പാചക വാതക-ഇന്ധന വിലകളുടെ അനിയന്ത്രിതമായ കുതിപ്പും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഭക്ഷണ ശാലകളില്‍ പ്രതിഫലിച്ചു തുടങ്ങി. ചെറുകിട‑ഇടത്തരം ഭക്ഷണശാലകളില്‍ എല്ലാ വിഭവങ്ങൾക്കും ഈ മാസം ഒന്നു മുതൽ 10 തൊട്ട് 20 വരെ ശതമാനം വിലക്കൂടുതലാണ് അനുഭവപ്പെടുന്നത്.
പാചകവാതകം, ഇന്ധനം എന്നിവയുടെ വില താങ്ങാനാവാത്തവിധം ഉയരുന്നതും പലചരക്ക്- പച്ചക്കറി — ഭക്ഷ്യ എണ്ണകൾ തുടങ്ങിയവയുടെ വില വർധിക്കുന്നതുമാണ് ചെറുകിട‑ഇടത്തരം ഹോട്ടലുകളിൽ വില കൂട്ടുന്നതിനു കാരണമായി കടയുടമകൾ പറയുന്നത്. പാചക വാതകത്തിന്റെ വില മാത്രം രണ്ടു വർഷത്തിനിടെ ഇരട്ടിയായി. 2020‑ൽ 1040 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 2280 രൂപയായി. ഒരു മാസത്തിനുള്ളിൽ കൂടിയത് 250 രൂപ.
ചെറിയ ഹോട്ടലുകളിൽ വരെ ദിവസം മൂന്നു സിലിണ്ടറെങ്കിലും വേണം. വില ഇനിയും ഉയർന്നാൽ ഭക്ഷണസാധനങ്ങളുടെ വില കൂട്ടുകയോ കച്ചവടം അവസാനിപ്പിക്കുകയോ ചെയ്യേണ്ടതായി വരുമെന്നും പല കടകളും ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞുവെന്നും അവരുടെ സംഘടന പറയുന്നു.
എന്നാൽ, യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും തക്കവും തരവും പോലെയാണ് പലയിടത്തെയും കച്ചവടമെന്ന് ഉപഭോക്താക്കൾ കുറ്റപ്പെടുത്തുന്നു. ചായയ്ക്കും ലഘു ഭക്ഷണങ്ങൾക്കും പോലും രണ്ടും മൂന്നും രൂപ കൂട്ടിയിട്ടുണ്ട്. കോവിഡിന്റെ ക്ഷീണം തീർക്കാൻ നേരത്തേ തന്നെ പടിപടിയായി വില വർദ്ധിപ്പിച്ചു വന്നവരും അവസരം മുതലാക്കാൻ അത്യാർത്തി കാണിക്കുന്നവരും കൂട്ടത്തിലുണ്ട്.
വൻകിട റസ്റ്റോറൻറുകൾക്കും ഹോട്ടലുകൾക്കും പാചക വാതകത്തിന്റെയോ അസംസ്കൃത സാധനങ്ങളുടെയോ വില ഉയരുന്നതിൽ ഉത്കണ്ഠയൊന്നുമില്ല. അവിടങ്ങളിലെ ഇടപാടുകാർ വില നോക്കാതെ പണം നൽകുന്നവരാണ്. സാധാരണക്കാരെ നേരിട്ടു ബാധിക്കുന്നത് ചെറുകിട‑ഇടത്തരം ഹോട്ടലുകളിലെ വിലകളിലുണ്ടാകുന്ന വർദ്ധനയാണ്. അത്തരം ഭക്ഷണശാലകളിൽ ഇപ്പോൾ മൂന്നക്ക സംഖ്യ തീർത്തും വേണം.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി മുഴുവൻ നിയോജക മണ്ഡലത്തിലും സുഭിക്ഷ ഹോട്ടലുകൾ തുറക്കാൻ ഭക്ഷ്യ വകുപ്പ് സ്വീകരിച്ച നടപടികൾ സാധാരണക്കാർക്ക് വലിയ ഒരനുഗ്രഹമാണ്. വിലക്കയറ്റത്തിനെതിരെ കേന്ദ്രം ഒരു നടപടിയും കൈക്കൊള്ളാതിരിക്കുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെ ഈ നീക്കം. ജില്ലാ ഭരണകൂടം ഇടപെട്ട് ഹോട്ടലുകളിലെ വില ഏകീകരിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
English summary;hotel food price in hike
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.