുന്നത്. തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ തക്കലയില്‍നിന്നു 2 കി. മീ. മാറിയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ ഭരിച്ച ഇരവി വര്‍മ്മ കുലശേഖരപെരുമാളാണ് എ.ഡി. 1601ല്‍ കൊട്ടാരനിര്‍മ്മാണത്തിനു തുടക്കമിട്ടത്. 1741 ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ കൊട്ടാരം പുതുക്കി പണിതു. പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നിവയുള്‍പ്പെടുന്ന പൂമുഖമാളികയ്ക്ക് ത്രികോണാകൃതിയിലുള്ള കമാനമുണ്ട്.
പൂമുഖത്തിന്റെ മുകളിലത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന മുറിയാണ് മന്ത്രശാല. മഹാരാജാവ് ഭരണപരമായ തീരുമാനങ്ങള്‍ ഇവിടെ വച്ചാണ് എടുത്തിരുന്നത്. ദാരുശില്‍പ്പകലാവൈഭവത്തില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ് മന്ത്രശാലയിലെ തട്ടും, തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന്റെ ജനാലകളില്‍ വിവിധവര്‍ണ്ണങ്ങളിലുള്ള അഭ്രപാളികള്‍ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയില്‍ പണിതിട്ടുള്ള ഇരിപ്പിടങ്ങള്‍ കൊത്തുപണികള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മന്ത്രശാലയുടെ വടക്കുഭാഗത്ത് മണിമാളിക. സമയമറിയാനാണ് ഈ സംവിധാനം. മണിമാളികയുടെ മുന്‍വശത്ത് കമനീയമായ മുഖപ്പ്. ഉയരമുള്ള മണിമാളികയില്‍ ഭാരത്തിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന നാഴികമണി തദ്ദേശീയനായ ഒരു ലോഹപ്പണിക്കാരനാണ് നിര്‍മ്മിച്ചത്. മണിനാദം മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാമായിരുന്നു.
1840ൽ അന്നത്തെ രാജാവായിരുന്ന സ്വാതി തിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്ന ജോൺ കാൽഡിക്കോട്ട് മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും രണ്ടു വലിയ നാഴിക മണികൾ വാങ്ങി. അതിലൊന്ന് അന്നത്തെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലും (തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്തു) മറ്റൊന്ന് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിലും സ്ഥാപിച്ചു. പദ്മതീർത്ഥത്തിന് തെക്ക് ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനില മാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടറിയേറ്റ്. അതിലാണ് സ്വാതി തിരുനാളിന്റെ കാലത്ത് സ്ഥാപിച്ച മേത്തൻമണി. ടിപ്പു സുൽത്താന്റെ ആക്രമണത്തെ തിരുവിതാംകൂർ ചെറുത്തുനിന്നതിനെ പ്രതീകവത്കരിച്ചാണ് മേത്തൻ മണി സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.
മഹാഗണിത്തടിയില്‍ പണികഴിപ്പിച്ച, ഓരോമണിക്കൂറിലും വായതുറക്കുന്ന ഒരു താടിക്കാരന്റെ മുഖരൂപവും ആ മുഖത്തേക്ക് ചാടിയിടിക്കുന്ന രണ്ട് മുട്ടനാടുകളുമാണ് മേത്തന്‍മണിയുടെ പ്രത്യേകത. മണി മുഴങ്ങുമ്പോള്‍ താടിക്കാരന്റെ വായ തുറക്കുന്നു. ഈ വിടവിലൂടെ തലകള്‍ കൂട്ടിയിടിക്കുന്ന അത്ഭുത കാഴ്ചയാണ് മേത്തന്‍മണി സമ്മാനിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പ്രവര്‍ത്തനക്ഷമമല്ല.
വഞ്ചിയൂരില്‍നിന്ന് വന്ന കുളത്തൂക്കാരന്‍ എന്ന് വിളിപ്പേരുള്ള ആശാരിയാണ് ഇത് പണിതത് എന്ന് പറയപ്പെടുന്നു. അതിനാല്‍ അദ്ദേഹം സൂത്രം ആശാരി എന്നറിയപ്പെട്ടിരുന്നു.
ആയില്യം തിരുനാളിന്റെ (1860–1880) ഭരണകാലത്ത് പൊതുകാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനായി നിര്‍മ്മിച്ചതാണ് പ്രധാന സെക്രട്ടറിയേറ്റ് കെട്ടിട സമുച്ചയം. 1869‑ല്‍ ഇത് ഔപചാരികമായി തുറന്നുകൊടുത്തു. 1998ല്‍ പുതിയ മന്ദിരത്തിലേക്ക് നിയമസഭ മാറുന്നതിന് മുമ്പുവരെ കേരള നിയമസഭ ചേര്‍ന്നിരുന്നത് ഇവിടെവച്ചായിരുന്നു. അന്നത്തെ ദിവാന്‍ സര്‍ മാധവറാവു (1858–72) നിര്‍മ്മാണത്തില്‍ മുഖ്യപങ്കുവഹിച്ചു. പുത്തന്‍കച്ചേരിയെന്നും അറിയപ്പെട്ടിരുന്നു. മധ്യഭാഗത്ത് ആകര്‍ഷകമായ ദര്‍ബാര്‍ ഹാളിനുമുകളിലായാണ് ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്യുന്നത്. ഇന്നും പ്രവര്‍ത്തനക്ഷമമായ ക്ലോക്ക് ടവറാണ് സെക്രട്ടേറിയറ്റിലേത്.
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് കൊല്ലം ക്ലോക്ക് ടവർ (കൊല്ലം മണിമേട). കൊല്ലം മുൻസിപ്പാലിറ്റിയിൽ 1932 മുതൽ 1948 വരെ ചെയർമാനായിരുന്ന ‘രാജ്യസേവാനിരത കെ.ജി. പരമേശ്വരൻ പിള്ളയോടുള്ള’ ആദരസൂചകമായാണ് ഈ ചതുരാകൃതിയിലുള്ള ഗോപുരം നിർമ്മിച്ചത്. കൊല്ലം തീവണ്ടിയാപ്പീസിനു സമീപത്തായി ദേശീയപാത 544ന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഇത് കൊല്ലം ജില്ലയുടെ ഒരു അനൗദ്യോഗിക ചിഹ്നം എന്ന നിലയിൽ പ്രാധാന്യം നേടിയിട്ടുണ്ട്. 1941ൽ നിർമ്മാണമാരംഭിച്ച ഗോപുരം, 1944ലോടെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിച്ചു. തിരുവിതാംകൂറിലെ ആദ്യകാല ക്ലോക്ക് ടവറുകളിൽ ഒന്നായ ഇതിന്റെ നിർമ്മാണത്തിന് ചുടുകട്ടകളും വൈറ്റ് സിമന്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. വശങ്ങളിലുപയോഗിച്ച നാല് വലിയ ക്ലോക്കുകള്‍ കൊൽക്കത്തയിൽ നിന്നാണ് കൊണ്ടുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.