23 December 2024, Monday
KSFE Galaxy Chits Banner 2

ചരിത്രപാഠങ്ങള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
March 16, 2022 7:10 am

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം എണ്ണമറ്റ സാധാരണക്കാര്‍ പൂര്‍ണ സ്വരാജിനുവേണ്ടി സ്വന്തം ജീവനും സ്വത്തും ത്യജിച്ച് നടത്തിയ ദീര്‍ഘമായ സമരത്തിന്റെ ഗാഥയാണ്. അസാധാരണമായ ത്യാഗബുദ്ധിയോടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ഇന്ത്യയിലെ ജനകോടികള്‍ നടത്തിയ അഹിംസയിലധിഷ്ഠിതമായ സമരവും അതിന് നേതൃത്വം നല്കിയ നിസ്വാര്‍ത്ഥരായ ദേശീയ നേതാക്കളും ജനമനസുകളില്‍ നിന്നും മാഞ്ഞുപോവാന്‍ നേരമായിട്ടില്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ അവര്‍ നേരിട്ടു ഭരിച്ചിരുന്ന പ്രവിശ്യകളും നാട്ടുരാജാക്കന്മാരിലൂടെ ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങളുമുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ചിരുന്ന ഇന്ത്യന്‍ പ്രവിശ്യകളില്‍ ബ്രിട്ടീഷ് കോടതിയും പൊലീസും നിലവിലുള്ള ബ്രിട്ടീഷ് സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ പാലിക്കുവാന്‍ നിര്‍ബന്ധിതരായിരുന്നു. അതിനു കാരണം ബ്രിട്ടണില്‍ അവരുടെ കോളനികളില്‍ നിന്നും വ്യത്യസ്തമായി ഒരു ജനാധിപത്യ ഭരണകൂടമാണ് നിലവിലുണ്ടായിരുന്നത് എന്നുമായിരുന്നു. സര്‍ക്കാര്‍ പാര്‍ലമെന്റിനോട് വിശദീകരണം നല്കാന്‍ ബാധ്യസ്ഥമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ സ്ഥിതി തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഈ രാജ്യങ്ങളില്‍ നാട്ടുരാജാക്കന്‍മാരുടെയും അവരുടെ ദിവാന്‍മാരുടെയും പാര്‍ശ്വവര്‍ത്തികളുടെയും ദുര്‍ഭരണം യാതൊരു നിയന്ത്രണവുമില്ലാതെ തുടരുകയായിരുന്നു. യാതൊരു ജനാധിപത്യ അവകാശങ്ങളും നാട്ടുരാജ്യങ്ങളില്‍ അനുവദിച്ചിരുന്നില്ല. രാജാക്കന്മാരും ജന്മിമാരും ചേര്‍ന്ന് എല്ലാ എതിര്‍പ്പുകളും നിഷ്കരുണം അടിച്ചമര്‍ത്തി. തിരുവിതാംകൂര്‍ എന്ന ഇന്നത്തെ ഐക്യകേരളത്തിന്റെ ഭാഗമായ നാട്ടുരാജ്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 1881ല്‍ ആദ്യകാല മലയാളദിനപ്പത്രമായ “കേരളമിത്രം” കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിച്ചു. ദേവ്ജി ഭീംജി എന്ന ഗുജറാത്ത് സ്വദേശി ആ പത്രം പ്രസിദ്ധീകരിക്കുന്നതിന് സഹിച്ച പ്രയാസങ്ങള്‍ വിവരിച്ചിട്ടുണ്ട്. പിന്നീട് മലയാള മനോരമയുടെ സ്ഥാപകനായി മാറിയ കണ്ടത്തില്‍ വറുഗീസ് മാപ്പിളയായിരുന്നു “കേരളമിത്രം” പത്രാധിപര്‍. ആ പത്രത്തിന് ഓരോ ദിവസത്തെയും വാര്‍ത്തകള്‍ പൊലീസ് വായിച്ച് അനുമതി നല്കിയതിനുശേഷം മാത്രമേ പ്രസിദ്ധീകരിക്കുവാന്‍ അനുമതി ഉണ്ടായിരുന്നുള്ളു. മലയാളത്തിലെ സ്വതന്ത്രവും ധീരവുമായ പത്രപ്രവര്‍ത്തനത്തിന്റെ എക്കാലത്തേയും മികച്ച ഉദാഹരണമായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തിരുവിതാംകൂര്‍ നാട്ടുരാജാക്കന്മാരുടെ അപ്രീതിക്ക് പാത്രമായി 1910 സെപ്റ്റംബര്‍ 26ന് നാടുകടത്തപ്പെട്ടു. സ്വദേശാഭിമാനി പത്രം നിരോധിച്ചു, പ്രസ് കണ്ടുകെട്ടി. കേരളത്തിലെ ഏത് പത്രമുടമയ്ക്കും ഇന്നും മാതൃകയാവേണ്ട വക്കം അബ്ദുള്‍ ഖാദര്‍ മൗലവി സ്വന്തം പത്രാധിപരോടൊപ്പം ഉറച്ചുനിന്നു. എന്തിനായിരുന്നു സ്വദേശാഭിമാനി പത്രം നിരോധിച്ചത്? രാജാവിന്റെയും ദിവാന്റെയും അവരുടെ സഹചരന്മാരുടെയും അഴിമതിയും ധൂര്‍ത്തും പൊതുജനമധ്യത്തില്‍ തുറന്ന് അവതരിപ്പിച്ചതിനാണ് ജീവിതാവസാനം വരെ രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്. ശ്രീമൂലം തിരുനാള്‍ സ്വന്തം മക്കളുടെ വിവാഹത്തിന് നടത്തിയ ധൂര്‍ത്ത്, സ്വകാര്യ കൊട്ടാരങ്ങളിലെ ആഡംബര ജീവിതം, ദിവാന്‍ രാജഗോപാലാചാരിയുടെ വഴിവിട്ട ജീവിതവും അഴിമതിയും എല്ലാം സ്വദേശാഭിമാനിയുടെ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായി. ഇതിനെല്ലാമുപരി തിരുവിതാംകൂറില്‍ ജനാധിപത്യ ഭരണം സ്ഥാപിക്കുവാനും സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യാനും അദ്ദേഹം ശബ്ദമുയര്‍ത്തി. ഇന്ത്യയൊട്ടുക്കുമുള്ള ഉല്‍പതിഷ്ണുക്കളുടെ പ്രതിഷേധം തരിമ്പും വകവയ്ക്കാതെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പത്രം നിരോധിക്കുകയും അച്ചുകൂടം കണ്ടുകെട്ടുകയും തിരുനല്‍വേലിയിലേക്ക് അദ്ദേഹത്തെ നാടുകടത്തുകയും ചെയ്തു. ഇത്തരത്തില്‍ നിരന്തരമായ ആക്രമണങ്ങളും പീഡനങ്ങളുമാണ് തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ പുരോഗമനവാദികള്‍ക്ക് അനുഭവിക്കേണ്ടി വന്നത്.


ഇതുകൂടി വായിക്കാം; ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിത്തറ തകർക്കപ്പെടുമ്പോൾ


സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുംപെട്ട ഒരു ലക്ഷത്തി ഇരുപത്തിയെട്ടുപേര്‍ ഒപ്പിട്ട, പില്‍ക്കാലത്ത് “മലയാളി മെമ്മോറിയല്‍” എന്നറിയപ്പെട്ട നിവേദനം 1891 ജനുവരി ഒന്നിന് ശ്രീമൂലം തിരുനാളിന് നല്കിക്കൊണ്ടാണ് തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നാന്ദി കുറിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വ്യത്യസ്ത സ്വഭാവങ്ങളുള്ളതായി കാണാം. ഒന്ന്, ഭരണഘടനാ പരിഷ്കാരങ്ങള്‍ക്കായുള്ള പ്രക്ഷോഭം. രണ്ട്, ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പ്രക്ഷോഭം. മൂന്ന്, ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭം. മലയാളി മെമ്മോറിയല്‍, ഈഴവമെമ്മോറിയല്‍ തുടങ്ങിയുള്ള വിവിധ നിവേദനങ്ങളും പ്രജാസഭയിലെ പ്രമേയങ്ങളുമെല്ലാം ആദ്യതരത്തില്‍പ്പെടുന്നു. തിരുവിതാംകൂറിലെ കയര്‍ തൊഴിലാളികള്‍ ആലപ്പുഴയില്‍ 1922 മാര്‍ച്ച് 31ന് രൂപീകരിച്ച ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷന്‍ ആലപ്പുഴ, ചേര്‍ത്തല മേഖലകളിലെ കയര്‍ തൊഴിലാളികളുടെ പരിതാപകരമായ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിരന്തരമായ പ്രക്ഷോഭങ്ങള്‍ നടത്തുകയും തൊഴിലാളികളെ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. തിരുവിതാംകൂര്‍ ഒരു അമേരിക്കന്‍ മോഡല്‍ ഭരണസംവിധാനത്തിലേക്ക് മാറ്റാനുള്ള സര്‍ സിപിയുടെ ശ്രമം ഇല്ലാതാക്കുന്നതിലും ഐക്യകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനും പുന്നപ്ര‑വയലാര്‍ പ്രക്ഷോഭങ്ങളുടെ പങ്ക് വിസ്മരിച്ചുകൊണ്ട് കേരള ചരിത്രം വായിക്കാനാവില്ല. പുന്നപ്രയിലും വയലാറിലും പൊരുതി മരിച്ച ആയിരക്കണക്കിന് രക്തസാക്ഷികളുടെ ആത്മബലിയാണ് ഐക്യകേരളത്തിന്റെ പിറവിക്ക് നാന്ദി കുറിച്ചത്. ഐതിഹാസിക കര്‍ഷക പ്രക്ഷോഭമായ ശൂരനാട് കലാപത്തെ മാറ്റിനിര്‍ത്തിയും തിരുവിതാംകൂറിന്റെ ചരിത്രം രചിക്കാനാവില്ല. ഈ പ്രക്ഷോഭങ്ങളടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങളാണ് തിരുവിതാംകൂറിലെ സാധാരണക്കാരുടെ വിപ്ലവാവേശം ആളിക്കത്തിച്ചത്, ഐക്യ കേരളത്തിന് തിരിതെളിച്ചത്. ഇതോടൊപ്പം ചേര്‍ത്തുവയ്ക്കേണ്ടതാണ്, തിരുവിതാംകൂറിലെ മധ്യവര്‍ഗം ഉത്തരവാദിത്തഭരണത്തിനായി നടത്തിയ പ്രക്ഷോഭങ്ങള്‍. ഇത് 1938 ഫെബ്രുവരി 23ന് “ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്” എന്ന പാര്‍ട്ടിയുടെ രൂപീകരണത്തില്‍ കലാശിച്ചു. ആ പാര്‍ട്ടി തിരുവിതാംകൂറിലെ മധ്യവര്‍ഗത്തിന്റെ ജിഹ്വയായി മാറി. തിരുവിതാംകൂറിന്റെ, മലബാറിന്റെ, ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം അറിയപ്പെടുന്നവരും അതിലെത്രയോ ഇരട്ടി അറിയപ്പെടാത്തവരുമായ ത്യാഗധനന്‍മാരുടെ ജീവചരിത്രമാണ്. കേരളത്തിലെ സിപിഐയുടെ ചരിത്രം കയ്യൂരും കരിവെള്ളൂരും പുന്നപ്രയും വയലാറും ശൂരനാടുമൊക്കെ മാടമ്പിമാര്‍ക്കും വിദേശഭരണത്തിനും രാജഭരണത്തിനുമൊക്കെ എതിരേ, സാമൂഹ്യതിന്മകള്‍ക്കെതിരേ തൊഴിലാളികളും കര്‍ഷകരും നടത്തിയ ചെറുത്തുനില്പിന്റെ നിണമൊഴുകുന്ന ചരിത്രമാണ്. ഈ ചരിത്രം അനുനിമിഷം സ്മരിച്ചുകൊണ്ടും അമരന്മാരായ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ജീവത്യാഗത്തിനു മുമ്പില്‍ പ്രണമിച്ചുകൊണ്ടും മാത്രമേ നമുക്ക് ഇന്നിന്റെ വെല്ലുവിളികളെ നേരിടാനാവു. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ ഈ നാട്ടിലെ പാവപ്പെട്ടവന്റെ ചോരയൂറ്റിക്കുടിച്ച ഫ്യൂഡല്‍ ശക്തികള്‍ പുതിയ വേഷങ്ങളില്‍ ഒരു തിരിച്ചുവരവിന് വര്‍ഗീയമായും സാമൂഹ്യമായുമൊക്കെയുള്ള ചേരിതിരിവുകള്‍ ബോധപൂര്‍വം സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുവാനും ചരിത്രവസ്തുതകള്‍ തമസ്കരിച്ച് അരാഷ്ട്രീയ ജീവികളാക്കുവാനും വലിയ ശ്രമങ്ങള്‍ നടത്തുന്ന ഈ കാലഘട്ടത്തില്‍ അവരെ ചെറുത്തു തോല്പിക്കുവാന്‍ ചരിത്രത്തിന്റെ പാഠങ്ങള്‍ നാം പൂര്‍ണമായി ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അനശ്വരരായ രക്തസാക്ഷികളുടെയും ത്യാഗധനന്മാരായ സഖാക്കളുടെയും ജീവിതം നമുക്ക് വഴിവിളക്കുകളാവണം. അവയില്‍ നിന്ന് നാം ഊര്‍ജവും ആവേശവും ഉള്‍ക്കൊള്ളണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.