18 May 2024, Saturday

Related news

May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024

തെരഞ്ഞെടുപ്പിന് മുമ്പേ കുതിരക്കച്ചവടം



 ചെറുപാര്‍ട്ടികളെ വിലയ്ക്കെടുക്കാന്‍ ബിജെപി 

 ചിരാഗ് പസ്വാന്‍ എന്‍ഡിഎ വിട്ടു
Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2024 10:08 pm

ലോക്‌സഭയില്‍ എന്‍ഡിഎ സഖ്യം 400 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശവാദം മുഴക്കുമ്പോഴും തോല്‍വി ഭയന്ന് ചെറുപാര്‍ട്ടികളെ വലയിലാക്കാന്‍ ബിജെപി ശ്രമം. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പാര്‍ട്ടികളെയും നേതാക്കളെയും പണംകൊടുത്തും പ്രലോഭിപ്പിച്ചും കുതിരക്കച്ചവടത്തിനാണ് മോഡിയും കൂട്ടരും കോപ്പുകൂട്ടുന്നത്.
രാഷ്ട്രീയ ലോക്ദള്‍, തെലുങ്ക് ദേശം പാര്‍ട്ടി, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എന്നിവയെ പണവും മന്ത്രിപദവും വാഗ്ദാനം ചെയ്ത് എന്‍ഡിഎ ക്യാമ്പിലെത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. എന്നാല്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി എന്‍ഡിഎ സഖ്യം വിച്ഛേദിക്കാന്‍ തീരുമാനിച്ചു. 

ഏഴ് ലോക് സഭ സീറ്റ് വാഗ്ദാനം നല്‍കി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയില്‍ നിന്നും രാഷ്ട്രീയ ലോക്ദളിനെ അടര്‍ത്തിയെടുക്കാന്‍ നീക്കം ശക്തമാക്കി. ഉത്തര്‍പ്രദേശില്‍ മാത്രം നാല് സീറ്റുകളാണ് വാഗ്ദാനം. ബാക്കി സീറ്റുകള്‍ ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. യുപിയില്‍ സമാജ് വാദിപാര്‍ട്ടിയുമായി ആദ്യം സീറ്റ് ധാരണയിലെത്തിയ പാര്‍ട്ടിയാണ് ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള ആര്‍എല്‍ഡി. മുസഫര്‍നഗര്‍, കൈരാന, ബിജ്നോര്‍ എന്നീ മണ്ഡലങ്ങളാണ് ആര്‍എല്‍ഡിക്ക് എസ് പി വാഗ്ദാനം ചെയ്തിരുന്നത്. ഇതിലുള്ള അതൃപ്തി മുതലെടുക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. ഇന്ത്യ മുന്നണി വിടുന്നതായി ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി സ്ഥിരീകരിച്ചിട്ടില്ല. 

ആന്ധ്രയില്‍ തെലുങ്ക് ദേശം പാര്‍ട്ടി ഇടവേളയ്ക്കുശേഷം എന്‍ഡിഎ സഖ്യത്തിലേക്ക് തിരിച്ചെത്തുന്നതായാണ് സൂചന. സഖ്യം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പ്രാഥമിക ചര്‍ച്ച നടത്തി. നടന്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി നിലവില്‍ എന്‍ഡിഎ സഖ്യത്തിലാണ്. ടിഡിപിയുടെ കരണം മറിച്ചിലിന് പവനും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. തമിഴ് നാട്ടില്‍ നേരത്തെ എന്‍ഡിഎ സഖ്യം വിച്ഛേദിച്ച എഐഎഡിഎംകെ വീണ്ടും മുന്നണിയില്‍ ചേരില്ലെന്ന് വ്യക്തമാക്കി.

രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി രാജ് താക്കറെ ഇതിനകം ചര്‍ച്ച നടത്തിക്കഴിഞ്ഞു.
അതേസമയം രാം വിലാസ് പസ്വാന്‍ സ്ഥാപിച്ച ലോക്ജനശക്തി പാര്‍ട്ടി ബിജെപി മുന്നണി വിടാന്‍ തീരുമാനിച്ചു. നീതിഷ് കുമാര്‍ ഇന്ത്യ സഖ്യം വിട്ട് ബിജെപി ക്യാമ്പിലെത്തിയത് കണക്കിലെടുത്താണ് എല്‍ജെപിയുടെ പടിയിറക്കം. ബിഹാറിലെ 11 ലോക്‌സഭാ സീറ്റുകളില്‍ ചുമതലക്കാരെ നിയമിച്ച ചിരാഗിന്റെ നീക്കം ബിജെപിക്കുള്ള മുന്നറിയിപ്പായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എൻഡിഎയുടെ ഭാഗമായി എല്‍ജെപി മത്സരിച്ച ആറ് സീറ്റുകളിലും വിജയിച്ചിരുന്നു. എല്‍ജെപിയുടെ പിളർപ്പിനുശേഷം എംപിമാരില്‍ അഞ്ചുപേരും പശുപതി പരസിന്റെ പക്ഷത്തായതോടെ ചിരാഗ് പാർട്ടിയിലെ ഏക എംപിയായി. പിളർപ്പിലെ അംഗബലം കണക്കാക്കാതെ ഇരു വിഭാഗത്തിനും മൂന്നു സീറ്റുകള്‍ വീതമാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഇതില്‍ പശുപതി പരസിന്റെ സിറ്റിങ് സീറ്റായ ഹാജിപുരില്‍ ചിരാഗ് പസ്വാൻ പ്രചാരണം തുടങ്ങിയതു മുന്നണിയില്‍ പ്രശ്നമായിരുന്നു.
എല്‍ജെപിയുടെ തീരുമാനം ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും നീതിഷ്‌കുമാറിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry: Horse trad­ing before elections

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.