23 December 2024, Monday
KSFE Galaxy Chits Banner 2

വിജയിക്കാനാവാത്ത യുദ്ധം: പ്രതീക്ഷ നല്കുന്ന തിരിച്ചറിവ്

Janayugom Webdesk
January 5, 2022 5:00 am

‘ആണവ യുദ്ധത്തിന് ഒരിക്കലും വിജയിക്കാനാവില്ലെന്നും അത് ഒരിക്കലും ഉണ്ടായിക്കൂടെന്നും’ ലോകത്തെ പ്രമുഖ ആണവശക്തികളും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുമായ അഞ്ചു രാഷ്ട്രങ്ങള്‍ ഒരു സംയുക്ത പ്രസ്താവനയില്‍ പ്രതിജ്ഞ ചെയ്തു. യുഎസ്, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ലോകമാധ്യമങ്ങള്‍ അസാധാരണമെന്ന് വിശേഷിപ്പിച്ച സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. യുക്രെയ്ന്‍, തായ്‌വാന്‍ വിഷയങ്ങളില്‍ റഷ്യയും ചൈനയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെയാണ് തിങ്കളാഴ്ച പ്രസ്താവന പുറത്തുവന്നിരിക്കുന്നതെന്നത് ഒരേസമയം ശ്രദ്ധേയവും ആശ്വാസകരവുമാണ്. യുക്രെയ്ന്‍ റഷ്യ അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന സൈനിക കേന്ദ്രീകരണത്തിന്റെയും റഷ്യ യുക്രെയ്ന്‍ അതിര്‍ത്തി ലംഘിച്ചാല്‍ യുഎസ്-നാറ്റോ ഇടപെടല്‍ ഉണ്ടാവുമെന്ന ബൈഡന്റെ ഭീഷണിയുടെയും തായ്‌വാനെതിരെ ആവശ്യമെങ്കില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന ചൈനയുടെ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിലാണ് സംയുക്ത പ്രസ്താവന. പുതിയ സൈനിക നടപടികള്‍ യാതൊരു കാരണവശാലും ആണവ ദുരന്തത്തിലേക്ക് നയിക്കില്ലെന്ന ആണവ ശക്തികളുടെ പ്രതിബദ്ധതയാണ് പ്രസ്താവന നല്കുന്നതെന്ന സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. അംഗീകൃത ആണവശക്തികള്‍ക്ക് ഇടയില്‍ നിലനില്ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് നടുവിലും മാസങ്ങളോളം നീണ്ടുനിന്ന ചര്‍ച്ചകളുടെയും വിലപേശലുകളുടെയും ഫലമാണ് പ്രസ്താവന പ്രതിനിധാനം ചെയ്യുന്ന അഭിപ്രായ സമന്വയം. ആണവ നിര്‍വ്യാപന കരാര്‍ (എന്‍പിടി) സംബന്ധിച്ച പഞ്ചവത്സര അവലോകന സമ്മേളനത്തിന് മുന്നോടിയായാണ് പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. ഒമിക്രോണ്‍ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിര്‍ദ്ദിഷ്ട സമ്മേളനം അനിശ്ചിതത്വ­ത്തി­ല്‍ ആണെങ്കിലും വന്‍ശക്തികള്‍ക്കിടയി­ല്‍ ആ­ണവയുദ്ധം സംബന്ധിച്ച് ഉരുത്തിരിഞ്ഞ സമവായം ലോകം ഏറെ ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. ആണവ നിര്‍വ്യാപന കരാര്‍ അഞ്ച് വന്‍ശക്തികള്‍ തമ്മിലുള്ള ആ­ണവായുധങ്ങള്‍ സംബന്ധിച്ച വിലപേശലിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.


ഇതുകൂടി വായിക്കാം; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതിരോധസേനയെ വലിച്ചിഴയ്ക്കരുത്


പുതിയ ആ­ണവായുധങ്ങള്‍ കൈവശപ്പെടുത്തുന്നതിന് എ­തിരെയും നിരായുധീകരണത്തെയും സംബന്ധിച്ച് അഞ്ചു വന്‍ശക്തികള്‍ തമ്മിലും അവ അംഗീകരിക്കുന്ന ഇതര രാഷ്ട്രങ്ങള്‍ തമ്മിലുമുള്ള കരാറാണ് എന്‍‍പിടി. എന്‍‍പിടിക്ക് പുറത്ത് ഇന്ത്യ, ഇസ്രയേല്‍, പാകിസ്ഥാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ കൈവശം അണുവായുധ ശേഖരമുണ്ട്. ഇറാനും യുഎസ് അടക്കം പാശ്ചാത്യ ശക്തികളുമായുണ്ടാക്കിയ ആണവ കരാര്‍ 2015ല്‍ തകര്‍ന്നതോടെ ആണവായുധ വ്യാപനം സംബന്ധിച്ച പ്രത്യേകിച്ചും പശ്ചിമേഷ്യയില്‍, ആശങ്ക നിലനില്ക്കുന്നുണ്ട്. നിലവിലുള്ള സമവായം താരതമ്യേന ദുര്‍ബലമാണെന്ന സൂചനകളും ഇതിനകം പുറത്തുവരുന്നുണ്ട്. ‘ആണവായുധങ്ങള്‍ പ്രതിരോധത്തിലും കടന്നാക്രമണങ്ങള്‍ തടയുന്നതിനും യുദ്ധങ്ങള്‍ ഒഴിവാക്കുന്നതിലും അവ നില്ക്കുന്നിടത്തോളം കാലം’ നിര്‍ണായകമാണെന്ന പ്രസ്താവനയിലെ പരാമര്‍ശം ആണവ നിരായുധീകരണ ലക്ഷ്യങ്ങള്‍ക്ക് അനുരോധമല്ലെന്ന അഭിപ്രായം അവഗണിക്കാവുന്നതല്ല. ഫ്രാന്‍സും ഒരു പരിധിവരെ യുകെയും ആ നിലപാട് അവലംബിക്കുന്നതായും സൂചനയുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ നിലനില്ക്കുന്ന സംഘര്‍ഷാന്തരീക്ഷത്തില്‍ സംബന്ധിച്ച അഞ്ച് വന്‍ശക്തികളുടെ സമവായം ആണവ യുദ്ധഭീഷണി, നിരായുധീകരണം എന്നീ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗമനാത്മക ചുവടുവയ്പാണെന്ന കാര്യത്തില്‍ സംശയമില്ല. ഒമ്പത് ലോക രാഷ്ട്രങ്ങളുടെ ആണവായുധ ശേഖരവും ആണവായുധ സബ്മറൈനുകളുടെ ക്രമാനുഗതമായ വര്‍ധനവും യുദ്ധസന്നാഹങ്ങളും മനുഷ്യരാശിയുടെ നിലനില്പിന് അനല്പ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നിയമങ്ങളുടെയും കരാറുകളുടെയും ആഗോള സൈനിക‑നയതന്ത്ര സംവിധാനങ്ങളുടെയും പുറത്തുള്ള ശക്തികള്‍ ആണവായുധങ്ങള്‍ കൈവശപ്പെടുത്തുന്നതും വികസിപ്പിക്കുന്നതും അവഗണിക്കാനാവാത്ത ഭീഷണിയാണ്. എന്നിരിക്കിലും ആണവശക്തികള്‍ കൈവരിച്ച സമവായം ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയ്ക്ക് വകനല്കുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.